മല പോലെ എത്തി എലി പോലെ പോയ നിരവധി സിനിമകളുണ്ട്. എന്നാല്‍ ശതകോടികള്‍ ചെലവഴിച്ച് നിര്‍മിച്ച ശേഷം ബോക്സ്ഓഫിസില്‍ തകര്‍ന്നടിഞ്ഞ ചിത്രങ്ങള്‍ വളരെ കുറവാണ്. അതില്‍ പ്രധാനപ്പെട്ടതാണ് പ്രഭാസ് ചിത്രം 'സാഹോ'. പാന്‍ ഇന്ത്യന്‍ സ്റ്റാറായ പ്രഭാസും ശ്രദ്ധ കപൂറുമായിരുന്നു നിരവധി പ്രമുഖതാരങ്ങള്‍ നിറഞ്ഞ സിനിമയില്‍ പ്രധാനവേഷങ്ങളിലെത്തിയത്. 350 കോടി രൂപ ചെലവഴിച്ച് നിര്‍മിച്ച ചിത്രം കഷ്ടിച്ച് 450 കോടിയോളം രൂപയാണ് ആകെ നേടിയത്.

ഐമാക്സ് ക്യാമറകളായിരുന്നു 'സാഹോ'യുടെ ചിത്രീകരണത്തിന് ഉപയോഗിച്ചത്. ഏറ്റവും മികച്ച ദൃശ്യത്തികവോടെ ചിത്രം തിയറ്ററുകളിലെത്തിക്കണമെന്ന അണിയറ പ്രവര്‍ത്തകരുടെ വാശിയായിരുന്നു ഇതിന് പിന്നില്‍. ഐമാക്സില്‍  പൂര്‍ണമായും ചിത്രീകരിച്ച ആദ്യ സിനിമയും 2019ല്‍ പുറത്തിറങ്ങിയ സാഹോ തന്നെ. 

'സാഹോ'യിലെ എട്ട് മിനിറ്റ് നീണ്ട ആക്ഷന്‍ സീക്വന്‍സ് ചിത്രീകരിക്കുന്നതിനാണ് 70 കോടി രൂപ ചെലവഴിക്കേണ്ടി വന്നതെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ലോക പ്രശസ്തരായ 100 സ്റ്റണ്ട് പെര്‍ഫോര്‍മാരാണ് ക്ലൈമാക്സ് ഗംഭീരമാക്കാന്‍ എത്തിയതെങ്കിലും ചിത്രത്തെ പ്രേക്ഷകര്‍ കൈവിടുകയായിരുന്നു. 

ബാഹുബലിയുടെ കൂറ്റന്‍ വിജയമാണ് സാഹോയെ കുറിച്ച് വാനോളം പ്രതീക്ഷകള്‍ പ്രേക്ഷകര്‍ക്ക് നല്‍കിയത്. ഹിന്ദിയില്‍ തരക്കേടില്ലാതെ പടം ഓടിയെങ്കിലും തെലുങ്ക്, മലയാളം, തമിഴ് പ്രേക്ഷകര്‍ ചിത്രത്തെ പൂര്‍ണമായും ഉപേക്ഷിച്ചു. മുതല്‍മുടക്ക് പോലും തിരിച്ചു കിട്ടിയില്ല. പ്രേക്ഷകനെ പിടിച്ചിരുത്തുന്ന കഥയില്ലെന്നതാണ് പലരും സാഹോയുടെ പോരായ്മയായി പറഞ്ഞത്. പ്രഭാസിനും ശ്രദ്ധയ്ക്കും പുറമെ ജാക്കി ഷ്റോഫ്, നീല്‍ നിതിന്‍ മുകേഷ്, ചുങ്കി പാണ്ഡെ, മുരളി ശര്‍മ, മന്ദിര ബേദി എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങള്‍ അവതരിപ്പിച്ചു. 

ENGLISH SUMMARY:

Saaho is India's biggest disaster film which spent Rs 70 crore on just one scene and boasted a lineup of superstars. Despite the star power, the film was not accepted by the audience.