ഓപ്പറേഷന്‍ ജാവ,സൗദി വെള്ളക്ക, എന്നീ സിനിമകള്‍ക്ക് ശേഷം തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന ചിത്രമാണ് തുടരും. മോഹൻലാലും ശോഭനയും പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിന്‍റെ പുതിയ പോസ്റ്റർ പങ്കുവെച്ചിരിക്കുകയാണ് അണിയറപ്രവർത്തകർ.
മോഹന്‍ലാലിന്‍റെയും ശോഭനയുടെയും കഥാപാത്രങ്ങള്‍ കുടുംബത്തിനൊപ്പം ഇരിയ്ക്കുന്ന ചിത്രമാണ് പോസ്റ്ററിലുള്ളത്. മക്കളോടൊപ്പം ചക്ക മുറിച്ചെടുക്കുന്ന മോഹന്‍ലാലിനെ ഈ പോസ്റ്ററില്‍ കാണാം. എം ജി ശ്രീകുമാർ 'കണ്മണി പൂവേ' എന്ന പാട്ടിന്റെ പോസ്റ്റർ ആണിത്.
ഒരു ഫാമിലി ഡ്രാമ സ്വഭാവത്തിൽ ഒരുങ്ങുന്ന തുടരും സിനിമയിൽ ഒരു സാധാരണ ടാക്സി ഡ്രൈവറുടെ വേഷത്തിലാണ് മോഹൻലാൽ എത്തുന്നത്. മോഹന്‍ലാലും ശോഭനയും 20 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഒരു ചിത്രത്തില്‍ ഒന്നിക്കുന്നത്. 2004 ല്‍ ജോഷി സംവിധാനം ചെയ്ത 'മാമ്പഴക്കാല'ത്തിലാണ് ഇരുവരും അവസാനമായി ജോഡികളായത്. 2009 ല്‍ റിലീസ് ചെയ്ത സാഗര്‍ ഏലിയാസ് ജാക്കി എന്ന ചിത്രത്തില്‍ ഇരുവരും ഒരുമിച്ചഭിനയിച്ചിരുന്നു.
രജപുത്ര വിഷ്വല്‍ മീഡിയയുടെ ബാനറില്‍ എം രഞ്ജിത്ത് ആണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് തരുണ്‍ മൂര്‍ത്തിയും കെ ആര്‍ സുനിലും ചേര്‍ന്നാണ്.