കാത്തിരിപ്പിന് വിരാമം.രജനികാന്തിന്റെ സൂപ്പർഹിറ്റ് ചിത്രം ജയിലറിന്‍റെ രണ്ടാം ഭാഗം എത്തുന്നു.ജയിലര്‍ 2 വിന്‍റെ അനൗൺസ്‌മെന്റ് ടീസർ അണിയറപ്രവർത്തകർ പുറത്ത് വിട്ടു. പൊങ്കൽ സമ്മാനമായാണ് അനൗൺസ്‌മെന്റ് ടീസർ പുറത്തിറക്കിയത്. 4 മിനുട്ട് ദൈര്‍ഘ്യമുള്ള ടീസര്‍ സണ്‍ പിക്ചേര്‍സ് ആണ് പുറത്തുവിട്ടത്.സണ്‍ ടിവിയുടെ യുട്യൂബ് ചാനലുകളിലെ ഓണ്‍ലൈന്‍ റിലീസിനൊപ്പം തിരഞ്ഞെടുക്കപ്പെട്ടതിയറ്ററുകളിലും ടീസര്‍ പ്രദര്‍ശിപ്പിക്കും.അഞ്ച് മണിക്കൂറിനുള്ളില്‍ 40 ലക്ഷത്തിലധികം ആളുകളാണ് യുട്യൂബില്‍ വിഡിയോ ഇതിനോടകം കണ്ടത്.
വിശ്രമത്തിനായി ഗോവയിലെത്തിയ സംവിധായകന്‍ നെൽസണും സംഗീത സംവിധായകന്‍ അനിരുദ്ധും തമ്മിലുള്ള സംഭാഷണമാണ് ആദ്യം ടീസറിലുള്ളത്.പുതിയ സിനിമയുടെ ചർച്ചയ്ക്കായെന്ന പോലെ സംസാരിച്ചുകൊണ്ടിരിക്കുകയാണ് ഇരുവരും. പെട്ടെന്ന് വെടിയേറ്റും വെട്ടുകൊണ്ടും ഒരു പറ്റം വില്ലന്‍മാര്‍ മുറിക്കകത്തേക്ക് ഓടിയെത്തുന്നു. തൊട്ടു പിന്നാലെ ആ മുറിയിലേക്ക് കൈയില്‍ ആയുധവുമായി രജനീകാന്ത് എത്തുന്നു. തുടര്‍ന്ന് ആയുധം വലിച്ചെറിഞ്ഞ് മാസ് കാണിച്ച് തിരിച്ചുപോകുന്ന രജനിയെ നോക്കി നിൽക്കുന്ന നെല്‍സണെയും അനിരുദ്ധിനെയും ടീസറില്‍ കാണാം.ജയിലർ 2 വിന്റെ റിലീസ് തീയതി ഇതുവരെ പുറത്തുവിട്ടിട്ടില്ല. ചിത്രം ഈ വർഷം തിയറ്ററുകളിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
സമീപകാലത്തായി തമിഴ് സിനിമയില്‍ ഏറ്റവും ട്രെന്‍ഡിംങ് ആയ ചിത്രങ്ങളിലൊന്നായിരുന്നു രജനികാന്ത് നായകനായ ജയിലര്‍. നെല്‍സണ്‍ ദിലീപ്‍കുമാര്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച ചിത്രം ബോക്സോഫീസില്‍ ഏതാണ്ട് 600 കോടിയോളം നേടി 2023 ലെ ബോക്സോഫീസ് ഹിറ്റായിരുന്നു.
ജയിലറിലെ വില്ലൻ കഥാപാത്രമായി വിനായകൻ കൈയ്യടി നേടിയപ്പോൾ, മോഹൻലാലിന്റെയും ശിവ രാജ്‍കുമാറിന്റെയും അതിഥിവേഷങ്ങൾ തിയേറ്ററിൽ തരംഗം സൃഷ്ടിച്ചിരുന്നു. ജയിലർ 2 വരുമ്പോൾ മോഹൻലാൽ അടക്കമുള്ള താരങ്ങൾ ചിത്രത്തിലുണ്ടാകുമോ എന്ന ആകാംഷയിലാണ് മലയാളികൾ അടക്കമുള്ള ആരാധകർ.