bro-daddy-mammootty

ലൂസിഫര്‍ എന്ന മാസ് കൊമേഷ്യല്‍ ചിത്രത്തിന് ശേഷം മോഹന്‍ലാലും പൃഥ്വിരാജും വീണ്ടും ഒന്നിച്ച കോമഡി എന്‍റര്‍ടെയ്​നറായിരുന്നു ബ്രോ ഡാഡി. കൊവിഡ് കാലത്ത് ഒടിടിയില്‍ റിലീസ് ചെയ്​ത ചിത്രം വലിയ സ്വീകാര്യതയും നേടിയിരുന്നു. ഈ ചിത്രത്തില്‍ ആദ്യം താന്‍ നായകനായി കണ്ടിരുന്നത് മമ്മൂട്ടിയെ ആയിരുന്നു എന്ന് പറയുകയാണ് പൃഥ്വിരാജ്. മമ്മൂട്ടിക്ക് കഥ ഇഷ്​ടപ്പെട്ടതാണെന്നും കുറച്ചു കഴിഞ്ഞ് ചെയ്​താലോ എന്ന് അദ്ദേഹം പറഞ്ഞിരുന്നുവെന്നും പൃഥ്വിരാജ് പറഞ്ഞു. ഗലാട്ട പ്ലസിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. 

'ബ്രോ ഡാഡിയുടെ കഥ ആദ്യം പറഞ്ഞത് മമ്മൂക്കയോടാണ്. ജോണ്‍ കാറ്റാടിയായി മമ്മൂക്ക വരണമെന്നായിരുന്നു ആഗ്രഹം. ഇപ്പോള്‍ കാണുന്ന ജോണ്‍ കാറ്റാടി ആയിട്ടായിരുന്നില്ല. പാലയില്‍ ഒരുപാട് ഭൂമിയൊക്കെയുള്ള കോട്ടയം കുഞ്ഞച്ചനെ പോലെയൊരു കഥാപാത്രമായിട്ടായിരുന്നു ആദ്യം പ്ലാന്‍ ചെയ്​തത്. നല്ല സ്നേഹമുള്ള ഒരു ഭര്‍ത്താവായി മമ്മൂക്ക വന്നാല്‍ കാണാന്‍ നല്ല ക്യൂട്ടായിരിക്കുമെന്ന് ഞാന്‍ കരുതി. അദ്ദേഹത്തെ ആ രീതിയില്‍ ആരും കണ്ടിട്ടില്ല. 

ഞാന്‍ മമ്മൂക്കയെ പോയി കണ്ടു, അദ്ദേഹത്തിന് സ്ക്രിപ്​റ്റും ഇഷ്​ടപ്പെട്ടു. എന്നാല്‍ ആ സമയത്ത് അദ്ദേഹത്തിന് അത് ചെയ്യാന്‍ സാധിക്കുമായിരുന്നില്ല. കുറച്ചു കഴിഞ്ഞ് ചെയ്​താലോ എന്ന് മമ്മൂക്ക പറഞ്ഞു. കാത്തിരിക്കാന്‍ ഞാന്‍ തയാറായിരുന്നു. എന്നാല്‍ കോവിഡ് സമയത്ത് ചെയ്യാന്‍ പ്ലാന്‍ ചെയ്​ത സിനിമ ആണത്. ആ സമയം കടന്നുപോയാല്‍ വീണ്ടും ഒരുപാട് സിനിമകള്‍ വരും. ശരിക്കും മമ്മൂക്കയുമായി ചെയ്യണമെന്ന് ഞാന്‍ വിചാരിക്കുന്ന സിനിമ ഇതല്ല. ഒരു വലിയ സിനിമ ചെയ്യണമെന്നാണ് ആഗ്രഹം. 

മമ്മൂക്ക നേരത്തെ തന്നെ മറ്റൊരു സിനിമയിലേക്ക് കമ്മിറ്റഡ് ആയിരുന്നു. അതിനാല്‍ അന്ന് ബ്രോ ഡാഡി ചെയ്യാന്‍ പറ്റിയില്ല. മമ്മൂക്കയോടാണ് ആദ്യം ബ്രോ ഡാഡിയുടെ കഥ പറഞ്ഞതെന്ന് ലാലേട്ടനും അറിയാം. മമ്മൂക്ക ആണ് വന്നിരുന്നെങ്കില്‍ മറ്റൊരു തരത്തിലുള്ള ബ്രോ ഡാഡി ആകുമായിരുന്നു,' പൃഥ്വിരാജ് പറഞ്ഞു. 

ENGLISH SUMMARY:

Bro Daddy was a comedy entertainer that reunited Mohanlal and Prithviraj. Prithviraj says that he initially saw Mammootty as the hero in this film. Prithviraj said that Mammootty liked the story and said that he should do it later.