സെൻസറിങും റിഎഡിറ്റും ഉണ്ടാക്കിയ വിവാദങ്ങൾക്ക് ശേഷവും തിയേറ്ററിൽ എമ്പുരാന് ജനപ്രീതി കുറയുന്നില്ല. ചിത്രത്തിൻറെ ആഗോള കളക്ഷൻ 250 കോടി കടന്നതായി അവസാന അപ്ഡേഷൻ. ഇപ്പോഴിതാ ചിത്രത്തിന്റെ നിർമാതാവ് ആന്റണി പെരുമ്പാവൂരിന്റെ രണ്ട് സോഷ്യൽ മീഡിയാ പോസ്റ്റുകളാണ് സൈബറിടത്ത് ചർച്ചയാകുന്നത്. മോഹൻലാലിനും ചിത്രത്തിൻറെ സംവിധായകൻ പൃഥിരാജിനും തിരക്കഥാകൃത്ത് മുരളീഗോപിക്കും ഒപ്പമുള്ള ചിത്രങ്ങളാണ് ആൻറണി പങ്കുവച്ചിരിക്കുന്നത്.
എന്നും എപ്പോഴും എന്ന തലക്കെട്ടോടെയാണ് മോഹൻലാലിനൊപ്പമുള്ള ചിത്രം. ലാലേട്ടൻ ആൻറണി പെരുമ്പാവൂരിൻറ തോളിൽ കൈവച്ച് നടക്കുന്നതാണ് ചിത്രം. എല്ലാം ഓക്കെ അല്ലേ അണ്ണാ തലക്കെട്ടോടെയാണ് പൃഥ്വിരാജിനൊപ്പമുള്ള ചിത്രങ്ങൾ. പൃഥ്വിരാജുമായി സൗഹൃദം പങ്കിടുന്നതും പൃഥ്വിയെ ചുംബിക്കുന്നതുമായ രണ്ട് ചിത്രങ്ങളാണ് ആൻറണി പെരുമ്പാവൂർ പങ്കുവച്ചത്. പിന്നല്ല എന്നാണ് ഈ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് പൃഥ്വിരാജിൻറെ മറുപടി.
എമ്പുരാന്റെ ബജറ്റുമായി ബന്ധപ്പെട്ട് നിർമാതാവ് സുരേഷ് കുമാർ ഉന്നയിച്ച ആരോപണങ്ങൾക്ക ആന്റണി പെരുമ്പാവൂർ ഫെയ്സ്ബുക്കിൽ പങ്കുവെച്ച കുറിപ്പ് ഷെയർ ചെയ്ത് പൃഥ്വിരാജ് കുറിച്ച വാക്കുകളാണ് എല്ലാം ഓക്കെ അല്ലേ അണ്ണാ എന്നത്. ഈ വാക്കുകളാണ് ഇപ്പോൾ ആന്റണി പെരുമ്പാവൂർ ആവർത്തിച്ചിരിക്കുന്നത്.
സ്നേഹപൂർവ്വം എന്ന തലക്കെട്ടോടെയാണ് മുരളീഗോപിക്കൊപ്പമുള്ള ചിത്രം.