മോഡലായ നിള നമ്പ്യാരുടെ അഡൽട്ട് വെബ്സീരിസിൽ അഭിനയിക്കുന്നതിൽ സാമൂഹികമാധ്യമങ്ങളിലുയർന്ന വിമർശനത്തിന് മറുപടിയുമായി നടൻ അലൻസിയർ. മനോരമ ന്യൂസ് പ്രതിനിധി എം.ദിനു പ്രകാശുമായി അലൻസിയർ സംസാരിച്ചു.
‘ചരിത്രവും ചാരിത്ര്യവും അന്വേഷിക്കേണ്ട കാര്യമെനിക്കില്ല’
എനിക്ക് വെബ് സീരീസെന്നോ നാടകമെന്നോ സിനിമയെന്നോ വ്യത്യാസമില്ല. എന്‍റെ തൊഴിൽ മേഖലയാണ്. അതിന്‍റെ പിന്നിൽ പ്രവർത്തിക്കുന്നവർ ആരാണെന്നോ അവരുടെ ചരിത്രമോ ചാരിത്ര്യമോ ഞാൻ അന്വേഷിക്കേണ്ട കാര്യമില്ല. നിള നമ്പ്യാർ ആരാണെന്ന് എനിക്കറിയില്ലായിരുന്നു. ഞാൻ കണ്ടിട്ടുപോലുമില്ല. ഇപ്പോൾ ഈ വിമർശനം വന്നശേഷമാണ് അവരുടെ ഇമേജുകളും വിഡിയോസും കാണുന്നത്. അതെന്നെ ബാധിക്കുന്ന പ്രശ്നമല്ല. എന്നെ അഭിനയിക്കാൻ വിളിച്ചു എനിക്കതിന്റെ ക്യാരക്ടർ ഇഷ്ടപ്പെട്ടു ഞാൻ അഭിനയിച്ചു. ഒരു കാര്യംകൂടി സത്യസന്ധമായി പറയട്ടെ. എന്നെ വിമർശിക്കുന്നവരായിരിക്കും ഈ വെബ് സീരീസ് ആദ്യം പോയി കാണാൻ പോകുന്നത്. അവരായിരിക്കും ഇതുകണ്ട് രോമാഞ്ചം കൊള്ളാൻ പോകുന്നത്. പക്ഷെ അവർ നിരാശരായി പോകും. നിങ്ങളുടെ സദാചാരമെന്ന് പറയുന്നത് നമ്മുടെ സാമൂഹ്യ ബോധത്തിന്റെ പ്രശ്നമാണ്. മതങ്ങൾ കൊണ്ടുവന്നതാണ്. നമ്മുടെ കുടുംബബന്ധങ്ങൾ അങ്ങനെ സൃഷ്ടിക്കപ്പെട്ടതാണ്. പക്ഷെ ഒരു കലാകാരനെ സംബന്ധിച്ചിടത്തോളം അതൊക്കെ ബ്രേക്ക് ചെയ്യേണ്ടിവരും. ഒരു ഗൈനക്കോളജിസ്റ്റിനെ സംബന്ധിച്ചടുത്തോളം അയാൾ സ്വന്തം പ്രഫഷനിൽ കേന്ദ്രീകരിച്ചാൽ മതി. ഒരു കെ.എസ്.ആർ.ടി.സി ഡ്രൈവർക്ക് ബസിൽ കോൺഗ്രസുകാരെ മാത്രമെ കയറ്റാൻ കഴിയൂ കമ്മ്യൂണിസ്റ്റുകാരെയും ബിജെപിക്കാരെയും കയറ്റാൻ പറ്റില്ലെന്ന് പറയാൻ കഴിയുമോ. അത് അയാളുടെ ഡ്യൂട്ടിയാണ്. അത് മാത്രമെ ഞാൻ ചെയ്യുന്നുള്ളു. എന്നെ എന്തിനാണിങ്ങനെ വേർതിരിച്ച് നിർത്തി ആക്രമിക്കുന്നത്. സണ്ണി ലിയോണിനൊപ്പം അഭിനയിച്ച എത്രയോ മഹാരഥന്മാർ ഇന്ത്യൻ സിനിമയിലും മലയാളത്തിലുമുണ്ട്.
‘ഞാൻ സദാചാരവാദിയല്ല’
എനിക്കീ നിളാ നമ്പ്യാരെ അറിയില്ല, വിമർശിക്കുന്നവർക്കൊക്കെ അറിയാമായിരിക്കും. അവന്മാരുടെ സംസ്കാരം അതാണ്. എന്നെ ആക്ഷേപിക്കുകയും അവഹേളിക്കുകയും ചെയ്യുമ്പോൾ വീട്ടിലിരുന്ന് വിഷമിക്കുന്ന എന്റെ മക്കളും ഭാര്യയുമുണ്ട്. നിങ്ങൾക്കൊരു ധാർമികബോധം വേണം. നിങ്ങൾ പത്മരാജന്റെയും ഭരതൻ സാറിന്റെയും സിനിമ കണ്ടിട്ടുണ്ടോ? നിങ്ങൾ തൂവാനത്തുമ്പികൾ കണ്ടിട്ടുണ്ടോ? നിങ്ങൾ വയലാർ എഴുതിയ കവിതകളും പാട്ടുകളും കേട്ടിട്ടുണ്ടോ? അതിൽ എന്തെല്ലാം വർണനകളാണ്. അവരെക്കുറിച്ചൊന്നുമില്ലാത്ത അപരാധം എന്റെ പേരിലെന്തിനാണ് ചാർത്തുന്നത്. ഞാനും ഒരു കലാകാരനാണ്. എനിക്കും പല കാര്യങ്ങളിലും ഉത്തരവാദിത്തമുണ്ട്. എനിക്കിഷ്ടപ്പെട്ടതായതുകൊണ്ടാണ് ഞാൻ ആ കഥാപാത്രം തെരഞ്ഞെടുത്തത്. എനിക്ക് ഇഷ്ടമില്ലാത്തവ ഞാൻ നിരസിച്ചിട്ടുണ്ട്. അതിലൊരു സങ്കോചവുമില്ല. നിങ്ങളെ പോലെ ഞാനൊരു സദാചാരവാദിയല്ല. നിങ്ങളിൽ സദാചാരം പറയുന്നവരാണ് വല്യ പ്രശ്നക്കാരെന്ന് എം.എൻ.വിജയൻ മാഷ് പണ്ടേ പറഞ്ഞിട്ടുണ്ട്. കുറ്റവാളികളാണ് നിങ്ങൾ, സദാചാരം പഠിപ്പിക്കുന്നവർ അത് ആരായാലും. അയൽപക്കത്തെ വീട്ടിലേക്ക് എത്തിനോക്കേണ്ട ഒരു കാര്യവും നിങ്ങൾക്കില്ല. നിങ്ങൾക്ക് ആസ്വദിക്കാൻ പറ്റില്ലെങ്കിൽ ആസ്വദിക്കേണ്ട. ആസ്വദിക്കുമെങ്കിൽ ആസ്വദിച്ചോ.
‘നിളയുടേത് ശരീരംകൊണ്ടുള്ള ശിൽപസൃഷ്ടി’
നമ്മുടെ ഐ.എഫ്.എഫ്.കെയിൽ എത്രയോ വിദേശസിനിമകൾ കാണാൻ പ്രായപൂർത്തിയായവർ ഓടിക്കയറുന്നു. കിം കി ഡുക്കിന്റെ ചിത്രങ്ങളിലുമുള്ളത് അഭിനേതാക്കളാണ്. അവർ ആരും ജീവീക്കുകയല്ല. ഇതെന്താണ് മലയാളിക്ക് മനസിലാകാതെ പൊകുന്നത്. ഇവിടെയത് ആസ്വദിക്കുകയാണ്, മലയാളി അഭിനയിച്ചാൽ അത് കുഴപ്പമാണെന്ന് പറയുകയും ചെയ്യും. ഇത്രയും കുറ്റം ചുമത്തുന്ന മനുഷ്യർ... ഞാൻ ചോദിക്കുകയാണ്... സിനിമ കണ്ടിട്ടാണോ ഞങ്ങളുടെ നാട്ടിൽ ഒരു കുടുംബത്തിലെ അഞ്ചുപേരെ തലയ്ക്കടിച്ച് കൊന്നുകളഞ്ഞത്. എനിക്ക് തോന്നുന്നില്ല. സാമ്പത്തിക പ്രശ്നമാണ് കാരണമെന്നൊക്കെ പൊലീസ് പറയുമ്പോൾപോലും... അത് അന്വേഷിച്ച് കണ്ടെത്തുമായിരിക്കും. അത്രയും അധാർമികമായ ലോകത്ത് ജീവിക്കുന്നവർക്ക് എങ്ങനെയാണ് ഒരു കലാസൃഷ്ടി മനോഹരമായി വരിക. സമൂഹത്തിന്റെ പരിഛേദമാണ് കല. നിങ്ങളുടെ ഉള്ളിലെ ജീർണത തന്നെയാണ് കല കാണിക്കുന്നത്. അല്ലാതെ കല നിങ്ങളെ ജീർണിപ്പിക്കുന്നില്ല. അത് മനസ്സിലാക്കാനുള്ള സാമാന്യബോധമുണ്ടാകണം. നിള ഒരു പാവം സ്ത്രീയാണ്. എത്രയോ മോഡലുകളുണ്ട് ഹോളിവുഡ്, ബോളിവുഡ്, മോളിവുഡ് നടിമാരുണ്ട്. ഇവരൊക്കെ കാണിച്ചുകൂട്ടുന്ന കോപ്രായത്തിനപ്പുറം നിള അങ്ങനയൊന്നും കാണിച്ചിട്ടില്ലെന്നാണ് എനിക്ക് കണ്ടപ്പോൾ തോന്നിയത്. സ്റ്റേറ്റ് വിടുമ്പോൾ ലക്ഷങ്ങളും കോടികളും കിട്ടുമ്പോൾ അവർക്കൊക്കെ എന്തുമാകാം. നിളയുടെ ജീവിതാനുഭവങ്ങൾ കേട്ടപ്പോൾ... അവരനുഭവിച്ച ജീവിതപാഠങ്ങൾ... ഇന്നെന്നെ കൊന്നുകൊണ്ടിരിക്കുന്നതുപോലെ... അവരുടെ പതിനെട്ട് വയസ്സ് മുതൽ അനുഭവിച്ച് തുടങ്ങിയ ജീവിത പാഠങ്ങളിൽ നിന്ന് അവർ അവരുടെ ശരീരം കൊണ്ട് സൃഷ്ടിക്കുന്ന ഒരു ശിൽപസൃഷ്ടി... അത് ആസ്വദിക്കുന്നവനാണ് മലയാളി. ഞാനിന്നുവരെ കണ്ടിട്ടില്ല ആ സ്ത്രീശരീരം. ഇവരൊക്കെ ഇങ്ങനെ വിമർശിച്ചുകൊണ്ടാണ് ഞാൻ അവരെ 'സെർച്ച് ' ചെയ്തത്. എനിക്കറിയില്ലായിരുന്നു. ഞാൻ ഒരുത്തന്റെയും ഹിസ്റ്ററി അന്വേഷിക്കേണ്ട കാര്യമില്ല. അങ്ങനെയെങ്കിൽ മലയാള സിനിമയിൽ ഒരാളുടെ കൂടെയുംഎനിക്ക് അഭിനയിക്കാൻ കഴിയില്ല.
ആരാണ് സന്മാർഗി. എനിക്കൊരു പാതിരിയുടെയും അടുത്ത് കുമ്പസരിക്കേണ്ട കാര്യമില്ല. ഞാൻ സത്യസന്ധമായി പറയുന്നു ‘ഐ ആം എ ഹ്യൂമൻ ബീങ്’. എനിക്ക് തെറ്റുകുറ്റങ്ങളുണ്ട് എല്ലാ പറവകൾക്കുമുണ്ട് കടലിനുണ്ട് പ്രകൃതിക്കുണ്ട് കാറ്റിനുണ്ട്. അങ്ങനെ ജീവിക്കുന്ന ഒരു മനുഷ്യനാണ് ഞാൻ. നമ്മുടെ സദാചാരത്തിലൊതുങ്ങുന്നവരല്ല കലാകാരന്മാർ. അങ്ങനെയെങ്കിൽ ഡാവിഞ്ചിക്ക് ശിൽപമുണ്ടാക്കാൻ കഴിയില്ലായിരുന്നു.
‘പാപം ചെയ്യാത്തവർ കല്ലെറിയട്ടെ’
നിളയുടെ വെബ് സീരീസിൽ ഞാൻ അഭിനയിക്കുന്നതറിഞ്ഞ് സിനിമാമേഖലയിൽനിന്ന് ഒരുപാടുപേർ വിളിച്ചു. ആ പണിക്ക് പോണോ എന്ന് ചോദിച്ചു. എനിക്കിഷ്ടപ്പെട്ട കഥാപാത്രം വന്നപ്പോഴാണ് ഞാൻ ചെയ്തത്. അതിന് ആ വ്യക്തിയുടെ ചരിത്രം അന്വേഷിക്കേണ്ട കാര്യമില്ല. അങ്ങനെയെങ്കിൽ മലയാള സിനിമയിൽ ആർക്കൊപ്പവും എനിക്ക് അഭിനയിക്കാൻ കഴിയില്ല, തിരിച്ചും. ഞാനും പാപങ്ങൾ ചെയ്തൊരു മനുഷ്യനാണ്. നന്മയില്ലാത്തൊരു ലോകത്ത് തിന്മയുടെ ഭാഗത്തുനിന്ന് ഞാൻ പറയുന്നു. പാപം ചെയ്യാത്തവർ എന്നെ കല്ലെറിയട്ടെ.