മലയാള സിനിമയിലെ ചിരിയുടെ സുൽത്താനായിരുന്ന സംവിധായകൻ സിദ്ദിഖ് അവതരിപ്പിക്കുന്ന ചിത്രമായ 'പൊറാട്ട് നാടകം' പ്രേക്ഷകരിലേക്കെത്തുകയാണ്. ഈ മാസം 18ന് റിലീസ് ചെയ്യുന്ന ചിത്രത്തെക്കുറിച്ച് സംസാരിക്കുകയാണ് സംവിധായകന്‍ നൗഷാദ് സാഫ്രോണ്‍. സിനിമ നേരിട്ട പ്രതിസന്ധികളെക്കുറിച്ചും നിയമപരമായ വെല്ലുവിളികളെക്കുറിച്ചും തുറന്നുപറഞ്ഞ നൗഷാദ് സിനിമ റിലീസ് ചെയ്യുമ്പോള്‍ താന്‍ അനുഭവിക്കുന്ന വേദനയും പങ്കുവെച്ചു. സിനിമ കണ്ട ശേഷം പ്രേക്ഷകര്‍ സിനിമയെ സ്വീകരിക്കുമെന്നാണ് സംവിധായകൻ സിദ്ധിഖ് പറഞ്ഞതെന്നും നൗഷാദ് കൂട്ടിച്ചേര്‍ത്തു. താന്‍ ആഗ്രഹിക്കുന്നതും വിശ്വസിക്കുന്നതും പ്രത്യാശിക്കുന്നതും ഈ സിനിമ ഇറങ്ങുമ്പോഴുള്ള പ്രതികരണം കേട്ട് അദ്ദേഹം സ്വര്‍ഗത്തിലിരുന്ന് സന്തോഷിക്കുമെന്നാണ്. ഒരു പുരുഷായുസ്സ് കൊണ്ട് ഉണ്ടാക്കിയെടുത്ത സിദ്ദിഖ് എന്ന പേരിന് താന്‍ കാരണം കളങ്കമുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.

നൗഷാദ് സാഫ്രോണ്‍ എന്ന സംവിധായകന്‍റെ ജനനം കുടിയാണ് പൊാറാട്ട് നാടകമെന്ന ചിത്രം. ചലച്ചിത്രമേഖലയില്‍ നിന്ന കാല്‍നൂറ്റാണ്ടുകാലത്തെ അനുവങ്ങളുടെ ആകെതുക കൂടിയാണിത്. ആദ്യമായി സംവിധാനം ചെയ്ത  ചിത്രം പുറത്തിറങ്ങുമ്പോള്‍ എന്തു തോന്നുന്നു? 

ആദ്യം ചിത്രം ജനങ്ങള്‍ക്ക് മുന്നിലേക്ക് എത്തുമ്പോള്‍ സന്തോഷം തന്നെയാണ്. അത്രത്തോളം തീവ്രമായൊരു ദു:ഖവും മനസിലുണ്ട്.   ഈ സിനിമ പ്രേക്ഷകരിലേക്ക് എത്തുമ്പോള്‍   സിദ്ദിഖ് സാര്‍  ഞങ്ങള്‍ക്കൊപ്പമില്ല. ഈ ചിത്രം ഇങ്ങനെയായതില്‍  സിദ്ദിഖ് സാറിന്‍റെ പൂര്‍ണ പിന്തുണയും നിര്‍ദേശങ്ങളും ഉണ്ടായിരുന്നു. എന്നിലെ സംവിധായകനെ വിലയിരുത്താനും  ഈ ചിത്രം വിജയമായാല്‍ അതുകാണാനും സാറില്ല എന്നത്   വേദനാജനകമാണ്. തുറന്നു പറഞ്ഞാല്‍,  സിനിമ റീലിസ് ചെയ്യുന്നതിന്‍റെ സന്തോഷത്തെക്കാള്‍ സാറില്ലാത്തതിന്‍റെ വേദനയാണ് മനസുനിറയെ.

നൗഷാദ്  സ്വതന്ത്രസംവിധായകനായി  എന്നതിനൊപ്പം തന്നെ പ്രധാനമാണ്  സംവിധായകന്‍ സിദ്ദിഖിന്‍റെ ശിഷ്യന്‍ ഒരു സിനിമ ചെയ്യുന്നു എന്നതും. അദ്ദേഹത്തിന്‍റെ നേരിട്ടുള്ള ഇടപെടലും ഈ ചിത്രത്തിലുണ്ടായിട്ടുണ്ട്. പ്രേക്ഷകര്‍ അത്രത്തോളം പ്രതീക്ഷിക്കുന്നുമുണ്ടാകും.  ആ പ്രതീക്ഷ കാത്തുസൂക്ഷിക്കുന്ന സിനിമയാകുമോ  പൊറാട്ട് നാടകം?

ഈ സിനിമ ചെയ്യുമ്പോള്‍ എന്‍റെ മനസിലുണ്ടായിരുന്ന ഏറ്റവും വലിയ ആശങ്ക അതായിരുന്നു. ഒരു പുരുഷായുസ്സ് കൊണ്ട് ഉണ്ടാക്കിയെടുത്ത പേരാണ് സിദ്ദിഖ്. ആ പേര് എന്‍റെ സിനിമയില്‍ ഉപയോഗിക്കുമ്പോള്‍  കളങ്കം വരരുതെന്ന നിര്‍ബന്ധം എനിക്കുണ്ടായിരുന്നു. ആ സൂക്ഷ്മത അന്നുമുതല്‍ ഈ നിമിഷം വരെ ഉറപ്പാക്കിയിട്ടുണ്ട്. സിനിമ ചെയ്തു കഴിഞ്ഞപ്പോള്‍ സാര്‍ പറഞ്ഞത് നന്നായിട്ടുണ്ട് ധൈര്യമായി ഇരുന്നോളൂ, ഇത് പ്രേക്ഷകര്‍ സ്വീകരിക്കും എന്നാണ് . ഒരു സംവിധായകന്‍ എന്ന നിലയില്‍ സിദ്ദിഖ് സാര്‍ എങ്ങിനെയായിരുന്നോ  അതിന്‍റെ ചുവടുപിടിച്ചാണ്  ഞാനും പ്രവര്‍ത്തിച്ചത് . ഒപ്പമുള്ളവര്‍ക്കും അങ്ങിനെയൊരു വിലയിരുത്തലുണ്ട്.  അതുകൊണ്ടു തന്നെ ഞാന്‍ സത്യസന്ധത പുലര്‍ത്തി എന്നാണ് പ്രതീക്ഷ.

സിനിമയുടെ ചിത്രീകരണ സമയത്ത്  അദ്ദേഹത്തിന്‍റെ ഒരിടപെടല്‍ എങ്ങിനെയായിരുന്നു ?

ചിത്രീകരത്തിനിടെ നാലുവട്ടമാണ്  സാര്‍ സെറ്റിലെത്തിയത് . പുജനടക്കുമ്പോള്‍ മുഴുവന്‍ സമയവും ഒപ്പമുണ്ടായിരുന്നു. തുടര്‍ന്ന് ദുബായ്ക്ക് പോയി. പക്ഷേ എന്നും രാവിലെയും വൈകിട്ടും വിളിക്കും. രാവിലെ വിളിച്ച് ചോദിക്കും ഇന്ന് ഏതൊക്കെ സീനാണ് എടുക്കുന്നതെന്ന്.  വൈകുന്നേരം എങ്ങനെയുണ്ടായിരുന്നു എന്നും അന്വേഷിക്കും. ചില രംഗങ്ങള്‍ സാറിന് അയച്ചുകൊടുക്കും. സാര്‍ അത് കണ്ട് അഭിപ്രായം പറയും. എന്തെങ്കിലും മാറ്റം വരുത്തണമെങ്കില്‍ അതും പറയും.

സിദ്ദിഖ് വിടവാങ്ങിയത്  ഒരു ശിഷ്യന്‍ എന്ന രീതിയില്‍ നൗഷാദിനെ എങ്ങനെയാണ് ബാധിച്ചത്?

25 വര്‍ഷത്തെ ആത്മബന്ധമാണ് എനിക്ക് സിദ്ദിഖ് സാറുമായുള്ളത്. സാറിന് ഒരുപാട് ശിഷ്യന്‍മാരുണ്ട്. എന്നിട്ടും എന്തുകൊണ്ടോ ഈ സിനിമ ചെയ്യാന്‍ സാര്‍ എന്നെയാണ്  തിരഞ്ഞെടുത്ത്. അത് എനിക്ക് കിട്ടിയ അനുഗ്രഹമാണ്. മറ്റാര്‍ക്കും കിട്ടാത്തൊരു ഭാഗ്യം എനിക്ക് കിട്ടി എന്നത് എടുത്തു പറയേണ്ടതാണ്. സിനിമയുടെ എല്ലാ ഘട്ടത്തിലും എനിക്കൊപ്പമുണ്ടായിരുന്ന സാര്‍ സിനിമ കണ്ട് അഭിപ്രായം പറയേണ്ട സമയത്ത് ഞങ്ങളെ വിട്ട് പോയത് എനിക്ക് താങ്ങാവുന്നതിലും അപ്പുറമാണ്. ഈ സിനിമ പുറത്തിറങ്ങുമ്പോഴുണ്ടാകുന്ന പ്രേക്ഷക പ്രതികരണം കേട്ട് സാര്‍ സ്വര്‍ഗത്തിലിരുന്ന് സന്തോഷിക്കുമെന്നാണ് ഞാന്‍ കരുതുന്നത്

സംവിധായകന്‍റെ പേരില്‍ പലര്‍ക്കും പല സംശയങ്ങളുമുണ്ട്, അഭിനേതാക്കള്‍ക്കും തിരക്കഥാകൃത്തിനും വരെ  ഈ പേരിന്‍റെ അര്‍ഥം അറിയില്ല, എന്താണ് പേരിനൊപ്പമുള്ള സാഫ്രോണ്‍?

സാഫ്രോണ്‍ എന്നത് എന്‍റെ വീടിന്‍റെ പേരാണ്. ഇന്ത്യന്‍ പതാകയിലെ ഒരു കളറാണ് സാഫ്രോണ്‍.  പതാകയിലെ വെള്ള നിറം സമാധാനത്തിന്‍റെയും പച്ച അഭിവൃദ്ധിയുടെയും പ്രതീകമാണ്.  സാഫ്രോണ്‍ എന്നാല്‍ ത്യാഗമാണ്. ഇത് മൂന്ന് ഘടകങ്ങള്‍ ചേര്‍ന്നപ്പോഴാണ് ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചത്.  ഇതു മൂന്നും ചേര്‍ന്നവരാകണം കുടുംബാംഗങ്ങളെന്ന്  എന്‍റെ പിതാവ് ആഗ്രഹിച്ചിരുന്നു . അങ്ങനെയാണ് വീടിന് സാഫ്രോണ്‍ എന്ന് പേര് നല്‍കിയത്. യഥാര്‍ഥത്തില്‍ എന്‍റെ പേരിനൊപ്പം സാഫ്രോണ്‍ എന്ന് ഉണ്ടായിരുന്നില്ല. ആളുകള്‍ വിളിച്ച് വിളിച്ച് അങ്ങനെ ആയതാണ്.

കക്ഷി രാഷ്ട്രീയത്തിലെ  കള്ളത്തരങ്ങളെയും ,  ഉള്‍പാര്‍ട്ടി പ്രശ്നങ്ങളെയും തുറന്നുകാട്ടുന്നതാണ് സിനിമ. പൊറാട്ട് നാടകത്തിന്‍റെ വിജയത്തെ അത് അങ്ങിനെ സ്വാധീനിക്കുമെന്നാണ് കരുതുന്നത്?

പൊറാട്ട് നാടകം വളരെ ആത്മാര്‍ഥമായും നിഷ്പക്ഷമായും ചെയ്ത സിനിമയാണ്. ഒന്നു പറയുകയും മറ്റൊന്ന് പ്രവര്‍ത്തിക്കുകയും ചെയ്യുന്നതാണ് പൊറാട്ട് നാടകം . സാധാരണക്കാര്‍ അഭിമുഖീകരിക്കുന്ന പ്രയാസങ്ങളാണ് ഈ ചിത്രത്തിന്‍റെ ഇതിവൃത്തം. ഇതാരെയും ആക്ഷേപിക്കുന്ന സിനിമയല്ല. പക്ഷേ ഇതൊരു ഓര്‍മപ്പെടുത്തലാണ്. പൊറാട്ട് നാടകം കളിക്കുന്നവര്‍   ഇതിലൂടെ ഒന്നു മാറി ചിന്തിച്ചാല്‍ അതൊരു നല്ലകാര്യമാണ്.  ഇതിനുമുന്‍പും സമാനമായ വിഷയം കൈകാര്യം ചെയ്യുന്ന ചിത്രങ്ങള്‍ വന്നിട്ടുണ്ട്. പഞ്ചവടിപ്പാലവും  സന്ദേശവും പോലുള്ള ആക്ഷേപഹാസ്യ ചിത്രങ്ങള്‍ അതിന് ഉദാഹരണമാണ്. പക്ഷേ അതിനെ കൂട്ടുപിടിക്കുന്ന സിനിമയല്ല  പൊറാട്ട് നാടകം.

ഇത്തരത്തില്‍ രാഷ്ട്രീയം പ്രമേയമാകുമ്പോള്‍  പ്രേക്ഷക പ്രതികരണം എങ്ങിനെയാകുമെന്നതില്‍ ആശങ്കയുണ്ടോ?

ഒരിക്കലുമില്ല. നമ്മള്‍ എന്ത് കര്‍മ്മം ചെയ്യുമ്പോഴും നമ്മുടെ ഉദ്ദേശ്യശുദ്ധിയാണ് വിജയവും പരാജയവും നിര്‍ണയിക്കുന്നത്. ആക്ഷേപഹാസ്യം എന്നതിലുമപ്പുറം ഇതൊരു കുടുംബചിത്രം കൂടിയാണ് . ചിന്തയ്ക്ക് ചിരി വഴിമരുന്നിടുന്നു എന്നതാണ് പൊറാട്ട് നാടകത്തിന്‍റെ ഏറ്റവും പ്രധാന സവിശേഷത.

രാഷട്രീയ സിനിമകളില്‍ ചില പ്രത്യേകകക്ഷികള്‍ക്കും നേതാക്കള്‍ക്കും നായകപരിവേഷം നല്‍കുന്നത് ഒരു പതിവ് രീതിയാണ് . ഒപ്പം ചിലരെ ട്രോളുന്നതും.  ഈ രീതി കാഴ്ചക്കാരെ സ്വാധീനിക്കുമോ ?

അത്തമൊരു കാഴ്ചപ്പാട് എനിക്കില്ല. കയ്യിലെ അഞ്ച് വിരലും വ്യത്യസ്തമല്ലേ. സഭയില്‍ ഭരണപക്ഷവും പ്രതിപക്ഷവുമുണ്ട്. ഒരാളെ അടച്ചാക്ഷേപിക്കാനോ ട്രോളാനോ വേണ്ടി ഉണ്ടാക്കിയ ഒരു സിനിമയല്ലിത്. ഇതൊരു നന്മയുടെ ചിത്രമാണ്. ജനങ്ങളുടെ ചിത്രമാണ്. ജനങ്ങളുടെ വിഷയങ്ങള്‍  സംസാരിക്കുന്ന ചിത്രമാണ്. കമ്മീഷണര്‍ പോലുള്ള ചിത്രങ്ങള്‍ ഹിറ്റായത് ജനങ്ങള്‍ പറയാന്‍ ആഗ്രഹിക്കുന്ന കാര്യങ്ങള്‍ കഥാപാത്രങ്ങളിലൂടെ പറഞ്ഞതുകൊണ്ടാണ്. അതുപോലെ ജനങ്ങളുടെ വികാരപ്രകടനമാണ്  ഈ സിനിമയുടെയും അടിസ്ഥാനം. അതുകൊണ്ടുതന്നെ ഒരു പാര്‍ട്ടിയെ മോശം പറയാനോ  മറ്റൊരു പാര്‍ട്ടിയെ നല്ലത്  പറയാനോ ശ്രമിച്ചിട്ടില്ല. അങ്ങിനെ ചെയ്താല്‍ സിനിമ വിജയിക്കുമെന്നൊരു പ്രതീക്ഷയുമില്ല.  ഉത്തമവിശ്വാസത്തോടെ ചെയ്ത സിനിമയാണ്. അതുകൊണ്ടു തന്നെ ചിത്രം പ്രേക്ഷകര്‍ ഏറ്റെടുക്കുമെന്നാണ് വിശ്വാസം.

ബഹിഷ്കരണമെല്ലാം  മറികടന്ന് മലയാളി ഹിറ്റാക്കിയ ചിത്രമാണ് 'ന്നാ താൻ കേസ് കൊട്', ചിത്രം ആദ്യ ദിവസങ്ങളില്‍ നേരിട്ടിരുന്ന സൈബര്‍ ആക്രമണം ഭീകരമായിരുന്നു, അത്തരമൊരു സൈബര്‍ ബുള്ളീയിങ് ഉണ്ടാകമെന്നൊരാശങ്കയുണ്ടോ?

ഇത് വളരെ ലളിതമായ ആക്ഷേപഹാസ്യ ചിത്രമാണ്. ആര്‍ക്കെങ്കിലും മറിച്ച് തോന്നുന്നെങ്കില്‍ അത് അവരുടെ കാഴ്ചപ്പാടിന്‍റെ പ്രശ്നമാണ്. ചിരിപ്പിച്ച് ചിന്തിപ്പിച്ച് സന്തോഷിപ്പിക്കുന്ന ഒരു സിനിമയാണിത്. ഒപ്പം തിരിച്ചറിവിന്‍റെ ചിത്രം കൂടിയാണ് . സെന്‍സറിങ്ങിന്‍റെ സമയം  ചിത്രം കണ്ടവര്‍ പൊട്ടിച്ചിരിക്കുകയായിരുന്നു.

രാഷ്ട്രീയം പറയുന്ന സിനിമ, വിവാദങ്ങള്‍ക്ക് എല്ലാ സാധ്യതയും,  ഒരു രക്ഷകര്‍ത്താവിനെപ്പോലെ ഒപ്പമുണ്ടായിരുന്ന സംവിധായകന്‍ സിദ്ദിഖ്  കൂടെയില്ല, ‍ഈ സങ്കീര്‍ണതകളില്‍ ചിത്രം  നടക്കുമോ എന്ന് ഏതെങ്കിലും ഘട്ടത്തില്‍   തോന്നിയിരുന്നോ?

ഒരിക്കലും അങ്ങിനെ കരുതിയിട്ടില്ല.  പ്രതിസന്ധികളെ ഇഷ്ടപ്പെടുന്നയാളാണ് ഞാന്‍  . പ്രതിസന്ധികളുണ്ടെങ്കിലേ ലക്ഷ്യത്തിലെത്താന്‍ കഴിയു. എത്രത്തോളം പ്രതിസന്ധികളെ തരണം ചെയ്യുന്നു എന്നതിനനുസരിച്ചായിരിക്കും വിജയം. പ്രചോദനകരമായ കാര്യങ്ങള്‍ എഴുതുകയും ചിന്തിക്കുകയും ചെയ്യുന്നത് ഞാന്‍ ഇഷ്ടപ്പെടുന്നു.

വലിയ താരനിരയുള്ള ചിത്രമല്ല പൊറാട്ട് നാടകം. എങ്ങനെയാണ് അഭിനേതാക്കളെ  നിശ്ചയിച്ചത്?

സിദ്ദിഖ് സാര്‍ ആദ്യം പറഞ്ഞത് വലിയ താരങ്ങളൊന്നും വേണ്ടെന്നാണ്. സിനിമയുടെ ഉള്ളടക്കമാണ് പ്രധാനം. റാംജി റാവു സ്പീക്കിങ്ങില്‍ സാര്‍ അനുഭവിച്ച എല്ലാ ബുദ്ധിമുട്ടുകളും മുമ്പ് പറഞ്ഞിരുന്നു. കഥയും, ചിന്തയും,കര്‍മവും നന്നായാല്‍ ചിത്രവും നന്നാവുമെന്നാണ്  സാറിന്‍റെ പക്ഷം. ഈ സിനിമയിലെ കഥാപാത്രങ്ങളെ തീരുമാനിച്ചതും സൈജു കുറുപ്പിനെ നിര്‍ദേശിക്കുകയും ചെയ്തത് സിദ്ദിഖ് സാറാണ്. എല്ലാ അഭിനേതാക്കളെയും തിരഞ്ഞെടുത്തത് ക്യാംപിലൂടെയാണ്.  ചെയ്യുന്ന പണി വൃത്തിയായി കുറഞ്ഞ ചെലവില്‍ , മികവ് ചോരാതെ   ആളുകളില്‍ എത്തിക്കണം. ഇപ്പോഴത്തെ താരങ്ങളൊക്കെ പുതുമുഖങ്ങളായി  വന്നവരാണ്. അല്ലാതെ പെട്ടന്ന് കയറി താരങ്ങളായവരല്ലല്ലോ. മലയാളികള്‍ പുതിയ കണ്ടന്‍റുകള്‍ ഇഷ്ടപ്പെടുന്നവരാണ്. അതുകൊണ്ടാണ് ഇത്തരമൊരു സിനിമ ചെയ്തത്. സൈജു കുറുപ്പും മലയാളികള്‍ ഏറെ ഇഷ്ടപ്പെട്ട ഒരു അഭിനേതാവാണ്. സിനിമയിലെ ഗാനങ്ങള്‍ നല്ല ശ്രദ്ധ നേടിയിരുന്നു. നാസര്‍ വേങ്ങര എന്ന നിര്‍മ്മാതാവാണ് ഈ സിനിമ തുടങ്ങിവെച്ചത്. ഒരു നവാഗത സംവിധായകനായ എനിക്ക്  അദ്ദേഹത്തിന്‍റെ ഇടപെടലുകള്‍  ഒരുപാട് ഗുണം ചെയ്തിട്ടുണ്ട്. ഒരു പ്രയാസവും എന്നെ അറിയിക്കാതെ സിനിമ തീര്‍ക്കാനാണ് അദ്ദേഹം ശ്രമിച്ചത്. പിന്നണിയില്‍ പ്രവര്‍ത്തിച്ച എല്ലാവരും എന്നെ അകമഴിഞ്ഞ് പിന്തുണച്ചു.

എങ്ങനെ ആയിരുന്നു ചിത്രത്തിലെ  ആ പശുവിനെ തിരഞ്ഞെടുത്തത്?

ഒരു ദൈവികമായ ഇടപെടലുള്ള സിനിമയായിരുന്നു ഇത്. സിദ്ദിഖ് സാര്‍ ഹൃദയം കൊണ്ട് ഇഷ്ടപ്പെടുകയും മനസുകൊണ്ട് പ്രവര്‍ത്തിക്കുകയും ചെയ്ത ഒരു സിനിമ. പശുവിനെ ഈ സിനിമയിലേക്ക് കൊണ്ടുവന്നപ്പോള്‍ എന്നോട് പലരും പറഞ്ഞു നിങ്ങള്‍ കുറേ കഷ്ടപ്പെടുമെന്ന്. പക്ഷേ എനിക്ക് ആദ്യദിനം മുതല്‍ അവസാനം വരെ ഒരു ബുദ്ധിമുട്ടും മണിക്കുട്ടി ഉണ്ടാക്കായിട്ടില്ല. പശു ചാണകം ഇടുന്ന ഒരു സീന്‍ വേണമായിരുന്നു. അത് എളുപ്പം നടക്കില്ലെന്ന്  എല്ലാവരും പറഞ്ഞു. ഞാന്‍ മണിക്കുട്ടിയോട് പറഞ്ഞു, മണിക്കുട്ടി എനിക്ക് ചാണകം ഇടുന്ന ഷോട്ട് വേണം, ഓക്കെയല്ലേ എന്ന്. അത് കേട്ട് എല്ലാവരും ചിരിച്ചു. ക്യാമറ സ്റ്റാര്‍ട്ട് ചെയ്തു, കുറച്ച് കഴിഞ്ഞ് എല്ലാവരും നടക്കില്ലെന്ന് ആവര്‍ത്തിച്ച്  പറഞ്ഞ ഷോട്ട് കട്ട് ചെയ്യാന്‍ നില്‍ക്കുമ്പോള്‍ മണിക്കുട്ടി ചാണകമിട്ടു. ഷോട്ട് റെഡി എന്നു പറയുമ്പോള്‍ തലയൊന്നു കുലുക്കി മണിക്കുട്ടി കൃത്യ സ്ഥലത്ത് വന്നുനില്‍ക്കും. അത് പരിശീലനമല്ല. ഒരു ദൈവീക ഇടപെടലാണ്. ലൊക്കേഷനിലേക്ക് വേണ്ട പാല്‍ തന്നതും മണിക്കുട്ടിയാണ്. മണിക്കുട്ടിയോട് എല്ലാവര്‍ക്കും വലിയ അടുപ്പമായിരുന്നു. സിനിമയ്ക്ക് ശേഷം ഞങ്ങളുടെ കൂടെയുണ്ടായിരുന്ന ഒരാള്‍ തന്നെ മണിക്കുട്ടിയെ വീട്ടിലേക്ക് കൊണ്ടുപോയി.

വിവാദങ്ങളെ മറികടന്ന് നിയമപരമായ പോരാട്ടം നടത്തി  ചിത്രം ഇപ്പോള്‍ റിലീസ് ചെയ്യുകയാണ്.  എന്ത് തോന്നുന്നു?

എന്ത് പ്രതിസന്ധിയുണ്ടായാലും അതിനെ  മറികടക്കണം. 40 ദിവസമാണ് ഈ സിനിമയുടെ  ഷൂട്ടിങ്ങിനായി നിശ്ചയിച്ചത്. 4ദിവസം ഒരു വീട്ടില്‍ ഷൂട്ട് ചെയ്തു. അടുത്തദിവസം ആ വീട് ഷൂട്ടിങ്ങിന്  തരില്ലെന്ന് ഉടമ പറഞ്ഞു. പക്ഷേ ലളിതമായി ആ പ്രതിസന്ധി മറികടന്നു. 27 ദിവസം കൊണ്ട് സിനിമയുടെ ഷൂട്ടിങ് തീര്‍ത്തു. അതിനാണ് ആദ്യമായി സിദ്ദിഖ് സാറില്‍ നിന്ന് അനുമോദനം ലഭിച്ചത്. പ്രതിസന്ധികള്‍ എപ്പോഴും ഉണ്ടാകണം. അത് മറികടക്കുന്നതിലാണ് വിജയം.

സിനിമയുടെ ഏത് ഘട്ടത്തിലായിരുന്നു സിദ്ദിഖ് വിടപറഞ്ഞത്?

പോസ്റ്റ് പ്രൊ‍ഡക്ഷന്‍ സമയത്താണ് സാര്‍ ഞങ്ങളെ വിട്ടുപോകുന്നത്. ഡബ്ബിങ് കഴിഞ്ഞ സിനിമ സാര്‍ കണ്ടു. അതിന് ശേഷമാണ് സാര്‍ ആശുപത്രിയിലാകുന്നത്. അതോടെ ഞങ്ങള്‍ക്കു മുന്നോട്ടു പോകാന്‍ കഴിയാതായി. സാറിന്‍റെ വേര്‍പാടിനോട്  പൊരുത്തപ്പെടാന്‍ ഒരുപാട് സമയമെടുത്തു. ഇപ്പോഴും സാര്‍ കുടെയുണ്ടെന്ന വിശ്വാസത്തിലാണ് മുന്നോട്ട് പോകുന്നത്. പല തീരുമാനങ്ങളും എടുക്കുമ്പോഴും സാറിനെ മനസില്‍ ആലോചിക്കും.

ENGLISH SUMMARY:

Director Naushad Saffron talks about the film Porattu nadakam