വിട പറയുന്ന 2023ല്‍ പാട്ടുപ്രേമികള്‍ ഏറ്റുപാടിയ പാട്ടുകള്‍ ഏതാണ് ?. സോഷ്യലിടത്തും ആസ്വാദകഹൃദയങ്ങളിലും ഹിറ്റായ ഒരു പിടി പാട്ടുകളുണ്ട്. ഹിറ്റായ മലയാളം പാട്ടുകള്‍ തിരഞ്ഞുപോയാല്‍ നിരാശയാണ്. മലയാളത്തില്‍ ആസ്വാദകരെ കീഴടക്കിയ പാട്ടുകള്‍ എണ്ണത്തില്‍ വളരെ താഴെയായ വര്‍ഷം കൂടിയാണ് 2023. അതുകൊണ്ടുതന്നെ മലയാളികള്‍ പാടി നടന്ന പാട്ടുകളില്‍ തമിഴൂം തെലുങ്കും കന്നടയും ഹിന്ദിയും പാട്ടുകളെല്ലാം കടന്നെത്തി. അങ്ങനെ 2023ലെ ഹിറ്റ് ലിസ്റ്റില്‍ ഇടം പിടിച്ച്, കാതുകളില്‍ നിന്ന് അടുത്തൊന്നും അകന്നുപോകാത്ത 10 വൈറല്‍ പാട്ടുകളാണ് ഇവിടെ. റീലുകളില്‍ ഇനിയുമേറെ വര്‍ഷം മാഞ്ഞു പോകാത്ത പാട്ടുകള്‍.
1
2023 ന്റെ തുടക്കത്തിൽ സമൂഹ മാധ്യമങ്ങളിൽ ട്രെൻഡിങ് വണ്‍ ആയി മാറിയ ഒരു ഗാനം. ആ പാട്ട് കൊണ്ടുള്ള റീല്‍ തരംഗമാണ് പിന്നീട് ലോകം കണ്ടത്. വാരിസ് എന്ന തമിഴ് ചിത്രത്തിൽ തമൻ എസ് സംഗീതം നൽകി ദളപതി വിജയും എംഎം മാനസിയും ചേർന്ന് പാടിയ ‘രഞ്ജിതമേ’ എന്നു തുടങ്ങുന്ന ഗാനം ഉണ്ടാക്കിയ ഓളം ചെറുതൊന്നുമല്ല. നൃത്തരംഗത്തിൽ ചുവടുവച്ചത് വിജയും രശ്മിക മന്ദാനയും ചേർന്നായപ്പോൾ അതൊരു ഒന്നൊന്നര പാട്ടായി മാറി.
2
ഷാരുഖ് ഖാന് നായകനായെത്തിയ ബിഗ് ബജറ്റ് ചിത്രം പഠാനിലെ എല്ലാ ഗാനങ്ങളും ഒന്നിനൊന്ന് മികച്ചതായിരുന്നു. വിശാല്‍–ശേഖര്‍ കോംമ്പോയില്‍ പിറന്ന 'ജൂമേജോ പത്താന്' എന്ന ഗാനവും 'ബേഷരം രംഗ്' എന്ന ഗാനവുമെല്ലാം ലോകമെമ്പാടും വന്‍സ്വീകാര്യത നേടിയവയായി. കാവി വസ്ത്രത്തിന്റെ പേരില്‍ 'ബേഷരം രംഗ്' എന്ന ഗാനം വിവാദങ്ങളില്‍പെട്ട് ഉലഞ്ഞെങ്കിലും പാട്ടാസ്വാദകരെ അതൊരുതരത്തിലും ബാധിച്ചില്ല. ഷാരൂഖും ദീപിക പദുക്കോണും ഒന്നിച്ചെത്തിയ ഗാനരംഗം പ്രേക്ഷകര്‍ ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചത്. ശില്പ റാവു, കാരലിസ മോണ്റ്റെറൊ, വിശാല്‍ ശേഖര്‍ എന്നിവര്‍ ചേര്‍ന്നാണ് 'ബേഷരം രംഗ്' എന്ന മനോഹര ഗാനം ആലപിച്ചിരിക്കുന്നത്. 'ബേഷരം രംഗ്' എന്ന ഗാനത്തെക്കാള്‍ ഒരുപടി മുകളിലെത്തിയത് പക്ഷേ
'ജൂമേജോ പത്താന്' എന്ന ഡാന്‍സ് സോങ് ആയിരുന്നു. 'ജൂമേജോ പത്താന്' ആഗോളതലത്തിലും ട്രെന്‍ഡിങ് ആയി. വിദേശികള്‍ പോലും ഈ പാട്ടിനൊത്ത് ചുവടുവച്ചു. സമൂഹമാധ്യമങ്ങളിലെ വൈറല്‍ വിഡിയോസില്‍ ഒരുപക്ഷേ ഈ പാട്ടിന്റെ റീല്സായിരിക്കും മുന്‍നിരയിലുണ്ടാകുക.
3
കൽക്കി എഴുതിയ, തമിഴ് സാഹിത്യത്തിലെ ഇതിഹാസരചന അതേ പേരില്‍ മണിരത്നം കാഴ്ചക്കാര്‍ക്ക് മുന്നിലെത്തിച്ചപ്പോള്‍ അവിടെ പിറന്നത് പൊന്നിയിന്‍ സെല്‍വനെന്ന ദൃശ്യവിസ്മയമാണ്. ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് 2023 ഏപ്രിലില്‍ റിലീസ്. എആര്‍ രഹ്മാന്റെ ഈണത്തില്‍ ശങ്കര്‍ മഹാദേവനും കെ എസ് ചിത്രയും ഹരിണിയും ചേര്‍ന്ന് പാടിയ 'വീരാ രാജ വീര' എന്ന ഗാനം 2023 ലെ മികച്ച ഗാനങ്ങളില്‍ ഒന്നാണ്. ക്ലാസിക്കല്‍ ടച്ചുളള മനോഹരഗാനം രാജഭരണക്കാലത്തേക്ക് കേള്‍വിക്കാരെ കൂട്ടിക്കൊണ്ടുപോയി. റീലുകളായി പുനര്‍ജനിച്ച പാട്ടിതാണെങ്കില് പാട്ടാസ്വാദകര് പാടിപ്പതിഞ്ഞ ഗാനം മറ്റൊന്നായിരുന്നു. ശക്തിശ്രീ ഗോപാലന് പാടിയ "അക നഗ"എന്ന ഗാനം മെലഡി ആസ്വാധകരുടെ പോയ വര്‍ഷത്തെ ഇഷ്ടഗാനമായി അത് മാറി.
4
മലയാളത്തില്‍ പുതുമ നിറഞ്ഞ പ്രമേയവും ഒപ്പം പുതുമുഖങ്ങളെയും പ്രധാന കഥാപാത്രങ്ങളായി അവതരിപ്പിച്ച ഒരു കൊച്ചുസിനിമ. അതൊരു ട്രെന്‍ഡ് സെറ്ററായി. പറഞ്ഞുവരുന്നത് രോമാഞ്ചം എന്ന മലയാള സിനിമയെക്കുറിച്ചാണ്. ചിത്രത്തിലെ പാട്ടുകളെല്ലാം തന്നെ അതിന്റെ വരികളുടെ കാര്യത്തിലും ഈണത്തിന്റെ കാര്യത്തിലും തീര്‍ത്തും പുതിയതായിരുന്നു. ചിത്രത്തിലെ "ആദരാഞ്ജലി നേരട്ടെ" എന്ന പ്രമോ സോങ് കേരളക്കരയില്‍ നാളുകളോളം അലയടിച്ചു. ഗാനമാലപിച്ചതും സംഗീതം നല്കിയതും സുഷിന് ശ്യം തന്നെ. ചിത്രതത്തിലെ ആത്മാവേ പോ എന്ന ഗാനവും തലതെറിച്ചവര്‍ എന്ന ഗാനവുമെല്ലാം മലയാളിമനസ് കീഴടക്കി. റീലുകളും.
5
തികച്ചും വ്യത്യമായ ഗെറ്റപ്പില്‍ നാനിയും കീര്‍ത്തി സുരേഷും തകര്‍ത്തഭിനയിച്ച തെലുങ്ക് ചിത്രമാണ് ദസറ. ചിത്രത്തിലെ 'ചമ്കീല അങ്കീലേസി' എന്ന ഗാനം 2023 ലെ ട്രെന്‍ഡിങ് പാട്ടുകളില്‍ ഒന്നായി മാറി. ചിത്രത്തിന്റെ തമിഴ് പതിപ്പിലെ ഗാനമാണ് തെലുങ്ക് ഗാനത്തെക്കാള്‍ വൈറലായത്. സന്തോഷ് നാരായണിന്റെ സംഗീതത്തിന് അനിരുദ്ധും ധീയും ചേര്‍ന്ന് ശബ്ദം പകര്‍ന്നപ്പോള്‍ "മൈനാരു വേട്ടി കെട്ടി" എന്ന രസകരമായ ഗാനം പിറന്നു. സമൂഹമാധ്യമങ്ങളില്‍ ഈ നൃത്തത്തിനൊത്ത് ചുവടുവച്ചവരും നിരവധിയാണ്. 2023 ലെ വൈറല്‍ റീല്‍സ് എടുത്താല്‍ അതില്‍ ദസറയിലെ "മൈനാരു വേട്ടി കെട്ടി" എന്ന ഗാനവുമുണ്ടാകും.
6
ദുല്‍ഖര്‍ സല്‍മാന്റെ ആക്ഷന്‍ ത്രില്ലര്‍ ചിത്രമായ കിങ് ഓഫ് കൊത്ത ബോക്സ് ഓഫീസില്‍ മികച്ച പ്രകടനം കാഴ്ചവെച്ചില്ലെങ്കിലും ചിത്രത്തിലെ "കലാപക്കാര" എന്ന ഗാനം യുവത്വത്തെ ആകെ നൃത്തം ചെയ്യിച്ചു. ജെയ്ക്സ് ബിജോയ് സംഗീതം നല്കി ശ്രേയ ഘോഷാലും , ബെന്നി ദയാലും ,ജെയ്ക്സ് ബിജോയിയും ചേര്‍ന്ന് ആലപിച്ച കലാപക്കാര എന്ന ഗാനം സമൂഹമാധ്യമങ്ങളില്‍ വലിയ തരംഗം തന്നെ സൃഷ്ടിച്ചു. വിദേശ രാജ്യങ്ങളില്‍ നിന്ന് പോലും പാട്ടിന് ആരാധകരെത്തി. കലാപക്കാര എന്ന ഗാനവും അതിലെ നൃത്തരംഗങ്ങളും നിറഞ്ഞ കയ്യടിയാണ് നേടിയത്.
7
രജനികാന്തിന്റെ ജയിലര്‍ 2023 ലെ ബോക്സ് ഓഫീസ് ഹിറ്റുകളില്‍ ഒന്നായിരുന്നു. സംഗീതം അനിരുദ്ധ്. ചിത്രത്തിലെ ഗാനങ്ങളെല്ലാം ഒന്നിനൊന്ന് മികച്ചവയായിരുന്നു. ഹുക്കും എന്ന ഗാനവും, രത്തമാരെയ് എന്ന് തുടങ്ങുന്ന ഗാനവും പ്രേക്ഷകരുടെ പ്രിയപ്പെട്ട പാട്ടുകളായി മാറിയപ്പോള്‍ കാവാലയ്യപ്പാട്ട് ആഗോളതലത്തില്‍ ട്രെന്‍ഡ് സെറ്ററായി മാറുകയായിരുന്നു. ശില്പ റാവുവിന്റെയും അനിരുദ്ധിന്റെയും സ്വരമാധുര്യത്തിന് തമന്നയുടെ കിടിലന്‍ നൃത്തച്ചുവടുകള്‍ കൂടെയായപ്പോള്‍ സംഭവം കളറായി.
8
ആക്ഷന്‍ പ്രാധാന്യം കൊടുത്ത് ഇറങ്ങിയ ചിത്രമായിരുന്നു ആര്‍ഡിഎക്സ്. ചിത്രത്തിലെ 'നീല നിലവേ' എന്ന ഗാനമാണ് മലയാളത്തിലെ 2023 ല്‍ പുറത്തിറങ്ങിയ പാട്ടുകളില്‍ മുന്നിലുളളത്. മനു മഞ്ജിത്തിന്റെ വരികള്‍ക്ക് സംഗീതം നല്‍കിയത് സാം സി എസ് ആണ്. കപില്‍ കപിലന്റെ ശബ്ദം കൂടിച്ചേര്‍ന്നപ്പോള്‍ മധുരമുളള ഒരു ഗാനം പിറന്നു. നീല നിലവേ എന്ന ഗാനം യൂത്തിനിടയില്‍ വലിയ തരംഗം തന്നം സൃഷ്ടിച്ചു. കൊച്ചു കുട്ടികള്‍ മുതല്‍ പ്രായമായവര്‍ വരെ ഒരേ സ്വരത്തില്‍ ആ പാട്ടു പാടി . നീല നിലവേ...നിനവിനഴകേ..
9
വിജയ്യുടെ ഗംഭീര തിരിച്ചുവരവായിരുന്നു ലിയോ. ചിത്രം വന്‍ വിജയമായെന്ന് മാത്രമല്ല നിരൂപക പ്രശംസയും പിടിച്ചുപറ്റി. ചിത്രത്തിലെ പാട്ടുകളും മികച്ചവയായിരുന്നു. 'നാ റെഡി താ' എന്നു തുടങ്ങുന്ന ഗാനം പണ്ടെങ്ങോ കണ്ടുമറന്ന ഇളയ ദളപതിയെ പ്രേക്ഷകര്‍ക്ക് മുന്നില്‍ വീണ്ടുമെത്തിച്ചു. ചടുലമായ നൃത്തച്ചുവടുകള്‍കൊണ്ടും വിജയ്യുടെ സിഗ്നേച്ചര്‍ എക്സ്പ്രഷന്‍സ് കൊണ്ടും ആ ഗാനം പ്രേക്ഷകന് സമ്മാനിച്ചത് മികച്ച അനുഭൂതിയായിരുന്നു. ദളപതി വിജയ്യും അനിരുദ്ധും ചേര്‍ന്നാണ് പാട്ട് പാടിയിരിക്കുന്നത്. ഈ പാട്ടും സോഷ്യല്‍ ലോകത്ത് സൃഷ്ടിച്ച ഓളം ചെറുതൊന്നുമല്ല.
10
സോഷ്യല്‍ ലോകത്ത് തരംഗം തീര്‍ത്ത ഒരു പാട്ട്. സുലൈഖ മന്‍സില്‍ എന്ന ചിത്രത്തിലെ ആദ്യാനുരാഗക്കോള് എന്നു തുടങ്ങുന്ന "ജില് ജില് ജില് ഗാനം സമൂഹമാധ്യമങ്ങളിലുണ്ടാക്കിയ ആവേശം ചെറുതൊന്നുമായിരുന്നില്ല. ഒപ്പനപ്പാട്ടിനോട് നേരിയ തോതില്‍ സാദൃശ്യമുളള ഈ ഫാസ്റ്റ് നമ്പര്‍ ഗാനം കൊച്ചുകുട്ടികള്‍ മുതല്‍ പ്രായമായവരുടെ വരെ ഇഷ്ടപ്പാട്ടായി. പാട്ടിനൊപ്പം മികച്ച ദൃശ്യവിരുന്ന് കൂടിയായപ്പോള്‍ 2023 ലെ മികച്ച ഗാനങ്ങളുടെ ലിസ്റ്റില്‍ മുന്‍നിരയില്‍ തന്നെ ജില് ജില് ജില് എന്ന ഗാനം സ്ഥാനം പിടിച്ചു. വിഷ്ണു വിജയ് സംഗീതം പകര്‍ന്ന് വര്‍ഷ രഞ്ജിത്ത്, മീര പ്രകാശ്, വിഷ്ണു വിജയ് എന്നിവര്‍ ചേര്‍ന്നാലപിച്ച ഗാനം മലയാളത്തിലെ 2023 ലെ മികച്ച ഗാനമായി മാറി. ചിത്രത്തിലെ ഹാലാകെ മാറുന്നെ എന്ന ഗാനവും പ്രേക്ഷകപ്രീതി പിടിച്ചുപറ്റി.
2023 ലെ വൈറല്‍ ഗാനങ്ങളില്‍ ആദ്യ പത്തില്‍ വരുന്നവയാണ് ഈ പറഞ്ഞത്. എന്നാല്‍ ഇവയ്ക്കെല്ലാം പുറമെ ഒരു ഗാനം ലോകമെമ്പാടും ഒരേ പോലെ മുഴങ്ങിക്കേട്ടു ഇന്ത്യാക്കാരും വിദേശികളും ഒരുപോലെ ആവര്‍ത്തിച്ചു പാടിയ ഒരു പാട്ട്. ഷാരൂഖ് ചിത്രമായ ജവാനിലെ "ചലേയാ' എന്ന ഗാനമാണ് ലോകമെനമ്പാടുമുളള സിനിമാസ്വാദകരുടെ പ്രിയപ്പെട്ട പാട്ടായി മാറിയത്. നയന്‍താര–ഷാരൂഖ് കോമ്പോ കൂടിയായപ്പോള്‍ അസല്‍ വിഷ്വല്‍ ട്രീറ്റ് ആയി മാറി ചലേയാ'.
2023 ല്‍ കുറെയേറെ നല്ല പാട്ടുകള്‍ കേട്ടു. പലതും പാടിപ്പാടി നമ്മള് പോലുമറിയാതെ ജീവിതത്തിന്റെ ഭാഗമായി. 2024 ലും കേള്‍ക്കാനിരിക്കുന്ന പാട്ടുകള്‍ അതിമനോഹരമാകട്ടെ. ആ പാട്ടുകള്‍ക്കായി കാത് കൂര്‍പ്പിച്ച് കാത്തിരിക്കാം.