തന്‍റെ സിനിമകളൊന്നും ആസ്വദിച്ച് കാണാന്‍ കഴിഞ്ഞിട്ടില്ലെന്ന് തുറന്നുപറഞ്ഞ് നടന്‍ സലീം കുമാര്‍. മനോരമ ഹോര്‍ത്തൂസ് വേദിയിലായിരുന്നു താരത്തിന്‍റെ തുറന്നുപറച്ചില്‍. തന്നെ ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ ചിരിപ്പിച്ചത് അമ്മയാണെന്നും സലീം കുമാര്‍ പറഞ്ഞു.
സലീം കുമാര്‍ അഭിനയിച്ച സിനിമകളില്‍ ഏറ്റവും കൂടുതല്‍ കണ്ട് ചിരിച്ച സിനിമ ഏതാണ് എന്ന ചോദ്യത്തിന് ‘ഞാന്‍ മറ്റുള്ളവരുടെ ചിരി കണ്ടാണ് ആസ്വദിച്ചിട്ടുള്ളത്. എന്‍റെ സീനില്‍ എന്‍റെ കുഴപ്പങ്ങള്‍ എന്തൊക്കെയാണെന്നേ എന്‍റെ കണ്ണ് പോകൂ. ഒരിക്കലും എന്‍റെ പടങ്ങള്‍ ആസ്വദിച്ച് കാണാന്‍ പറ്റിയിട്ടില്ല’ എന്നായിരുന്നു അദ്ദേഹത്തിന്‍റെ മറുപടി.
ചെസ് എന്ന സിനിമ കണ്ടത് കഴിഞ്ഞ ആഴ്ചയാണെന്നും സലീം കുമാര്‍ പറയുകയുണ്ടായി. ഏതാണ്ട് 20 കൊല്ലം മുന്‍പിറങ്ങിയ പടമാണ് ചെസ്. അത് കണ്ടിട്ട് ദിലീപിനെ ഫോണ്‍ വിളിച്ചു പറഞ്ഞു നല്ല സിനിമയാണെന്ന്. ഏത് പടമെന്ന മറുചോദ്യത്തിന് ചെസ് എന്ന് മറുപടി കൊടുത്തു. ഇതോടെ നീയിപ്പഴാണോ ചെസ് കാണുന്നത് എന്നായിരുന്നു ദിലീപ് ചോദിച്ചതെന്നും സലീം കുമാര്‍ പറഞ്ഞു. മാത്രമല്ല താന്‍ വേഷമിട്ട ‘മീശമാധവന്‍’ ഇതുവരെ തീര്‍ത്ത് കണ്ടിട്ടില്ലെന്നും സലീം കുമാര്‍ വെളിപ്പെടുത്തി.