ലോക പ്രശസ്ത നെറ്റ്ഫ്ളിക്സ് സീരിസ് ദി വിച്ചര്‍ സീസണ്‍ ഫോറിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്. ജെറാള്‍ട്ട് ഓഫ് റിവിയ ആയി നില്‍ക്കുന്ന ലിയാം ഹെംസ്വര്ത്തിനെയാണ് ഫസ്റ്റ് ലുക്ക് വിഡിയോയില്‍ കാണുന്നത്. മഞ്ഞിനെ വകഞ്ഞുമാറ്റി മുന്നോട്ട് പോകുന്ന ജെറാള്‍ട്ടിന്‍റെ പിന്നില്‍ നിന്നുമാണ് ഫേസ് റിവീലിങ് നടക്കുന്നത്. 'യാത്ര തുടരുന്നു, ഇതാ ദി വിച്ചറില്‍ ജെറാള്‍ട്ട് ഓഫ് റിവിയ ആയുള്ള ലിയാം ഹെംസ്വര്‍ത്തിന്റെ ഫസ്റ്റ് ലുക്ക്,' എന്നാണ് ഫസ്റ്റ് ലുക്കിനൊപ്പമുള്ള ക്യാപ്ഷന്‍.
കഴിഞ്ഞ മൂന്ന് സീസണുകളില്‍ ജെറാള്‍ട്ട് ഓഫ് റിവിയയെ അവതരിപ്പിക്കുന്ന ഹെന്റി കാവില്‍ സീരിസല്‍ നിന്നും പിന്മാറുമെന്ന വാര്‍ത്തകള്‍ നേരത്തെ തന്നെ പുറത്ത് വന്നിരുന്നു. ദി വിച്ചറിന്‍റെ ആരാധകവൃന്ദം സമ്മിശ്രമായാണ് പുതിയ ജെറാള്‍ട്ടിനെ സ്വകീരിച്ചത്. ഹെന്റി കാവിലിന്‍റെ പിന്മാറ്റത്തില്‍ പലരും നിരാശ പ്രകടമാക്കി. ജെറാള്‍ട്ട് ഓഫ് റിവിയ എന്ന ഐതിഹാസിക കഥാപാത്രത്തോട് ഹെംസ്വര്‍ത്തിന് പൂര്‍ണമായും നീതി പുലര്‍ത്താനാവുമോ എന്നാണ് ആരാധകരില്‍ പലരും സോഷ്യല്‍ മിഡിയയില്‍ ചോദിക്കുന്നത്.
2019 ഡിസംബർ 20-നാണ് ദി വിച്ചര്‍ നെറ്റ്ഫ്ളിക്സില്‍ സ്ട്രീമിങ് ആരംഭിച്ചത്. ആന്‍ഡ്രേജ് സപ്കോവ്സ്കി എഴുതിയ ആറ് ഫാന്‍റസി നോവലുകളെ അടിസ്ഥാനമാക്കയാണ് സീരിസ് നിര്‍മിച്ചിരിക്കുന്നത്. ഇനി രണ്ട് സീസണുകള്‍ കൂടിയാണ് സീരിസിന്‍റേതായി അവശേഷിക്കുന്നത്.
ലോറന്‍ ഷ്മിഡ് ഹിസ്റിച്ചാണ് ഈ അഡ്വഞ്ചര്‍ ഫാന്‍റസി സീരിസ് സംവിധാനം ചെയ്തിരിക്കുന്നത്. അന്യ ചലോത്ര, ഫ്രെയ അലൻ, എമൺ ഫാരൻ, ജോയി ബത്തേയ്, മൈഅന്ന ബറിങ്, റോയ്സ് പിയറിസൺ എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സീസണ്‍ നാലിന്‍റെ റിലീസ് ഡേറ്റ് ഇതുവരെ പുറത്ത് വിട്ടിട്ടില്ല.