ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രം ദേവരയുടെ ആദ്യഷോ വൈകിയതോടെ ജൂനിയര്‍ എന്‍ടിആര്‍ ആരാധകര്‍ തിയറ്റര്‍ അടിച്ചുതകര്‍ത്തു. തെലങ്കാനയിലാണ് സംഭവം. ടിക്കറ്റ് നിരക്കിലും റിലീസ് പ്രശ്‌നങ്ങളിലും കടുത്ത അതൃപ്തിയാണ് ആരാധകര്‍ പ്രകടിപ്പിച്ചത്. തെലങ്കാനയിലെ കോതഗുണ്ട പലോഞ്ചയിലെ വെങ്കിടേശ്വര തിയേറ്റർ ആണ് ജൂനിയര്‍ എന്‍ടിആര്‍ ആരാധകര്‍ അടിച്ചുതകര്‍ത്തത്.
വെള്ളിയാഴ്ച 5.30ക്കുള്ള ദേവര പാര്‍ട്ട് വണിന്‍റെ ആദ്യഷോക്കായി നാലുമണിക്ക് തന്നെ ആരാധകര്‍ ഹാജരായി. എന്നാല്‍ ഷോ 7.30ക്ക് പോലും പ്രദര്‍ശിപ്പിക്കാന്‍ സാധിക്കാത്തതോടെയാണ് ഫാന്‍സ് രോഷാകുലരായത്. 250 രൂപയുടെ ടിക്കറ്റിന് 500 രൂപവരെ നല്‍കിയിട്ടും സിനിമ കാണാന്‍ സാധിക്കാഞ്ഞതോടെയാണ് പ്രശ്നം വഷളായത്. തിയറ്റര്‍ പരിസരത്ത് സംഘര്‍ഷസമാനമായ സാഹചര്യമായിരുന്നു ഉടലെടുത്തത്.
തിയറ്റര്‍ വാതിലും സമീപത്തും മുന്‍വശങ്ങളിലുംവച്ച പോസ്റ്ററുകളും ആരാധകര്‍ വലിച്ചുകീറി. അതേസമയം തെലങ്കാനയില്‍ മാത്രമല്ല സംസ്ഥാനത്ത് പലയിടങ്ങളിലും സമാനപ്രശ്നങ്ങളുണ്ടായിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. 1200 രൂപവരെ ടിക്കറ്റിനു വാങ്ങിയെന്നും ആരോപണം ഉയര്‍ന്നു. ഖമ്മത്താണ് സംഭവം. തിയറ്റര്‍ മാനേജ്മന്റിനെതിരെ നടപടി വേണമെന്നും ഫാന്‍സ് അസോസിയേഷന്‍ ആവശ്യപ്പെട്ടു. ആദ്യഷോക്കായി വലിയ തോതിലുള്ള തിക്കും തിരക്കും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് പലര്‍ക്കും തിയറ്ററിനുള്ളില്‍ പോലും കയറാന്‍ സാധിച്ചില്ല. ടിക്കറ്റെടുത്തവര്‍ പോലും പലയിടത്തും അരികില്‍ നിന്നുകൊണ്ട് സിനിമ കാണേണ്ടുന്ന സാഹചര്യവുമുണ്ടായി.
2018ലെ അരവിന്ദ സമേത വീര രാഘവയ്ക്ക് ശേഷം ജൂനിയർ എൻടിആറിന്‍റെ ആദ്യ സോളോ റിലീസാണ് ദേവര: പാര്‍ട്ട് 1. 2022-ൽ എസ്എസ് രാജമൗലിയുടെ ആര്‍ആര്‍ആര്‍ സിനിമയില്‍ രാം ചരണിനൊപ്പമാണ് ജൂനിയര്‍ എന്‍ടിആറിനെ ബിഗ് സ്ക്രീനില്‍ അവസാനമായി കണ്ടത്. അനിരുദ്ധ് സംഗീത സംവിധാനം നിര്‍വഹിക്കുന്ന ദേവരയില്‍ ബോളിവുഡ് നടി ജാന്‍വി കപൂറാണ് നായിക