TOPICS COVERED

ഉണ്ണി മുകുന്ദൻ ചിത്രം 'മാർക്കോ'യുടെ സെൻസറിങ് പൂർത്തിയായി. വയലൻസ് സിനിമകൾക്ക് നൽകുന്ന എ സർട്ടിഫിക്കറ്റ് ആണ് സെൻസർബോർഡ് 'മാർക്കോ'യ്ക്ക് നൽകിയത്. ക്യൂബ്‌സ് എന്‍റർടെയ്ൻമെന്‍റ്സിന്‍റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമിച്ച് ഹനീഫ് അദേനി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം ഡിസംബർ 20 ന് അഞ്ചു ഭാഷകളിലായി ലോകവ്യാപകമായി തിയേറ്ററുകളിൽ എത്തും.  

മലയാളത്തിൽ ഇറങ്ങുന്ന ഏറ്റവും വലിയ വയലന്‍റ്  ചിത്രമായിരിക്കും 'മാർക്കോ'യെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ജഗദീഷ് അടക്കമുള്ള നടന്മാർ ഇതിനെ കുറിച്ചുള്ള സൂചനകൾ നൽകിയിരുന്നു. 

മാർക്കോ'യുടെ അഡ്വാൻസ് ടിക്കറ്റ് ബുക്കിംഗ്  വിവിധ ടിക്കറ്റ് ബുക്കിംഗ് പ്ലാറ്റ്‍ഫോമുകളിൽ ആരംഭിച്ചിട്ടമുണ്ട്. കേരള സ്പീക്കർ എ.എൻ ഷംസീര്‍ ആണ് ഔദ്യോഗികമായി ടിക്കറ്റ് ബുക്കിംഗിന് തുടക്കമിട്ടത്. പ്രേക്ഷകർ ഈ വര്‍ഷം ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യൻ സിനിമകളുടെ ഐഎംഡിബി പട്ടികയിൽ ഒന്നാം സ്ഥാനത്ത് എത്തിയിട്ടുമുണ്ട് 'മാർക്കോ'. 

ഐഎംഡിബി പട്ടികയിലെ ആദ്യ 5 സ്ഥാനങ്ങളിൽ ആകെയുള്ള മലയാളം സിനിമയും 'മാർക്കോ' മാത്രമാണ് എന്നതാണ് ശ്രദ്ധേയം. മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലാണ് ചിത്രം ആഗോള റിലീസിനായി ഒരുങ്ങുന്നത്.

കയ്യിൽ മെഷീൻ ഗണ്ണുമായി ഉണ്ണി മുകുന്ദൻ നിൽക്കുന്ന ഹെവി മാസ്സ് പോസ്റ്റർ സോഷ്യൽ മീഡിയയിൽ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയത് ഏറെ വൈറലാണ്. സിനിമയുടെ പ്രൊഡക്ഷൻ ക്വാളിറ്റിയിലുള്ള ആത്മവിശ്വാസത്തോടെ നിർമ്മിക്കുന്ന ആദ്യ സിനിമ തന്നെ വിതരണത്തിനെത്തിക്കുകയുമാണ് ക്യൂബ്സ്  എൻ്റർടെയ്ൻമെൻ്റ്സ്. 

ക്യൂബ്സ് എന്‍റർടെയ്ൻമെന്‍റ്സ്, ഉണ്ണി മുകുന്ദൻ ഫിലിംസ് എന്നീ ബാനറുകളിൽ ഷെരീഫ് മുഹമ്മദ് നിർമ്മിക്കുന്ന ചിത്രത്തിന്‍റെ ടീസർ ഇതിനകം 5.5 മില്യണിലേറെ കാഴ്ചക്കാരെയാണ് യൂട്യൂബിൽ സ്വന്തമാക്കിയിരിക്കുന്നത്.

സിനിമയിലെ ആദ്യ സിംഗിൾ ബ്ലഡ് ഡബ്സിയുടേയും സന്തോഷ് വെങ്കിയുടേയും ശബ്‍ദത്തിലെത്തി സോഷ്യൽമീഡിയ മുഴുവൻ കീഴടക്കിയിരുന്നു.  മൂന്നാമതായെത്തിയ ബേബി ജീൻ പാടിയ മാർപ്പാപ്പ ഗാനവും തരംഗമായി. മൂന്ന് ഗാനങ്ങളും യൂട്യൂബ് മ്യൂസിക് ട്രെൻഡിംഗ് ലിസ്റ്റിൽ ആദ്യ മൂന്ന് സ്ഥാനങ്ങളിലും എത്തിയിരുന്നു. 

'മാർക്കോ'യുടെ സംഗീതമൊരുക്കുന്നത് ‘കെ.ജി.എഫ്’, ‘സലാർ’ എന്നീ ബ്രഹ്മാണ്ഡ ചിത്രങ്ങളുടെ സംഗീത സംവിധായകൻ രവി ബസ്രൂർ ആണ്. ചിത്രത്തിന്‍റെ  മ്യൂസിക് റൈറ്റ്സ് സോണി മ്യൂസിക്ക് ആണ് സ്വന്തമാക്കിയിരിക്കുന്നത്. സിനിമയിലെ സംഘട്ടനങ്ങള്‍ ഒരുക്കിയിരിക്കുന്നത് പ്രമുഖ ആക്ഷൻ ഡയറക്ടർ കലൈ കിങ്ങ്സ്റ്റണാണ്. ചിത്രത്തിനായി ഏഴോളം ഫൈറ്റ് സീക്വൻസുകളാണ് കലൈ കിങ്ങ്സ്റ്റൺ ഒരുക്കിയിരിക്കുന്നത്. 

ഉണ്ണി മുകുന്ദനോടൊപ്പം സിദ്ദീഖ്, ജഗദീഷ്, ആൻസൺ പോൾ, കബീർ ദുഹാൻസിംഗ് (ടർബോ ഫെയിം), അഭിമന്യു തിലകൻ, യുക്തി തരേജ തുടങ്ങിയവരും ഒട്ടേറെ പുതുമുഖ താരങ്ങളും അണിനിരക്കുന്ന ഈ ചിത്രത്തിലെ നായിക കഥാപാത്രവും മറ്റ് സുപ്രധാന വേഷങ്ങളും ബോളിവുഡ് താരങ്ങളാണ് അവതരിപ്പിക്കുന്നത്. 

ചിത്രം ക്യൂബ്സ് എന്‍റർടെയ്ൻമെന്‍റ്സിന്‍റെ ആദ്യ നിർമ്മാണ സംരംഭമാണ്. 'മിഖായേൽ' സിനിമയുടെ സ്പിൻഓഫായെത്തുന്ന 'മാർക്കോ'യുടെ നിർമ്മാണത്തിലൂടെ മലയാളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രൊഡ്യൂസർ എന്ന പദവിയാണ് ഷെരീഫ് മുഹമ്മദ് ഇതിനോടകം സ്വന്തമാക്കിരിക്കുന്നത്. 

ഛായാഗ്രഹണം: ചന്ദ്രു സെൽവരാജ്, ചിത്രസംയോജനം: ഷമീർ മുഹമ്മദ്, സൗണ്ട് ഡിസൈൻ: സപ്ത റെക്കോർഡ്സ്, ഓഡിയോഗ്രഫി: രാജകൃഷ്ണൻ എം ആർ, കലാസംവിധാനം: സുനിൽ ദാസ്, മേക്കപ്പ്: സുധി സുരേന്ദ്രൻ, കോസ്റ്റ്യും&ഡിസൈൻ: ധന്യാ ബാലകൃഷ്ണൻ, പ്രൊഡക്ഷൻ ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ: സ്യമന്തക് പ്രദീപ്, എക്സിക്യുട്ടീവ് പ്രൊഡ്യൂസർ: അബ്ദുൾ ഗദാഫ്, ജുമാന ഷെരീഫ്, പ്രൊഡക്ഷൻ കൺട്രോളർ: ദീപക് പരമേശ്വരൻ, ഡിജിറ്റൽ മാർക്കറ്റിംഗ്: ഒബ്സ്ക്യൂറ എന്‍റർടെയ്ൻമെന്‍റ്, പിആർഒ: ആതിര ദിൽജിത്ത്.

ENGLISH SUMMARY:

Unni Mukundan-starrer Marco, produced by Shareef Muhammed under the banner of Cubes Entertainments and written and directed by Haneef Adeni, has completed its censoring process. The film has been awarded an "A" certificate by the censor board