മികച്ച പ്രേക്ഷകപ്രതികരണം നേടി തിയറ്ററില്‍ വിജയക്കുതിപ്പ് തുടരുകയാണ് പ്രഭാസ് ചിത്രം കല്‍ക്കി 2898 എഡി. വിവിധ ഭാഷകളിലെ മുന്‍നിര താരങ്ങള്‍ അണിനിരന്ന ചിത്രം സംവിധാനം ചെയ്തത് നാഗ് അശ്വിനാണ്. ചിത്രം എല്ലാ ഭാഷകളിലുമായി നിറഞ്ഞ കയ്യടി നേടിയെന്ന് മാത്രമല്ല വലിയ സാമ്പത്തിക വിജയവും കൈവരിച്ച് ചരിത്രം കുറിക്കുകയാണ്. ഇപ്പോഴിതാ കല്‍ക്കിയുടെ വിജയത്തില്‍ പ്രേക്ഷകരോടും ചിത്രത്തിന്‍റെ അണിയറപ്രവര്‍ത്തകരോടും നന്ദി പറയുകയാണ് തെലുങ്ക് സൂപ്പര്‍താരം പ്രഭാസ്. പ്രേക്ഷകരില്ലെങ്കില്‍ താന്‍ ഒന്നുമല്ലെന്നും കല്‍ക്കി വലിയ വിജയമാക്കിത്തീര്‍ത്ത പ്രേക്ഷകര്‍ക്ക് നന്ദിയെന്നും പ്രഭാസ് പറഞ്ഞു. കല്‍ക്കിയുടെ നിര്‍മ്മാതാക്കളായ വൈജയന്തി മൂവീസിന്റെ യൂട്യൂബ് ചാനലിലൂടെയാണ് പ്രഭാസിന്റെ വീഡിയോ പങ്കുവെച്ചത്.
'എന്‍റെ ആരാധകരെ, എനിക്ക് ഇത്രയും വലിയൊരു ഹിറ്റ് നല്‍കിയതിന് ഒരുപാട് നന്ദി. നിങ്ങളില്ലെങ്കില്‍ ഞാന്‍ വെറും വട്ടപ്പൂജ്യമാണ്. സംവിധായകന്‍ നാഗ് അശ്വിന് ഒരുപാട് നന്ദി. അദ്ദേഹം ഈ ചിത്രത്തിന് വേണ്ടി 5 വര്‍ഷത്തോളം കഠിനമായി അധ്വാനിച്ചു. ഇത്രയും ബ്രഹ്മാണ്ഡ സിനിമയൊരുക്കാന്‍ തയ്യാറായ നിര്‍മ്മാതാക്കള്‍ക്ക് ഒരുപാട് നന്ദി. അവര്‍ വളരെ ധൈര്യമുളള നിര്‍മാതാക്കളാണ്. സിനിമയ്ക്ക് വേണ്ടി അവര്‍ ചെലവഴിക്കുന്നത് കണ്ട് ഞങ്ങള്‍ വളരെ ആശങ്കയിലായിരുന്നു. നിര്‍മാതാക്കളോട് ഞാന്‍ ചോദിച്ചു നമ്മള്‍ ഈ സിനിമയ്ക്കായി ഒരുപാട് ചെലവഴിക്കുന്നുണ്ട് അല്ലേ എന്ന്? അപ്പോള്‍ അവര്‍ പറഞ്ഞത് അതോര്‍ത്ത് പേടിക്കേണ്ട. ഈ സിനിമ വലിയൊരു ഹിറ്റായിത്തീരും. അതുകൊണ്ട് തന്നെ ഉയര്‍ന്ന ക്വാളിറ്റിയില്‍ തന്നെ ഒരുക്കണം എന്ന്'
'എനിക്ക് ഇതുപോലൊരു അവസരം നല്‍കിയതിന് നിര്‍മാതാക്കളോടും സംവിധായകന്‍ നാഗിനോടും ഒരുപാട് നന്ദി. കാരണം ഈ ചിത്രത്തിലൂടെ എനിക്ക് ഇന്ത്യന്‍ സിനിമയിലെ ഏറ്റവും വലിയ ലജന്‍ഡുമാരോടൊപ്പം അഭിനയിക്കാന്‍ സാധിച്ചു. അമിതാഭ് ബച്ചന്‍, കമല്‍ഹാസന്‍..നമ്മളെല്ലാവരും അവരുടെ വളര്‍ച്ച കണ്ടാണ് വളര്‍ന്നത്. നിങ്ങളില്‍ നിന്ന് ഒരുപാട് കാര്യങ്ങള്‍ പഠിക്കാന്‍ സാധിച്ചു. ദീപിക പദുക്കോണിനും ഒരുപാട് നന്ദി. നമുക്കറിയാം ഇതിലും വലിയ ഒരു ഭാഗമാണ് ഇനി കാണാനിരിക്കുന്നത്. എന്‍റെ ആരാധകര്‍ക്ക് ഒരുപാട് നന്ദി'.
ആഗോള കളക്ഷനിലും ചിത്രം 1400 കോടി കടന്ന് വിജയക്കുതിപ്പ് തുടരുകയാണ്. ഇന്ത്യയില്‍ നിന്ന് മാത്രം 500 കോടിയിലധികവും സ്വന്തമാക്കി. പ്രഭാസിന്‍റെ ആദ്യ 1000 കോടി സിനിമയാണ് കല്‍ക്കി 2898 എഡി.