ടൊവിനോ താമസ് നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രം എ.ആര്‍.എമ്മിന്‍റെ ട്രെയ്ലര് പുറത്തിറങ്ങി. ടൊവിനോ മൂന്ന് വ്യത്യസ്ത കഥാപാത്രങ്ങളായെത്തുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ജിതിൻ ലാല്‍ ആണ്. അജയന്റെ രണ്ടാം മോഷണം എന്നാണ് ചിത്രത്തിന്‍റെ മുഴുവന്‍ പേര്. മാജിക് ഫ്രെയിംസ്, യു.ജി.എം മോഷൻ പിക്ചേഴ്സ് എന്നീ ബാനറുകളിൽ ലിസ്റ്റിൻ സ്റ്റീഫൻ, ഡോ. സക്കറിയ തോമസ് എന്നിവർ ചേർന്നാണ് എ.ആര്‍.എം നിര്‍മിച്ചിരിക്കുന്നത്. 3 ഡി യിലും 2 ഡിയിലുമായി ചിത്രം പ്രദർശനത്തിനെത്തും. മികച്ച ദൃശ്യവിസ്മയം തീര്‍ത്തക്കുന്ന ട്രെയ്ലറിന് വലിയ സ്വീകാര്യതയാണ് ഇതിനോടകം ലഭിച്ചുകൊണ്ടിരിക്കുന്നത്.
മൂന്നു കാലഘട്ടങ്ങളുടെ കഥയാണ് അജയന്‍റെ രണ്ടാം മോഷണം അഥവാ എ.ആര്‍.എം പറയുന്നത്. ചിത്രത്തില്‍ കൃതി ഷെട്ടി, ഐശ്വര്യ രാജേഷ്, സുരഭി ലക്ഷ്മി എന്നിവരാണ് നായികമാരായെത്തുന്നത്. ബേസിൽ ജോസഫ്, ജഗദീഷ്, ഹരീഷ് പേരടി, പ്രമോദ് ഷെട്ടി, ഹരീഷ് ഉത്തമൻ, രോഹിണി എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു. തെലുങ്ക് സിനിമകളിലൂടെ പ്രശസ്തയായ കൃതി ഷെട്ടിയുടെ ആദ്യ മലയാളം സിനിമ കൂടിയാണ് എ.ആര്‍.എം.
ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് സുജിത് നമ്പ്യാരാണ് . ദിബു നൈനാൻ തോമസാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. ചിത്രത്തിന്‍റെ ഛായാഗ്രഹണം ജോമോൻ ടി ജോൺ ആണ് നിര്‍വഹിച്ചിരിക്കുന്നത്. ചിത്രം മലയാളത്തിന് പുറമെ ഹിന്ദി, ഇംഗ്ലീഷ്, തമിഴ്, തെലുങ്ക്, കന്നഡ എന്നിങ്ങനെ ആറു ഭാഷകളിലായാണ് റിലീസ് ചെയ്യുന്നത്. ചിത്രം ഓണം റിലീസായി തിയറ്ററുകളിലെത്തും.