manichitratazhu

TOPICS COVERED

മണിചിത്രത്താഴിന്‍റെ റീ റിലീസിനായി കാത്തിരിക്കുന്ന ആരാധകര്‍ കഴിഞ്ഞ ദിവസമെത്തിയ ടീസര്‍ ആവേശത്തോടെയാണ് സ്വീകരിച്ചത്.

 പൂർണ്ണമായും 4k ഡോൾബി അറ്റ്മോസിൽ റീമാസ്റ്റർ ചെയ്ത് പ്രദർശനത്തിന് ഒരുങ്ങുന്ന ചിത്രത്തിൻറെ ടീസർ കഴിഞ്ഞദിവസം അണിയറ പ്രവർത്തകർ പുറത്തുവിട്ടിരുന്നു. ഏകദേശം ഒരു മിനിറ്റോളം ദൈർഘ്യമുള്ള  ടീസറിലെ ഓരോ ഫ്രെയിമുകളുടെയും ശബ്ദ വിന്യാസത്തിലുണ്ടായിരിക്കുന്ന മാറ്റം ചിത്രത്തിലുട നീളം പ്രതീക്ഷിക്കാം.  യൂട്യൂബിൽ പുറത്തിറങ്ങി മണിക്കൂറുകൾക്കുള്ളിൽ തന്നെ ടീസർ ട്രൻ്റിങ് ലിസ്റ്റിൽ ഇടം പിടിച്ചിരിക്കുകയാണ്. ടെൻ്റിംഗിൽ മൂന്നാം സ്ഥാനത്താണ് മണിച്ചിത്രത്താഴ് ഒഫീഷ്യൽ ടീസറിന്റെ സ്ഥാനം. 

 ഓഗസ്റ്റ് 17ന് മാറ്റിനി നൗവും ഇ4 എന്റർടൈൻമെന്റ്സും ചേർന്ന് മോളിവുഡിൽ തന്നെ ഏറ്റവും വലിയ റീ റീലിസായി ചിത്രം തിയേറ്ററുകളിലേക്ക് എത്തിക്കും. 1993ൽ ഫാസിലിന്റെ സംവിധാനത്തിൽ ആയിരുന്നു മണിച്ചിത്രത്താഴ് റിലീസ് ചെയ്തത്. മോഹൻലാൽ, സുരേഷ് ​ഗോപി, ശോഭന, തിലകൻ, നെടുമുടി വേണു, ഇന്നസെന്റ്, സുധീഷ്, കെപിഎസി ലളിത തുടങ്ങി മലയാളസിനിമയിലെ വമ്പൻ താരനിര തന്നെയായിരുന്നു ചിത്രത്തില്‍.

 നൂതന സാങ്കേതിക വിദ്യകളുടെ സഹായത്തോടെ 4k അറ്റ്മോസിൽ റീമാസ്റ്റർ ചെയ്തു ചിത്രം വീണ്ടും തീയറ്ററുകളിൽ പ്രദർശനത്തിന് എത്തുമ്പോൾ മലയാളത്തിലെ സിനിമ പ്രേമികൾക്ക് അത് മറക്കാനാവാത്ത ഒരു അനുഭവം ആവുമെന്ന് തീർച്ചയാണ്.

മധു മുട്ടത്തിന്റെ വളരെ ദുരൂഹമായ മനശാസ്ത്ര-പ്രേതകഥ സംവിധായകൻ ഫാസിലിന്റെ സംവിധായക പാടവത്തില്‍ ഉരുത്തിരിഞ്ഞു വന്നപ്പോള്‍ അത് മലയാളം കണ്ട എക്കാലത്തേയും മികച്ച സിനിമ അനുഭവങ്ങളില്‍ ഒന്നായി മാറി. ശോഭനയ്ക്ക് ആ വര്‍ഷത്തെ മികച്ച നടിയ്ക്കുള്ള ദേശീയ അവാർഡ് ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ ലഭിച്ചിരുന്നു.1993-ലെ ഏറ്റവും നല്ല ജനപ്രിയചിത്രത്തിനുള്ള ദേശീയ-സംസ്ഥാന പുരസ്കാരങ്ങളും ചിത്രം സ്വന്തമാക്കി. കന്നടയിൽ ആപ്തമിത്ര, രജനീകാന്തിന് നായകനാക്കി തമിഴിലും തെലുങ്കിലും ചന്ദ്രമുഖി, ഹിന്ദിയിൽ ഭൂൽ ഭുലയ്യ എന്നീ പേരുകളിലും ചിത്രം റീമേക്ക് ചെയ്ത് ഇറക്കിയിരുന്നു.

 ആദ്യമായി കാണുന്ന ആവേശത്തോടെയാണ്  ഇന്നും ഒാരോ മലയാളി മണിചിത്രത്താഴ് സിനിമ കാണുന്നത്. അതുകൊണ്ട് തന്നെ പുതിയ അനുഭവത്തിനായി ആകാംഷയോടെ കാത്തിരിക്കുകയാണ് സിനിമാ പ്രേമികള്‍.

manichitratazhu rerelese, trailor out: