varshangalkk-shesham

‘വര്‍ഷങ്ങള്‍ക്ക് ശേഷം’ എന്ന വിനീത് ശ്രീനിവാസന്‍ ചിത്രത്തിലെ മേക്കപ്പാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ പുതിയ ട്രോള്‍ വിഷയം. സിനിമയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ധ്യാന്‍, പ്രണവ്, കല്യാണി എന്നിവരുടെ കഥാപാത്രങ്ങള്‍ക്ക് പ്രായമായപ്പോള്‍ നല്‍കിയ മേക്കപ്പാണ് വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിക്കൊണ്ടിരിക്കുന്നത്. ഇപ്പോള്‍ ട്രോളുകള്‍ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് ചിത്രത്തിന്‍റെ മേക്കപ്പ് ആര്‍ട്ടിസ്റ്റ് റോണക്സ് സേവ്യര്‍. വിമര്‍ശനങ്ങളെ പോസിറ്റീവായിട്ടാണ് കാണുന്നതെന്ന് അദ്ദേഹം പറഞ്ഞു.

വിനീതിന്‍റെ ചിത്രം ബോക്സ് ഓഫിസില്‍ 90 കോടി കലക്ഷന്‍ നേടിയിരുന്നു.ചിത്രം തിയറ്ററില്‍ കണ്ടപ്പോള്‍ കയ്യടിച്ചവരാണ് ഇപ്പോള്‍ വിമര്‍ശനങ്ങളുമായി എത്തിയിരിക്കുന്നതും റോണക്സ് കൂട്ടിച്ചേര്‍ത്തു. കഥാപാത്രങ്ങളുടെ ലുക്കിനെപ്പറ്റി സംവിധായകന്‍ വിനീത് ശ്രീനിവാസനും മേക്കപ്പ് ആർടിസ്റ്റ് റോണക്സ് സേവ്യറും ഒരുമിച്ചാണ് ചർച്ച ചെയ്ത് തീരുമാനമെടുത്തത്. 

‘മേക്കപ്പിനെ കുറിച്ച് ഞങ്ങളുടെ പ്ലാൻ നല്ല രീതിയിൽ വർക്കൗട്ട് ആയെന്നു തന്നെയാണ് കരുതുന്നത്. ഇതേ ആളുകൾ തന്നെയാണ് തിയറ്ററിൽ സിനിമ കണ്ട് നല്ല അഭിപ്രായം പറഞ്ഞതും സിനിമയ്ക്ക് പോസിറ്റീവ് പ്രതികരണം വന്നതും. ഇപ്പോൾ വരുന്നത് ഫാബ്രികേറ്റഡ് ആയിട്ടാണ് എനിക്കു തോന്നുന്നത്. വേറെ പ്രത്യേകിച്ചൊന്നും പറയാനില്ല. വിമർശനങ്ങളെ പോസിറ്റീവ് ആയാണ് സ്വീകരിക്കുന്നത്,’–റോണക്സ് പറഞ്ഞു. ‍

അടുത്തിടെയിറങ്ങിയ മഞ്ഞുമല്‍ ബോയ്സ്, ഭ്രമയുഗം, മലൈക്കോട്ടെ വാലിബന്‍ തുടങ്ങിയ ചിത്രങ്ങളില്‍  മേക്കപ്പ് ആര്‍ട്ടിസ്റ്റായിരുന്നു റോണക്സ്. ഞാൻ മേരിക്കുട്ടി എന്ന ചിത്രത്തിലൂടെ മികച്ച മേക്കപ്പ് ആർടിസ്റ്റിനുള്ള സംസ്ഥാന പുരസ്കാരവും റോണക്സ് നേടിയിട്ടുണ്ട്.പൂക്കാലം എന്ന ചിത്രത്തില്‍ വിജയരാഘവനെ 100 വയസുകാരനാക്കിയതും ഹോമിലെ ഇന്ദ്രന്‍സിന്‍റെ മേക്കോവറും ശ്രദ്ധിക്കപ്പെട്ടിരുന്നു.ജോഷിയുടെ റമ്പാൻ, സുരേഷ് ഗോപിയുടെ വമ്പൻ പ്രൊജക്ട് വരാഹം തുടങ്ങിയവയാണ് റോണക്സിന്റെ ഇനി വരാനിരിക്കുന്ന ചിത്രങ്ങള്‍.

ENGLISH SUMMARY:

Ronex Xavier responds to the criticsm against the make over of characters in the movie 'Varshangalkk Shesham'.