2013 ഡിസംബർ 19, ഒരു വ്യാഴാഴ്ച. പതിവു ആൾകൂട്ടമോ ആരവങ്ങളോ ഇല്ലാതെ ഒരു മോഹലാൽ ചിത്രം തിയറ്ററുകളിലെത്തി. ചുരുക്കം ആളുകളുമായി പ്രദർശനം തുടങ്ങിയ ചിത്രം, പിന്നീട് തീർത്തത് ചരിത്രമായിരുന്നു. നിലക്കാത്ത ജനപ്രവാഹം. തിയറ്ററിലേക്ക് കുടുംബങ്ങള്‍ ഒഴുകിയെത്തി, അന്നുവരെ മലയാളം കാണാത്ത കളക്ഷന്‍ റെക്കോഡുകള്‍ സ്യഷ്ടിക്കപ്പെട്ടു. ജോര്‍ജ് കുട്ടി എന്ന കഥാപാത്രമായി മോഹന്‍ലാല്‍ എത്തിയ ആ ചിത്രത്തിന്‍റെ പേര് ദൃശ്യം എന്നായിരുന്നു. ജീത്തു ജോസഫായിരുന്നു സംവിധായകന്‍, തമിഴും കന്നഡയും തെലുങ്കും ഹിന്ദിയും കടന്ന്, ചൈനീസ് അടക്കം പല ഭാഷകളും ദേശങ്ങളും താണ്ടിയ സിനിമ. ദൃശ്യത്തിന്റെ രണ്ടാം ഭാഗമായ 'ദൃശ്യം 2 മലയാളത്തില്‍ '2021ല്‍ ഒടിടി റിലീസായി എത്തി. ആ ചിത്രവും വിവിധ ഭാഷയിൽ റീമേക്ക് ചെയ്യപ്പെട്ടു. ഇന്ന് തുടര്‍പരാജയങ്ങളില്‍ വലയുന്ന ബോളിവുഡിന് വലിയ ആശ്വാസമാകുകയാണ് ദൃശ്യം 2. അജയ് ദേവ്ഗന്‍ നായകനായ ചിത്രം പ്രദര്‍ശനത്തിനെത്തി ആദ്യ ആഴ്ചതന്നെ നൂറുകോടി ക്ലബ്ബില്‍ ഇടംപിടിച്ചു കഴിഞ്ഞു. പുഷ്പ, കെജിഎഫ്, ആര്‍ആര്‍ആര്‍, വിക്രം, പൊന്നിയിന്‍ സെല്‍വന്‍, തുടങ്ങിയ സൗത്ത് ഇന്ത്യന്‍ സിനിമകള്‍ കൂറ്റന്‍ കളക്ഷനുമായി മുന്നേറിയപ്പോള്‍, പരാജയത്തിന്‍റെ പടുകുഴിയിലായിരുന്നു ബോളിവുഡ്. ശതകോടികൾ വാരാമെന്നു മോഹിച്ചു നിർമിച്ച വമ്പൻ ബോളിവുഡ് ചിത്രങ്ങൾ, എല്ലാം പൊളിഞ്ഞടങ്ങി.
അക്ഷയ് കുമാറിന്റെ ബച്ചൻ പാണ്ഡെ, സാമ്രാട്ട് പൃഥ്വിരാജ്, രക്ഷാബന്ധന്‍. രൺബീർ കപൂറിന്റെ ഷംഷേര, ആമിർ ഖാന്റെ ലാൽ സിംഗ് ഛദ്ദ എന്നിവയെല്ലാം വന്നതും പോയതും പെട്ടെന്നായിരുന്നു. ക്ലീഷേ കഥകളും സൂപ്പര്‍ താര ആഡംബരങ്ങള്‍ക്കുമപ്പുറം പ്രേക്ഷകനെ വിസ്മയിപ്പിക്കാന്‍ കഴിയാതെ ബി ടൗണ്‍ ബോക്‌സ് ഓഫീസില്‍ കടപുഴകി വീണ മാസങ്ങള്‍. ഇവിടെയാണ് മലയാളത്തില്‍ നിന്ന് പുറപ്പെട്ട ദൃശ്യം 2 ഹിന്ദി പതിപ്പ് ബോളിവുഡിൽ സൂപ്പർഹിറ്റ് ചാർട്ടിലേക്ക് കുതിക്കുന്നത്. വീണ്ടും തിയറ്ററുകളിലേക്ക് ആളെ കൂട്ടുന്നത്. ദൃശ്യം 2 റീമേക്ക് പതിപ്പുകളിൽ തിയറ്ററിലെത്തുന്ന ഒരേയൊരു ചിത്രവും ദൃശ്യം 2 ഹിന്ദി പതിപ്പാണ്. മലയാളവും തെലുങ്ക്, കന്നഡ റീമേക്കുകളും ഒടിടിയിലായിരുന്നു റിലീസിനെത്തിയത്. ടി സീരിസും വയാകോം 18 സ്റ്റുഡിയോസും ചേര്‍ന്നു നിർമിക്കുന്ന സിനിമയുടെ കോ പ്രൊഡ്യൂസേഴ്സ് ആശീർവാദ് സിനിമാസാണ്. 50 കോടി ബജറ്റിൽ നിർമിച്ച സിനിമ ഇരുന്നൂറു കോടിയിലേക്ക് കുതിപ്പ് തുടരുകയാണ്. വിഡിയോ കാണാം.
ദൃശ്യം 2 പോലെ മൂന്നോ നാലോ വിജയങ്ങള്‍ കൂടി ഉണ്ടായാലേ ബോളിവുഡിന് നിലവിലെ അവസ്ഥയെ അതിജീവിക്കാന്‍ കഴിയൂവെന്നാണ് വിജയാഘോഷത്തിനിടെ അജയ് ദേവ്ഗന്‍ പറഞ്ഞത്. വിജയത്തിനായി ബോളിവുഡ് അത്രമേല്‍ കാത്തിരുന്നിരുന്നുവെന്ന് ആ വാക്കുകളില്‍ വ്യക്തം. സൗത്ത് ഇന്ത്യന്‍ സിനിമകള്‍ കോടി ക്ലബുകളില്‍ അപ്രതീക്ഷിത വിജയം ആവര്‍ത്തിക്കുമ്പോള്‍ പകച്ചുനിന്ന ബോളിവുഡിന്, ആ പഴയ പ്രതാപത്തിലേക്കുള്ള മടങ്ങി വരവിന്‍റെ ആദ്യ പടിയാകുന്നു ദൃശ്യം ടു.
ദ്യശ്യം പുറത്തിറങ്ങും മുന്‍പ് മണിച്ചിത്രത്താഴാണ് കൂടുതൽ ഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെട്ട മലയാള സിനിമ. അഞ്ച് ഭാഷകളിലാണ് അന്ന് സിനിമ പുറത്തിറങ്ങിയത്. മലയാളത്തിൽനിന്ന് ഒന്നിലേറെ ഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെട്ട ചിത്രങ്ങളിൽ ഏറെയും ഫാസിൽ, സിദ്ദീഖ്-ലാൽ, പ്രിയദർശൻ ചിത്രങ്ങളാണ്. ഹിന്ദിയിലേക്ക് കൂടുതൽ ചിത്രങ്ങളും റീമേക്ക് ചെയ്തത് പ്രിയദർശനാണ് . എന്നാല്‍ വിവിധ ഭാഷാ റീമേക്കുകളുടെ എണ്ണത്തില്‍ ദൃശ്യത്തെ കവച്ചുവെക്കാന്‍ ഇന്ത്യന്‍ സിനിമയില്‍ ഒരു ചിത്രം ഇന്നും ഉണ്ടായിട്ടില്ല. അവയൊക്കെ വന്‍ പ്രേക്ഷക സ്വീകാര്യതയും നേടി എന്നത് ദ്യശ്യത്തിന് മാത്രം അവകാശപ്പെട്ട ചരിത്രം. 3302 സ്ക്രീനുകളിലാണ് ഇന്ത്യയില്‍ ഹിന്ദി പതിപ്പ് റിലീസ് ചെയ്യപ്പെട്ടത്. ദൃശ്യത്തിന്റെ സ്രഷ്ടാവ് ജീത്തു ജോസഫിനും ബോളിവുഡില്‍ നിന്ന് അഭിനന്ദനങ്ങള്‍ പ്രവഹിക്കുന്നുണ്ട്. ആഗോള തലത്തിലും ഫിലിംമേക്കേഴ്‌സിന് പ്രചോദനമാകുന്ന ഫ്രാഞ്ചെസിയാണ് ദൃശ്യം എന്നാണ് നിരൂപക പ്രശംസ. നിഷികാന്ത് കമത്ത് ആണ് ദൃശ്യം ആദ്യഭാഗത്തിന്റെ ബോളിവുഡ് റീമേക്ക് സംവിധാനം ചെയ്തിരുന്നത്. രണ്ടാം ഭാഗം അഭിഷേക് പഥക്കും. ദ്യശ്യം രണ്ടാം ഭാഗത്തിൽ മുരളി ഗോപി അവതരിപ്പിച്ച ഐജി തോമസ് ബാസ്റ്റിനെന്ന കഥാപാത്രത്തെ ഹിന്ദിയിൽ അവതരിപ്പിക്കുന്നത് അക്ഷയ് ഖന്നയാണ്. ഹിന്ദിയിൽ വിജയ് സൽഗനോകർ എന്നാണ് ജോർജ്കുട്ടിയുടെ പേര്. റാണി, നന്ദിനി ആകുമ്പോള്‍, അനുവും അഞ്ജുവും പേരുകളിൽ മാറ്റമില്ലാതെ തുടരുന്നു. ആശ ശരത് അവതരിപ്പിച്ച ഗീത പ്രഭാകറായി ഹിന്ദിയിൽ തബു എത്തുന്നു. രജത് കപൂർ ആണ് സിദ്ദീഖിന്‍റെ വേഷത്തില്‍.
പ്രിയദര്‍ശന്‍റെ ഉല്‍സാഹത്തില്‍ കോമഡി സിനിമകള്‍ കൂടുതലായി മലയാളത്തില്‍ നിന്ന് ഹിന്ദിയിലേയ്ക്ക് റിമേക്ക് ചെയ്തിരുന്ന ഒരു കാലമുണ്ടായിരുന്നു. 'ബോയിങ് ബോയിങാ'ണ് 'ഗരംമസാല'യായത്, 'പൂച്ചയ്‌ക്കൊരു മൂക്കുത്തി'യാണ് 'ഹംഗാമ- 1' ആയത്. 'റാംജിറാവു സ്പീക്കിങ്' 'ഹേരാ ഫേരി'യും 'മണിചിത്രത്താഴ്' 'ബൂല്‍ ബുലയ്യ'യുമായി. എന്നാല്‍ സിനിമയുടെ പേര് പോലും മാറ്റാതെ റീമേക്കിലൂടെ ചരിത്രം തീര്‍ത്തത് ദ്യശ്യമാണ്. 25 വർഷം തുടർച്ചയായി ദിൽവാലേ ഡുൽഹനിയ ലേ ജായേങ്കേ സിനിമ പ്രദര്‍ശിപ്പിച്ച മറാത്ത മന്ദിർ തിയറ്ററില്‍ കോവിഡ് കാലത്തിന് ശേഷം ഒരു ചിത്രം ഹൗസ്ഫുള്ളായി ഓടുന്നതും ദ്യശ്യം 2 വിലൂടെയാണ്.
2013ല്‍ മലയാളത്തില്‍ തുടര്‍ച്ചയായ തിരിച്ചടികള്‍ ഉണ്ടായപ്പോള്‍, മോഹന്‍ലാലിന് കരിയറില്‍ ഒരു തിരിച്ചുവരവായിരുന്നു ദൃശ്യത്തിന്‍റെ ആദ്യഭാഗം. മോഹന്‍ലാല്‍ എന്ന താരത്തിന് മാത്രമല്ല, മലയാളം സിനിമാമേഖലയ്ക്കാകെ ഊര്‍ജ്ജമായി ദൃശ്യത്തിന്റെ വിജയഭേരി. നമ്മുടെ സിനിമയ്ക്ക് പാന്‍ ഇന്ത്യന്‍ സ്വീകാര്യത സൃഷ്ടിച്ചായിരുന്നു ദൃശ്യം രണ്ടാം ഭാഗം ഒടിടി റിലീസായി എത്തിയത്. കോവിഡ് കാലത്ത് എത്തിയ ചിത്രത്തിന്‍റെ വലിയ വിജയം ദ്യശ്യം എന്ന സിനിമയെ ഒരു ബ്രാന്‍ഡായി വളര്‍ത്തി. ഇന്ന് മലയാളത്തിന്റെ സ്വന്തം ദൃശ്യം ബോളിവുഡിന്റെ വിധി തന്നെ മാറ്റിയെഴുതുമ്പോള്‍ അത് മലയാളത്തിനും അഭിമാനനിമിഷം.
Story Highlights: Hindi Drishyam Remake Making Rise To Bollywood