prithviraj-tovino

ലൂസിഫറിന്‍റെ ക്യാരക്​റ്റര്‍ റിവീലിങ് പോസ്റ്ററുകള്‍ സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡി​ങ് ആയിക്കൊണ്ടിരിക്കുകയാണ്. മലയാളി താരങ്ങളും അന്യഭാഷ താരങ്ങളും മുതല്‍ ഗെയിം ഓഫ് ത്രോണ്‍സ് താരം ജെറോം ഫ്​ളിന്‍ വരെ എമ്പുരാനില്‍ അണിനിരക്കുമ്പോള്‍ തിയേറ്ററില്‍ എന്ത് സംഭവിക്കും എന്ന ആകാംക്ഷയിലാണ് പ്രേക്ഷകര്‍. 

കഴിഞ്ഞ ദിവസം ടൊവിനോ തോമസ് അവതരിപ്പിക്കുന്ന ജതിന്‍ രാംദാസ് എന്ന കഥാപാത്രത്തിന്‍റെ പോസ്റ്ററും പുറത്തുവന്നിരുന്നു. ലൂസിഫറില്‍ ചുരുങ്ങിയ സമയത്തില്‍ അവതരിപ്പിക്കപ്പെട്ട് ഏറ്റവുമധികം കയ്യടി നേടിയ കഥാപാത്രമായിരുന്നു ജതിന്‍ രാംദാസ്. താരത്തിന്‍റെ ഡയലോഗും ഹിറ്റായിരുന്നു. ക്യാരക്​റ്റര്‍ റിവീലിങ് പോസ്റ്ററിലെ ടൊവിനോയുടെ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്. 

‘ഞാൻ ലൂസിഫറിലെ ജതിൻ രാംദാസ്, സ്വാഭാവികമായും, എമ്പുരാനിലേയും. വളരെ ചുരുക്കം സീനുകൾ കൊണ്ടുതന്നെ ഭയങ്കര രസമുള്ള ക്യാരക്ടർ ആർക്ക് ഉള്ള ഒരു കഥാപാത്രമാണ് ‘ലൂസിഫർ’ സിനിമയിൽ രാജുവേട്ടനും മുരളി ചേട്ടനുംകൂടി തന്നത്. വളരെ കൗതുകത്തോടെയാണ് ഞാൻ ആ കഥാപാത്രത്തെ അന്ന് സമീപിച്ചത്. കാരണം രാഷ്ട്രീയത്തിൽ താൽപ്പര്യമില്ലാത്ത ഒരു ചെറുപ്പക്കാരൻ, ഒരു രാഷ്ട്രീയ നേതാവിന്റെ മകൻ, അവൻ എങ്ങനെ ഒരു രാഷ്ട്രീയക്കാരനായി മാറുന്നു എന്നും സിനിമയുടെ അവസാനത്തോടെ മുഖ്യമന്ത്രിയായിട്ടാണ് ആ സിനിമ അവസാനിക്കുന്നത്. അപ്പോൾ അതിന്റെ രണ്ടാം ഭാഗം വരുമ്പോൾ ആ കഥാപാത്രം എങ്ങനെയാണ് വികസിക്കാൻ പോകുന്നതെന്ന് അറിയാൻ എനിക്ക് വളരെ ആകാംക്ഷയുണ്ടായിരുന്നു.

എമ്പുരാന്റെ തിരക്കഥയെക്കുറിച്ച് അറിഞ്ഞപ്പോഴും അതിലെ എന്റെ കഥാപാത്രത്തെപ്പറ്റി അറിഞ്ഞപ്പോഴും എന്റെ കൗതുകം കൂടുതലായിരുന്നു. കാരണം ആ കഥാപാത്രത്തിന്റെ ഗതി കൂടുതൽ വലുതാക്കിക്കൊണ്ടുള്ള ഒരു കഥാപാത്രമാണ് എമ്പുരാനിൽ എനിക്ക് ഉള്ളത്. ഒരുപക്ഷേ ഏറ്റവും കൂടുതൽ വേദിയിൽ പ്രേക്ഷകർ ആവശ്യപ്പെട്ടിട്ട് പറഞ്ഞിട്ടുള്ള എന്റെ ഡയലോഗും ലൂസിഫറിലെ തന്നെയാണ്. ‘‘മുണ്ടുടുക്കാനും അറിയാം ആവശ്യമെങ്കിൽ മടക്കിക്കുത്താനും അറിയാം’’ എന്നുപറയുന്ന ഡയലോഗ് എണ്ണമറ്റ വേദികളിൽ ഞാൻ അത് പറഞ്ഞിട്ടുണ്ട്.

ഇടയ്ക്ക് ഒരിക്കൽ ആരോ രാജുവേട്ടനെകൊണ്ട് ആ ഡയലോഗ് പറയിപ്പിച്ചപ്പോൾ ഞാൻ രാജുവേട്ടനോട് പറഞ്ഞു, ‘‘ചേട്ടാ എന്റെ കഞ്ഞിയിൽ പാറ്റ ഇടല്ലേ, ഞാൻ അതുകൊണ്ടാണ് മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്നത്’’ എന്ന്. അത്രയും വിസിബിലിറ്റിയും റീച്ചും എനിക്ക് തന്ന കഥാപാത്രമായിരുന്നു ജതിൻ രാംദാസ്. അന്ന് ലൂസിഫറിൽ എനിക്ക് ലാലേട്ടനുമായി ഒരു കോമ്പിനേഷൻ സീൻ പോലും ഉണ്ടായിരുന്നില്ല. പക്ഷേ ഈ സിനിമയിൽ ഞങ്ങൾക്കൊരു കോമ്പിനേഷൻ സീൻ ഉണ്ട്. ഒരുപക്ഷേ ഈ സിനിമയിലെ എന്റെ ഏറ്റവും മികച്ച പ്രകടനവും ആ സീനിലായിരിക്കും എന്നാണ് ഡബ്ബിങ് കഴിഞ്ഞപ്പോൾ എനിക്ക് തോന്നിയത്. സ്വാഭാവികമായും വളരെ നല്ല അഭിനേതാക്കൾക്ക് എതിരെ നിന്ന് അഭിനയിക്കുമ്പോൾ അവരിൽ നിന്ന് വരുന്ന ആശയവിനിമയം നമ്മുടെ കഥാപാത്രം ഏറ്റവും നന്നായി വരാൻ സഹായിക്കും. ഞാൻ അപ്പോൾ എമ്പുരാന്റെ റിലീസിനായി ഞാൻ കാത്തിരിക്കുകയാണ്. സിനിമയുടെ സമഗ്രതയെക്കുറിച്ച് എനിക്ക് ചെറിയ ഒരു ധാരണ മാത്രമേയുള്ളൂ. പൂർണമായി ആ സിനിമ ആസ്വദിക്കാനായി ഞാൻ കാത്തിരിക്കുകയാണ്. മാർച്ച് 27, 2025 ന് എമ്പുരാൻ തിയറ്ററുകളിൽ മിസ് ചെയ്യരുത്,’’ ടൊവിനോ തോമസ് പറഞ്ഞു.

ENGLISH SUMMARY:

Jatin Ramdas was the most applauded character in Lucifer in a short time. The star's dialogue was also a hit. Tovino's words in the character revealing poster are getting attention.