പുഷ്പ 2: ദ് റൂള്‍ ബോക്സ് ഓഫീസ് ഹിറ്റ് ആയി മാറിയതിനു പിന്നാലെ മറ്റൊരു ചിത്രവുമായി തെന്നിന്ത്യന്‍ താരം രശ്മിക മന്ദാനയെത്തുന്നു. ദ് ഗേള്‍ഫ്രണ്ട് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ കേന്ദ്രകഥാപാത്രമായെത്തുന്നത് രശ്മികയാണ്. ചിത്രത്തിന്‍റെ ടീസര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. നായികാപ്രാധ്യാന്യമുളള ചിത്രമാണ് ഗേള്‍ഫ്രണ്ട് എന്നാണ് ടീസര്‍ നല്‍കുന്ന സൂചന. പുഷ്പയിലെ ശ്രീവല്ലിക്ക് വന്‍ സ്വീകാര്യതയാണ് ലഭിച്ചത്. സൈബറിടത്തും ശ്രീവല്ലിയുടെ ചിത്രങ്ങളും വിഡിയോകളും തരംഗമായി മാറിക്കൊണ്ടിരിക്കുമ്പോഴാണ് ഫീല്‍ ഗുഡ് ഡ്രാമ ചിത്രവുമായി വീണ്ടും രശ്മികയെത്തുന്നത്.
ദ് ഗേള്‍ഫ്രണ്ട് എന്ന ചിത്രം തെലുങ്കിന് പുറമെ മലയാളം, ഹിന്ദി, തമിഴ്, കന്നട എന്നീ ഭാഷകളിലാണ് പുറത്തിറങ്ങുന്നത്. ചിത്രത്തിന്‍റെ ടീസറില്‍ അണിയറപ്രവര്‍ത്തകള്‍ ഒളിപ്പിച്ചുവച്ച വിജയ് ദേവരകൊണ്ട മാജിക്കിനും വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. ചിത്രത്തിന്‍റെ തെലുങ്ക് പതിപ്പിന്‍റെ ടീസറിന് ശബ്ദം നല്‍കിയിരിക്കുന്നത് വിജയ് ദേവരകൊണ്ടയാണ്. വിജയ് ദേവരകൊണ്ട രശ്മിക പ്രണയത്തെക്കുറിച്ച് വലിയ ചര്‍ച്ചകളും അഭ്യൂഹങ്ങളും സൈബറിടത്ത് സജീവമായി നില്‍ക്കെയാണ് രശ്മിക ചിത്രത്തിന് വിജയ് ദേവരകൊണ്ട ശബ്ദം നല്‍കിയിരിക്കുന്നത്. വിജയ്യുടെ ശബ്ദം ശ്രദ്ധിക്കപ്പെട്ടതോടെ ഇരുവരും തമ്മില്‍ പ്രണയത്തിലാണെന്ന് ആരാധകര്‍ വിധിയെഴുതിക്കഴിഞ്ഞു.
പുഷ്പ 2വിലെ ശ്രീവല്ലി കരുത്തുറ്റ കഥാപാത്രമാണെങ്കില്‍ ഗേള്‍ഫ്രണ്ടില്‍ ഒരു കോളജ് വിദ്യാര്‍ഥിനിയായാണ് രശ്മികയെത്തുന്നത്. കോളജ് കാലഘട്ടവും പ്രണയവും കൂടിക്കലർന്ന ഒരു കഥാപശ്ചാത്തലത്തിലൂടെയാണ് ചിത്രം പ്രേക്ഷകരെ കൊണ്ടുപോകുക എന്നാണ് ടീസറില്‍ നിന്നും വ്യക്തമാകുന്നത്. രാഹുൽ രവീന്ദ്രനാണ് ദ് ഗേള്‍ഫ്രണ്ട് സംവിധാനം ചെയ്യുന്നത്. അല്ലു അരവിന്ദ് അവതരിപ്പിക്കുന്ന ചിത്രം വിദ്യ കൊപ്പിനീടിയും ധീരജ് മൊഗിലിനേനിയും ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്.