കർണാടകയിലെ ‘പോണ്ട് മാൻ’ എന്നറിയപ്പെട്ടിരുന്ന കാൽമനെ കാമെഗൗഡ ഓർമയായി. പ്രായാധിക്യത്താലുള്ള അവശതകൾ മൂലം തിങ്കളാഴ്ചയായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. 82 വയസ്സായിരുന്നു പ്രായം. ജലസംരക്ഷണത്തിനും പ്രകൃതി സംരക്ഷണത്തിനും പ്രാധാന്യം നൽകിയ കാമഗൗഡെ ഒരു സാധാരണ കൃഷിക്കാരനായിരുന്നു. ആടുവളർത്തലായിരുന്നു ഉപജീവന മാർഗം. അസാധാരണ വ്യക്തിത്വത്തിനുടമയായ സാധാരണ കൃഷിക്കാരനെന്നാണ് 2020 ലെ മൻ കി ബാത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി കാമഗൗഡയെ വിശേഷിപ്പിച്ചത്. ആരുടെയും സഹായമില്ലാതെ 16 കുളങ്ങളാണ് മാണ്ഡ്യയിലെ തന്റെ ഗ്രാമത്തിലും പരിസരപ്രദേശങ്ങളിലുമായി കാമഗൗഡെ കുഴിച്ചത്. രണ്ടായിരത്തോളം മരങ്ങളും വച്ചുപിടിപ്പിച്ചു.
മാണ്ഡ്യയിലെ മലവല്ലി താലൂക്കിലെ ദാസനഡോഡി ഗ്രാമത്തിലാണ് കാമഗൗഡെ 16 കുളങ്ങൾ കുഴിച്ചത്. വരണ്ടുണങ്ങിയ മലയോരമേഖലയെ തെളിനീരണിയിച്ചത് കാമെഗൗഡെയുടെ കുളങ്ങളാണ്. ദാഹമകറ്റാൻ പക്ഷികളും വന്യമൃഗങ്ങളും ഇന്ന് ആശ്രയിക്കുന്നത് ഈ കുളങ്ങളെയാണ്. കുൻദുരു മേഖലയിലെ ഭൂഗർഭ ജലനിരപ്പ് ഉയർത്താനും ഈ കുളങ്ങൾ സഹായിച്ചു. ഗവൺമെന്റിന്റെയോ മറ്റ് സംഘടനകളുടെയോ സഹായമില്ലാതെയാണ് ഈ കുളങ്ങൾ നിർമിച്ചത്. തരിശുഭൂമിയിലെ ഒറ്റയാൾ പോരാട്ടത്തെ പലരും പരിഹസിച്ചെങ്കിലും തളരാതെ അദ്ദേഹം മുന്നോട്ടുപോവുകയായിരുന്നു. അതുകൊണ്ട് തന്നെ അഭിനവ ഭഗീരഥനെന്നാണ് കർണാടക മുഖ്യമന്ത്രി ബസവരാജ് എസ് ബൊമ്മെ അദ്ദേഹത്തെ വിശേഷിപ്പിച്ചത്. അദ്ദേഹത്തിന്റെ ആത്മാവിന് ശാന്തി നേരുന്നതായും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. 2018ലെ കർണാടക രാജ്യോത്സവ അവാർഡിന് അർഹനായിരുന്നു.