arya-online-media

TOPICS COVERED

കഴി‍ഞ്ഞ കുറച്ചുനാളായി ഓണ്‍ലൈന്‍ മീഡിയക്കാര്‍ക്കെതിരെ രൂക്ഷമായ വിമര്‍ശനമാണ് സിനിമാതാരങ്ങള്‍ ഉയര്‍ത്തുന്നത്. മോശമായ ആംഗിളില്‍ വിഡിയോ ഷൂട്ട് ചെയ്ത് പോസ്റ്റ് ചെയ്യുന്നത് വന്‍ ചര്‍ച്ചയായിരുന്നു. ഇപ്പോഴിതാ, ഓണ്‍ലൈന്‍ മീഡിയയ്ക്കെതിരെ വിമര്‍ശനവുമായി എത്തിയിരിക്കുകയാണ് ടെലിവിഷന്‍ ഷോകളിലൂടെയും സിനിമകളിലൂടെയും മലയാളി പ്രേക്ഷകർക്ക് സുപരിചിതയായ ആര്യ. ഒരു ഓണ്‍ലൈന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു താരത്തിന്‍റെ പ്രതികരണം. 

പൊതുവേദികളിൽ എത്തുമ്പോൾ ഓൺലൈൻ മീഡിയകൾ അടുത്തു വരുന്നതിനെയും മോശം ആംഗിളുകളിൽ നിന്ന് വീഡിയോകൾ എടുത്ത് പോസ്‌റ്റ് ചെയ്യുന്നതിനെയും വിമർശിക്കുകയാണ് താരം. വളരെ ഒരു ചെറിയ കടയുടെ ഉദ്ഘാടനം ആണെങ്കില്‍ പോലും നിരവധി ഓണ്‍ലൈന്‍ മീഡിയ സ്ഥലത്തെത്തുന്നുവെന്ന് ആര്യ പറയുന്നു. ഇത്തരം മീഡിയക്കാരുടെ മുന്നില്‍ നില്‍ക്കുമ്പോള്‍ പറയുന്ന ഓരോ വാക്കിലും ഇടുന്ന ഡ്രസിലും ശ്രദ്ധ വേണമെന്നും താരം വെളിപ്പെടുത്തി. ഏത് ആംഗിളില്‍ നിന്നാണ് അവര്‍ വിഡിയോ എടുത്ത് പോസ്റ്റ് ചെയ്യുന്നതെന്ന് അറിയില്ലെന്നും തനിക്ക് അതൊക്കെ ടെന്‍ഷനുള്ള കാര്യമാണെന്നും ആര്യ ചൂണ്ടിക്കാട്ടി. 

നമ്മുടെ സംസ്കാരത്തിന് ഏറ്റവും മികച്ചതെന്ന് തോന്നുന്ന ഒരു വസ്ത്രധാരണമാണ് സാരി. അത് ധരിച്ച് ഉദ്ഘാടനത്തിനു പോയാല്‍ പോലും ചില ആംഗിളില്‍ വിഡിയോ എടുത്തു മോശമാക്കി മാറ്റുന്നു. നിരവധി സുഹൃത്തുക്കള്‍ ഈക്കാര്യം തന്നോട് തുറന്നുപറ‍ഞ്ഞിട്ടുണ്ടെന്നും ആര്യ കൂട്ടിച്ചേര്‍ത്തു. മോശം ആംഗിളില്‍ വിഡിയോ എടുത്താല്‍ വേണമെങ്കില്‍ അവര്‍ക്ക് പോസ്റ്റ് ചെയ്യാതെയിരിക്കാം. പക്ഷേ അത് അവര്‍ ചെയ്യുന്നില്ല. കമന്‍റില്‍ പോലും എന്തിനാണ് ഈ വിഡിയോ ഇട്ടതെന്ന് ചോദിക്കില്ല. കുറ്റം മുഴുവന്‍ ആര്‍ടിസ്റ്റിനാണെന്നും ആര്യ വെളിപ്പെടുത്തി. 

ആര്യ പറഞ്ഞ വാക്കുകളിങ്ങനെ...

ഉദ്ഘാടനങ്ങള്‍ക്ക് പോകുമ്പോള്‍ സാരി ഉടുത്താൽ പോലും രക്ഷയില്ല. നമ്മുടെ സംസ്‌കാരത്തിന് ഏറ്റവും യോജിക്കുന്നത് എന്ന് പറയപ്പെടുന്ന ഒരു വസ്ത്രമാണ്‌ സാരി. ആ സാരിയിൽ പോലും ചില വീഡിയോസ് ഒക്കെ കണ്ടാൽ, ഈശ്വരാ ഈ ആംഗിളിൽ എടുത്താൽ എങ്ങനെ ഇരിക്കും എന്ന് ആലോചിക്കാറുണ്ട്. സ്ഥിരമായി ഉദ്‌ഘാടനങ്ങൾ ചെയ്യുന്ന ചില സഹതാരങ്ങൾ ഇതിനെ കുറിച്ച് പറയുന്നതും കേൾക്കാറുണ്ട്. സാരി ഉടുത്തിട്ട് പോയതാ, അവർ എടുത്തിരിക്കുന്ന ആംഗിൾ കണ്ടപ്പോൾ സത്യം പറഞ്ഞാൽ വിഷമം തോന്നിയെന്ന് പലരും പറഞ്ഞുകേട്ടിട്ടുണ്ട്. അവര്‍ക്ക് വേണമെങ്കില്‍ അത് പോസ്റ്റ് ചെയ്യാതെ ഇരിക്കാം. പക്ഷേ അത് ചെയ്യില്ല. പോസ്റ്റ് ചെയ്തു കഴി‍ഞ്ഞാല്‍ കുറ്റം മുഴുവന്‍ അതിലുള്ള ആര്‍ടിസ്റ്റിനാണ്.എന്നാല്‍ ഇത്രയും മോശം ആംഗിളില്‍ എടുത്തിട്ട് എന്തുകൊണ്ട് അവര്‍ പോസ്റ്റ് ചെയ്തുവെന്ന് ആരും ചോദിക്കില്ല, അതൊക്കെ വളരെ പേടിയുള്ള കാര്യമാണ്.