ajith-kumar-racing

ദുബായ് 24 എച്ച് സീരീസ് കാറോട്ട മത്സരത്തില്‍ മൂന്നാംസ്ഥാനം നേടിയ നടന്‍ അജിത്തിനെ അഭിനന്ദനങ്ങള്‍ കൊണ്ട് മൂടുകയാണ് സോഷ്യല്‍ മീഡിയ. 13 വര്‍ഷത്തിനു ശേഷം റേസിങ് ട്രാക്കിലേക്ക് തിരിച്ചെത്തിയ അജിത്ത് കുമാറിനെ പ്രശംസിച്ച് തമിഴ് സിനിമാ ലോകവും രംഗത്തെത്തി. രജനീകാന്തും കമല്‍ഹാസനും മാധവനും ഉള്‍പ്പെടെയുള്ള താരങ്ങള്‍ എ.കെയുടെ അഭിമാനനേട്ടത്തില്‍ അഭിനന്ദനവുമായി എത്തി.

എന്നാല്‍ കുടുംബത്തോടൊപ്പമുള്ള അജിത്തിന്‍റെ സെലിബ്രേഷനാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറല്‍. ​റേസിന് പിന്നാലെ ശാലിനിയെ കെട്ടിപിടിക്കുന്ന അജിത്തിന്‍റെ വിഡിയോ ആരാധകര്‍ ഏറ്റെടുത്തു. ‘‘എന്നെ റേസ് ചെയ്യാന്‍ അനുവദിച്ചതിന് നന്ദി ശാലു’’ എന്ന് വേദിയില്‍ നിന്ന് പറയുന്ന അജിത്തും അതുകേട്ട് ചിരിക്കുന്ന ശാലിനിയും സോഷ്യല്‍ മീഡിയയില്‍ ഹിറ്റാണ്. ക്യൂട്ട് കപ്പിളെന്ന കുറിപ്പോടെ സൈബര്‍ ലോകം കീഴടക്കുകയാണ് ദൃശ്യങ്ങള്‍.

ശാലിനിക്കൊപ്പം മകള്‍ അനൗഷ്‌കയും മകൻ ആദ്‌വിക്കും അജിത്തിനൊപ്പം ദുബായിലെത്തിയിരുന്നു. തന്‍റെ സ്വപ്നത്തിനായി ഏതറ്റംവരെയും പോകുന്ന അജിത്ത് കുമാറും, കൂടെ കട്ടയ്ക്ക് നില്‍ക്കുന്ന കുടുംബവും. ‘‘ഈ മനുഷ്യന്‍ ജിവിതത്തില്‍ വിജയിച്ചിരിക്കുന്നു'’,  ‘‘ഇയാളോട് വല്ലാത്ത അസൂയ തോന്നുന്നു’’ എന്ന് കുറിപ്പുകളും സോഷ്യല്‍ മീഡിയയില്‍ കാണാം.

കാറോട്ടത്തിൽ കമ്പമുള്ള അജിത്ത് കഴിഞ്ഞ സെപ്റ്റംബറിലാണ് സ്വന്തം ടീം രൂപീകരിച്ചത്. ദുബായ് ഓട്ടോഡ്രോമിൽ നടന്ന മത്സരത്തിൽ 4 പേരുൾപ്പെട്ട ടീം 24 മണിക്കൂർ തുടർച്ചയായി വാഹനം ഓടിച്ചാണ് നേട്ടം സ്വന്തമാക്കിയത്. മത്തേയു ദേത്രി, ഫാബിയൻ ഡുഫിക്സ്, കാമറോൺ മക്‌ലിയോഡ് എന്നിവരാണ് ടീമിലെ മറ്റ് അംഗങ്ങൾ. കയ്യിൽ ഇന്ത്യൻ പതാകയുമായാണ് അജിത്ത് ട്രോഫി ഏറ്റുവാങ്ങിയത്.  

ENGLISH SUMMARY:

Tamil actor Ajith Kumar secures third place in the Dubai 24H Series car race after 13 years, celebrates with family, and wins hearts on social media.