TAGS

വിവാദങ്ങൾക്കിടെ സിനിമാ പ്രേമികൾ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഷാറൂഖ് ചിത്രം പത്താന്റെ ട്രെയ്‌‌ലര്‍ പങ്കുവെച്ച് തമിഴകത്തിന്റെ സൂപ്പർ താരം ഇളയ ദളപതി വിജയ്. ട്വിറ്ററിലൂടെയാണ് വിജയ് പത്താന്റെ ട്രെയ്‌‌ലര്‍ പങ്കുവെച്ചത്. ഷാരൂഖ് ഖാൻ സാറിനും പത്താന്റെ മറ്റു ടീമംഗങ്ങൾക്കും ആശംസകൾ എന്നും വിജയ് കുറിച്ചു.  

പത്താനിലെ ബേഷറം രംഗ് എന്ന പാട്ടു രംഗത്തിൽ ദീപിക ധരിച്ച കാവി നിറത്തിലുള്ള ബിക്കിനിയെ ചൊല്ലി വിവാദം കൊഴുത്തിരുന്നു. ഈ ഗാനം ഹിന്ദുക്കളുടെ വികാരം വ്രണപ്പെടുത്തുന്നതാണെന്നും സിനിമ റിലീസ് ചെയ്യാൻ അനുവദിക്കരുതെന്നുമാവശ്യപ്പെട്ട് ഹിന്ദുത്വ സംഘടനകൾ രംഗത്തു വന്നത് ഏറെ ഒച്ചപ്പാടുണ്ടാക്കി.

ഷാറൂഖ് ഖാന്റെയും ദീപിക പതുക്കോണിന്റെയും കോലം കത്തിച്ചും പ്രതിഷേധക്കാർ രംഗത്തു വന്നിരുന്നു. ദീപികയുടെ വസ്ത്ര ധാരണം പ്രതിഷേധാർഹമാണെന്നും ഗാനം ചിത്രീകരിച്ചത് മലിനമായ മാനസികാവസ്ഥയിലാണെന്നും മധ്യപ്രദേശ് ആഭ്യന്തര മന്ത്രി നരോത്തം മിശ്രയ പ്രതികരിക്കുകയും ചെയ്തു. വിവാദങ്ങൾക്കിടെയാണ് വിജയ് ചിത്രത്തിന്റെ ട്രെയിലര്‍ പങ്കു വെച്ചതെന്നും ശ്രദ്ധേയമാണ്.

ഈ മാസം 25 നാണ് പത്താൻ തിയറ്ററുകളിലെത്തുന്നത്. ത്രസിപ്പിക്കുന്ന ആക്ഷൻ രംഗങ്ങളാണ് പത്താന്റെ ട്രെയ്‌‌ലറിലുള്ളത്. ബോളിവുഡിൽ ഇതുവരെ കാണാത്ത ലൊക്കേഷനുകളിലാണ് ചിത്രം ചിത്രീകരിച്ചിരിക്കുന്നത്. ദീപിക പതുക്കോൺ നായികയയി എത്തുന്ന ചിത്രത്തിൽ ജോണ്‍ അബ്രഹാമും പ്രധാന വേഷത്തിലെത്തുന്നുണ്ട്.

Vijay shares Pathan movie trailer