rekhachitram-mamootty

ആസിഫ് അലി നായകനായെത്തിയ ചിത്രമാണ് രേഖാചിത്രം. മികച്ച പ്രതികരണങ്ങളോടെ ചിത്രം മുന്നേറി കൊണ്ടിരിക്കുകയാണ്. നിരവധി താരങ്ങളും സംവിധായകരും ചിത്രത്തെ പ്രശംസിച്ച് രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ, ചിത്രത്തെ കുറിച്ചുള്ള മമ്മൂട്ടിയുടെ വാക്കുകളാണ് വൈറലാവുന്നത്. മമ്മൂട്ടിയുടെ പുതിയ ചിത്രം ഡൊമിനിക് ആൻഡ് ദി ലേഡീസ് പഴ്സിന്റെ പ്രമോഷന്റെ ഭാഗമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. 

'രേഖാചിത്രം' എന്ന സിനിമയുടെ ഭാഗമാകാന്‍ കഴിഞ്ഞതിനെ കുറിച്ച് സംസാരിക്കുകയാണ് മമ്മൂട്ടി. സിനിമയുടെ ഭാഗമാകാന്‍ തന്നെ സ്വാധീനിച്ച കാര്യങ്ങളാണ് താരം തുറന്നു പറയുന്നത്. ഒരു ഇൻവെസ്റ്റിഗേഷൻ ഡ്രാമ ചിത്രമാണ് രേഖാചിത്രം. ആൾട്ടർനേറ്റീവ് ഹിസ്റ്ററി എന്ന സബ് ഴോണറിലുള്ള സിനിമയുടെ കഥയിൽ മമ്മൂട്ടിയും അദ്ദേഹം നായകനായ കാതോട് കാതോരം എന്ന സിനിമയും ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ട്. പാരലൽ ഹിസ്റ്ററിയിൽ കഥ പറയുന്ന സിനിമകൾ അധികമില്ലെന്നും അത്തരമൊരു പരീക്ഷണം മലയാളത്തില്‍ ഉണ്ടാകുമ്പോള്‍ നമ്മള്‍ അതിനൊപ്പം നില്‍ക്കണമെന്നാണ് മമ്മൂട്ടി തുറന്നുപറഞ്ഞത്. 

രേഖാചിത്രത്തെ കുറിച്ച് മമ്മൂട്ടി പറഞ്ഞ വാക്കുകളിങ്ങനെ...

രേഖാചിത്രമെന്ന സിനിമയുടെ സത്യസന്ധമായ കഥയിൽ ഞാനുണ്ട്. അതുകൊണ്ട് ഞാൻ മാറി നിന്നാൽ ആ സിനിമ പൂർണമാവില്ല. ഈ മമ്മൂട്ടി ചേട്ടൻ എന്ന് പറയുന്നതൊക്കെ എന്റെ സ്വന്തം അനുഭവങ്ങളാണ്. മമ്മൂട്ടി ചേട്ടാ എന്ന് പറഞ്ഞിട്ട് എനിക്കന്ന് കത്തുകളൊക്കെ വന്നിട്ടുണ്ട്. സത്യത്തിൽ അതൊരു ബ്രില്ല്യന്റ് ചിന്തയാണ്. ഈ പാരലൽ ഹിസ്റ്ററിയിൽ അധികം സിനിമകൾ വന്നിട്ടില്ല. അങ്ങനെ ഓരോ കാര്യങ്ങൾ ചെയ്യുമ്പോൾ നമ്മളും കൂടെ നിൽക്കണ്ടേ.. അത് മാത്രമേ ഞാനും ചെയ്തുള്ളൂ.

സിനിമയിൽ എഐ സാങ്കേതിക വിദ്യയുടെ സഹായത്തോടെ പഴയകാല മമ്മൂട്ടിയെ അണിയറ പ്രവർത്തകർ പുനർനിർമിക്കുകയും ചെയ്തിരുന്നു. മമ്മൂട്ടിയുടെ പിന്തുണ കൊണ്ടാണ് ചിത്രം ഒരുക്കിയതെന്നും അദ്ദേഹം 'നോ' പറഞ്ഞിരുന്നുവെങ്കിൽ ഈ സിനിമ സംഭവിക്കില്ലെന്നും ജോഫിൻ പലതവണ പറഞ്ഞിട്ടുമുണ്ട്. അതേസമയം സിനിമയ്ക്കായി മമ്മൂട്ടിയുടെ ഡബ്ബിങ് വീഡിയോ കഴിഞ്ഞ ദിവസം ശ്രദ്ധ നേടിയിരുന്നു. മമ്മൂട്ടി മോഡുലേഷനിൽ മാറ്റങ്ങൾ വരുത്തി ഡയലോഗ് പറയുന്നതും തന്റെ കൈപ്പടയിൽ 'പ്രിയപ്പെട്ട രേഖയ്ക്ക് സ്നേഹപൂർവ്വം മമ്മൂട്ടി ചേട്ടൻ' എന്ന് എഴുതുന്നതുമായ വിഡിയോയാണ് സോഷ്യല്‍മീഡിയയില്‍ തരംഗമായിക്കൊണ്ടിരിക്കുന്നത്.