പൃഥ്വിരാജ് സുകുമാരനും പാർവതി തിരുവോത്തും പ്രധാന വേഷങ്ങളിൽ എത്തുന്ന ‘നോബഡി’ എന്ന പുതിയ ചിത്രത്തിന്‍റെ പൂജ എറണാകുളം വെല്ലിംഗ്ടൺ ഐലൻഡിൽ നടന്നു. ‘കെട്ട്യോളാണ് എന്റെ മാലാഖ’, ‘റോഷാക്ക്’ എന്നീ ചിത്രങ്ങളുടെ സംവിധായകന്‍ നിസ്സാം ബഷീറാണ് ‘നോബഡി’ സംവിധാനം ചെയ്യുന്നത്.
ഇ4 എന്റർടെയ്ൻമെൻറ്സും പൃഥ്വിരാജ് പ്രൊഡക്‌ഷൻസും ചേർന്നാണ് നിര്‍മാണം. സമീർ അബ്ദുൾ തിരക്കഥ ഒരുക്കുന്നു. ആസിഫ് അലി നായകനായ കെട്ട്യോളാണ് എന്റെ മാലാഖ എന്ന ചിത്രമായിരുന്നു നിസാം ബഷീറിന്റെ ആദ്യ സംവിധാനം. ഇബിലീസ്, റോഷാക്ക്, അഡ്വഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടൻ എന്നീ സിനിമകൾക്ക് തിരക്കഥയൊരുക്കിയ ആളാണ് സമീർ അബ്ദുൾ.
പാര്‍വതി തിരുവോത്ത് ആണ് ‘നോബഡി’യിൽ പൃഥ്വിയുടെ നായിക. എന്നു നിന്‍റെ മൊയ്തീൻ, കൂടെ, മൈ ലവ് സ്റ്റോറി എന്നീ സിനിമകൾക്കുശേഷം പാർവതിയും പൃഥ്വിരാജും ഒന്നിക്കുന്ന ചിത്രത്തില്‍ അശോകൻ, മധുപാൽ, ഹക്കിം ഷാജഹാൻ, ലുക്മാൻ അവറാൻ, ഗണപതി, വിനയ് ഫോർട്ട് എന്നിവരാണ് മറ്റ് അഭിനേതാക്കൾ. ദിനേശ്പുരുഷോത്തമൻ ആണ് ഛായാഗ്രഹണം നിർവ്വഹിക്കുന്നത്, 'അനിമൽ' എന്ന ചിത്രത്തിലെ ഹർഷവർദ്ധൻ രാമേശ്വറാണ് സംഗീതസംവിധാനം നിർവ്വഹിക്കുന്നത്.