ആരാധകര്‍ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രം എമ്പുരാന്‍ മാർച്ച് 27ന് തിയറ്ററുകളിലെത്തും. ഇപ്പോളിതാ ചിത്രത്തെ പറ്റി മനസ് തുറക്കുകയാണ് നടന്‍ ഷെയിൻ നിഗം. ലൂസിഫർ കണ്ടത് മുതൽ താൻ എമ്പുരാനായി കാത്തിരിക്കുകയായിരുന്നെന്നും ചിത്രം ആദ്യ ദിവസം തന്നെ കാണുമെന്നും ഷെയിൻ പറഞ്ഞു.
‘എമ്പുരാന് വേണ്ടി എല്ലാവരെയും പോലെ ഞാനും വെയ്റ്റിംഗ് ആണ്. അതിന്റെ ടീസർ കണ്ടത് മുതൽ തന്നെ പടം കാണണമെന്ന് ഉണ്ടായിരുന്നു. ലൂസിഫർ കണ്ടപ്പോൾ മുതൽ രണ്ടാം ഭാഗത്തിന് വെയ്റ്റിംഗ് ആയിരുന്നു, ടീസർ പ്രതീക്ഷകളെ ഇരട്ടിച്ചു. ഉറപ്പായിട്ടും ആദ്യ ദിവസം കണ്ടിരിക്കും’ ഷെയിൻ നിഗം പറഞ്ഞു.
മാർച്ച് 27 ന് രാവിലെ രാവിലെ 6 മണി മുതൽ സിനിമയുടെ പ്രദർശനം ആരംഭിക്കും. ലൂസിഫറിന്റെ രണ്ടാം ഭാഗമായി എത്തുന്ന എമ്പുരാൻ നിർമ്മിച്ചിരിക്കുന്നത്, ലൈക്ക പ്രൊഡക്ഷൻസ്, ആശീർവാദ് സിനിമാസ്, ശ്രീ ഗോകുലം മൂവീസ് എന്നിവയുടെ ബാനറിലാണ് ചിത്രം നിര്‍മിക്കുന്നത്.
2019 ൽ റിലീസ് ചെയ്ത ബ്ലോക്ക്ബസ്റ്റർ ചിത്രം ലൂസിഫറിന്റെ രണ്ടാം ഭാഗമായി എത്തുന്ന സിനിമയ്ക്ക് മുരളി ഗോപി തിരക്കഥ നിർവഹിക്കുന്നു. മൂന്നു ഭാഗങ്ങളായി കഥ പറയുന്ന ഒരു സിനിമാ സീരിസിന്റെ രണ്ടാം ഭാഗമാണ് എമ്പുരാൻ. ഖുറേഷി-അബ്രാം / സ്റ്റീഫൻ നെടുമ്പള്ളി എന്ന പ്രധാന കഥാപാത്രമായി മോഹൻലാൽ അഭിനയിക്കുന്ന ചിത്രത്തിൽ പൃഥ്വിരാജ്, മഞ്ജു വാരിയർ, ടൊവിനോ തോമസ്, ഇന്ദ്രജിത് സുകുമാരൻ, സുരാജ് വെഞ്ഞാറമൂട്, ജെറോം ഫ്ലിൻ, ബൈജു , സായ്‌കുമാർ, തുടങ്ങി വമ്പൻ താരനിരയാണ് അണിനിരക്കുന്നത്.