എമ്പുരാനുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടെ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി കുഞ്ചാക്കോ ബോബന്‍റെ ചിത്രത്തിലെ രംഗം. 2016ല്‍ പുറത്തുവന്ന കുഞ്ചാക്കോ ബോബന്‍ ചിത്രം വള്ളീം തെറ്റി പുള്ളീം തെറ്റിയിലെ കോമഡി രംഗത്തെയാണ് എമ്പുരാനുമായി സോഷ്യല്‍ മീഡിയ കൂട്ടിക്കെട്ടുന്നത്. 'പിന്നെ നിന്നെ എന്നാ വിളിക്കണം, ബജ്രംഗാന്നോ, പേര് മാറ്റിയാ ആള് മാറുവോടാ' എന്ന കുഞ്ചാക്കോ ബോബന്‍റെ ഡയലോഗാണ് സോഷ്യല്‍ ലോകം ഏറ്റെടുത്തിരിക്കുന്നത്. നെറ്റിയില്‍ കുറി തൊട്ട സൈജു കുറുപ്പിന്‍റെ കഥാപാത്രത്തോടാണ് കുഞ്ചാക്കോ ബോബന്‍ ഈ ഡയലോഗ് പറയുന്നത്.
ഈ രംഗം സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. 2025ലെ സംഭവങ്ങള്‍ 2016ല്‍ തന്നെ കുഞ്ചാക്കോ ബോബന്‍ മുന്‍കൂട്ടി കണ്ടോ എന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്. രസകരമായ കമന്‍റുകളും ഇതിനോട് അനുബന്ധിച്ച് വരുന്നുണ്ട്. കാലത്തിന് മുമ്പേ സഞ്ചരിച്ച ഡയലോഗ്, ഇനി ഇ.ഡി കുഞ്ചാക്കോ ബോബന്‍റെ വീട്ടിലേക്ക്, കുഞ്ചാക്കോ ബോബന്‍റെ ഇലുമിനാറ്റി എന്നിങ്ങനെ പോകുന്നു കമന്‍റുകള്‍.
വിവാദങ്ങളെ തുടർന്ന് എമ്പുരാന്‍ സിനിമയിലെ ഏതാനും രംഗങ്ങള്‍ നിര്‍മാതാക്കള്‍ തന്നെ നീക്കിയിരുന്നു. പ്രധാന വില്ലന്‍റെ പേരും മാറ്റി. രണ്ടുമിനിറ്റ് എട്ട് സെക്കന്‍ഡാണ് വെട്ടിമാറ്റിയത്. ഇതോടെ, ഇടവേളയ്ക്ക് മുൻപ് ഒരു മണിക്കൂർ 38 മിനിറ്റ് വരെയുള്ള ഭാഗം ഒരു മണിക്കൂർ 36 ആയി ചുരുങ്ങി. പ്രധാന വില്ലൻ കഥാപാത്രത്തിന്‍റെ പേര് ബൽരാജ് ബജ്‌രംഗി എന്നതിനു പകരം 'ബൽദേവ്' എന്നാക്കി. സ്ത്രീകളോടുള്ള അക്രമം, മത ചിഹ്നങ്ങൾ, എൻ ഐ എ യുടെ ബോർഡ് തുടങ്ങിയവ കാണിക്കുന്ന സീനുകളും വെട്ടി മാറ്റിയിട്ടുണ്ട്.