TOPICS COVERED

സൂപ്പര്‍ താരം പ്രഭാസിന് ഇന്ന് 45-ാം ജന്മദിനം. പിറന്നാള്‍ സമ്മാനമായി പുതിയ ചിത്രത്തിന്‍റെ മോഷന്‍ പോസ്റ്റര്‍ പുറത്തുവിട്ട് അണിയറക്കാര്‍. മാരുതി രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ദ് രാജസാബ് എന്ന ചിത്രത്തിലാണ് പ്രഭാസ് നായകനായെത്തുന്നത്. ചിത്രത്തിന്‍റെ മോഷന്‍ പോസ്റ്ററാണ് പ്രഭാസിന്‍റെ ജന്മദിനത്തോട് അനുബന്ധിച്ച് പുറത്തുവിട്ടത്.

റൊമാന്‍റിക് കോമഡി ഹൊറര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രമാണ് ദി രാജസാബ്. പീപ്പിള്‍ മീഡിയ ഫാക്റ്ററിയുടെ ബാനറില്‍ ടി.കെ. വിശ്വപ്രസാദ് ആണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. വിവേക് കുച്ചിബോട്‌ലെയാണ് സഹനിർമാതാവ്. തമന്‍ എസ് ആണ് സംഗീതം. പ്രഭാസിനെ കൂടാതെ മാളവിക മോഹനൻ, നിധി അഗർവാൾ തുടങ്ങിയവര്‍ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. 2025 ഏപ്രില്‍ 10 ന് ആഗോള റിലീസ് ആയി ചിത്രം തിയറ്ററുകളിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. തെലുങ്കിന് പുറമെ ഹിന്ദി, തമിഴ്, കന്നഡ, മലയാളം ഭാഷകളിലും ചിത്രമെത്തും.

ബാഹുബലിക്ക് ശേഷം  തുടര്‍ച്ചയായി  പരാജയങ്ങള്‍ നേരിട്ട  പ്രഭാസ്  സലാര്‍, കല്‍ക്കി 2898 എഡി എന്നിവയിലൂടെയാണ് വിജയവഴിയില്‍ തിരിച്ചെത്തിയത്.   ‘പ്രതി റോജു പാണ്ഡഗെ’, ‘മഹാനുഭാവുഡു’ എന്നീ ചിത്രങ്ങൾക്ക് ശേഷം മാരുതി സംവിധാനം ചെയ്യുന്ന സിനിമയാണ് രാജാ സാബ്. ‘ഹൊറർ ഈസ് ദ് ന്യൂ ഹ്യൂമർ’ എന്ന കുറിപ്പോടെയാണ്  പോസ്റ്റര്‍ പുറത്തെത്തിയിരിക്കുന്നത്.

ENGLISH SUMMARY:

The makers of 'The Raja Saab' unveiled the film's new poster on Prabhas's birthday.