‘പണി’ സിനിമയില്‍ ബലാല്‍സംഗ സീന്‍ ചിത്രീകരിച്ച രീതിയെ വിമര്‍ശിച്ചതിന്‍റെ പേരില്‍ സംവിധായകന്‍ ജോജു ജോര്‍ജ് സൈബര്‍ ആക്രമണം നടത്തുന്നുവെന്ന് റിവ്യൂവര്‍ ആദര്‍ശ് എച്ച്.എസ്. സ്വയം ന്യായീകരിക്കാന്‍ ഒന്നുമില്ലാതെ വന്നപ്പോള്‍ സിനിമയുടെ സ്പോയിലര്‍ പറഞ്ഞുവെന്നാരോപിച്ചാണ് ജോജു ആര്‍മിയുടെ ആക്രമണമെന്ന് ആദര്‍ശി ഫെയ്സ്ബുക്കില്‍ കുറിച്ചു. പലവട്ടം ‘വിശദീകരണം നല്‍കിയിട്ടും മനസിലാകാത്ത വെട്ടുകിളിക്കൂട്ടങ്ങള്‍ക്കായി’ തന്‍റെ നിലപാടുകള്‍ ആദര്‍ശ് അക്കമിട്ട് നിരത്തുന്നു.
Read Also: ‘ജോജുവിന്‍റെ കീച്ചിപാപ്പൻ വന്നാലും ആദർശിന്‍റെ രോമത്തില്‍ തൊടില്ല’; അബിന്‍ വര്‍ക്കി
‘സിനിമയുടെ ട്വിസ്റ്റ് വെളിപ്പെടുത്തുന്ന ഒന്നും റിവ്യൂവില്‍ ഇല്ല. കഥയില്‍ ബലാല്‍സംഗ സീനിന്‍റെ പശ്ചാത്തലം എന്തെന്നോ ആരാണ് അതിന് ഇരയാകുന്നതെന്നോ പറഞ്ഞിട്ടില്ല. റേപ്പ് ചെയ്യപ്പെട്ട മനുഷ്യരെ ഈ സീന്‍ വീണ്ടും കടുത്ത മനോവ്യഥയിലേക്ക് തള്ളിവിടും.’ അതൊഴിവാക്കാനാണ് സ്പോയിലര്‍ അലര്‍ട്ട് വയ്ക്കാതിരുന്നതെന്നും ആദര്‍ശ് വിശദീകരിച്ചു. ‘താങ്കളുടെ വെട്ടുകിളിക്കൂട്ടങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിക്കഴിഞ്ഞു. ഇനി എന്നാണ് എന്‍റെ ചോദ്യങ്ങള്‍ക്ക് മറുപടി ലഭിക്കുക’ എന്നും ആദര്‍ശ് ചോദിക്കുന്നു.
ആദര്‍ശ് എച്ച്.എസിന്‍റെ പോസ്റ്റിന്‍റെ പൂര്‍ണരൂപം...
സ്വയം ന്യായീകരിക്കാൻ മറ്റൊന്നും കൈവശമില്ലാതെ വന്നപ്പോൾ സിനിമയുടെ സ്പോയിലർ പറഞ്ഞു എന്ന രീതിയിൽ ജോജു ആർമി കമെന്റുകളിൽ നിറയുന്നുണ്ട്. പലവട്ടം വിശദീകരണം നൽകിയെങ്കിലും മനസ്സിലാകാത്ത അവർക്കായി ഒരിക്കൽ കൂടി പറയുന്നു.
1) ഈ സിനിമയുടെ ട്വിസ്റ്റ് വെളിപ്പെടുത്തുന്നതോ കഥയെ കുറിച്ച് പറയുന്നതോ ആയ ഒരു ഭാഗവും പങ്ക് വച്ചിട്ടില്ല. സിനിമയിൽ ഒരു റേപ്പ് സീനുണ്ട്, അത് ചിത്രീകരിച്ചിരിക്കുന്ന രീതി മുൻപ് abuse നേരിട്ടിട്ടുള്ളവർക്ക് triggering ആണെന്നാണ് പറഞ്ഞത്. കഥയിൽ ആ റേപ്പിന്റെ context എന്താണെന്നോ ആരാണ് റേപ്പ് ചെയ്യപ്പെടുന്നതെന്നോ ഒന്നും എവിടെയും പറഞ്ഞിട്ടില്ല.
2) സ്പോയ്ലർ അലെർട് വയ്ക്കാതിരുന്നത് മനഃപൂർവ്വമാണ്. സ്പോയ്ലർ അലെർട് വച്ചാൽ ആ പോസ്റ്റ് വായിക്കുക സിനിമ കണ്ടവരായിരിക്കും. എന്നാൽ triggering content ൽ നിന്നും രക്ഷ വേണ്ടത് സിനിമ കാണാൻ പോകുന്നവർക്കാണ്. ജീവിതത്തിൽ abuse അനുഭവിച്ച ഒരു മനുഷ്യന്റെയും അതിജീവനവും മാനസികാരോഗ്യവും ഈ സിനിമ കാരണം നഷ്ടപ്പെടരുത് എന്നുള്ളത് കൊണ്ടാണ് അങ്ങനെ ചെയ്തത്.
3) Rape എന്ന വിഷയം മലയാള സിനിമയിലോ ലോക സിനിമയിലോ ആദ്യമായി ചിത്രീകരിക്കപ്പെടുന്ന ഒന്നല്ല. അതുകൊണ്ട് തന്നെ context വെളിപ്പെടുത്താതെ സിനിമയിലെ rape രംഗം triggering ആകാൻ സാധ്യതയുണ്ടെന്ന് പറയുന്നത് സ്പോയ്ലർ ആണെന്ന വാദം തീർത്തും അപ്രസക്തമാണ്.
താങ്കളുടെ വെട്ടുകിളി കൂട്ടങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി തന്ന് കഴിഞ്ഞു. ഇനിയെന്നാണ് എന്റെ ചോദ്യങ്ങൾക്ക് മറുപടി ലഭിക്കുക?
1) സ്വന്തം സിനിമയിൽ rape ചിത്രീകരിച്ചിരിക്കുന്ന രീതി ശരിയാണെന്ന് ജോജു ജോർജ് ഇപ്പോഴും വിശ്വസിക്കുന്നുണ്ടോ?
2) താങ്കളുടെ സിനിമ 12 വയസ്സിനു മുകളിലുള്ള കുട്ടികൾക്ക് എങ്കിലും കാണാൻ പാകത്തിനുള്ളതാണെന്ന് താങ്കൾ കരുതുന്നുണ്ടോ?
3) ഈ സിനിമയ്ക്ക് ശരിക്കും ലഭിക്കേണ്ടിയിരുന്നത് A സർട്ടിഫിക്കറ്റ് അല്ലേ?
4) ഞാൻ ചെയ്തത് റിവ്യൂ ബോംബിങ് ആണെന്ന് ആരോപിക്കാൻ ജോജുവിന്റെ പക്കൽ എന്ത് രേഖയാണ് ഉള്ളത്? നാല് ഗ്രൂപുകളിൽ share ചെയ്തു എന്നത് ഞാൻ തന്നെ പറഞ്ഞതാണ്. അതിനും അപ്പുറത്തേക്ക് എന്ത് തെളിവാണ് താങ്കളുടെ പക്കൽ?
5) സ്വന്തം സിനിമയുടെ പോസിറ്റീവ് പ്രൊമോഷൻ ചെയ്യാൻ വേണ്ടി നിങ്ങൾ മാധ്യമങ്ങൾക്ക് എത്ര രൂപ നൽകിയെന്ന് പൊതുസമൂഹത്തോട് വെളിപ്പെടുത്താൻ തയ്യാറാണോ?
Nb : പണിയുടെ പോസ്റ്റർ ഈ പോസ്റ്റിനോപ്പം നൽകണം എന്ന് ആഗ്രഹിച്ചതാണ്. പക്ഷേ അത്തരം പോസ്റ്റുകളെല്ലാം copyright ഉപയോഗിച്ച് delete ചെയ്യിക്കുന്നത് കൊണ്ട് അതിന് മുതിരുന്നില്ല. ഞാൻ പണി സിനിമയെ കുറിച്ച് എഴുതിയ റിവ്യൂ മേല്‍പറഞ്ഞ രീതിയിൽ ഡിലീറ്റ് ചെയ്യപ്പെട്ടിട്ടുണ്ട്.