വാഷിങ്ടണ്‍: ‘ഞാന്‍ ദൈവത്തെ കണ്ടു..’ ലോക സിനിമയിലെ മാസ്റ്റര്‍ ക്രാഫ്റ്റ്മാന്‍ സ്റ്റീവന്‍ സ്പീല്‍ബര്‍ഗിനെ കണ്ട ആഹ്ലാദം പങ്കിട്ട് ഗോള്‍ഡന്‍ ഗ്ലോബ് ജേതാവ് എംഎം കീരവാണി സമൂഹമാധ്യമങ്ങളില്‍ കുറിച്ചത് ഇങ്ങനെ. ഇപ്പോഴിതാ നാട്ടു നാട്ടുവിനേയും ആര്‍ ആര്‍ ആറിനേയും അഭിനന്ദിച്ച് ഇതിഹാസ സംവിധായകന്‍ ജെയിംസ് കാമറൂണ്‍ എത്തിയതിന്‍റെ സന്തോഷവും ആരാധകരുമായി പങ്കുവെക്കുകയാണ് കീരവാണി.

രണ്ട് വട്ടം ജെയിംസ് കാമറൂണ്‍ ആര്‍ആര്‍ആര്‍ കണ്ടതായാണ് കീരവാണി സമൂഹമാധ്യമങ്ങളില്‍ കുറിച്ചത്. തന്‍റെ സംഗീതത്തെ കുറിച്ച് അദ്ദേഹം അഭിപ്രായം പറഞ്ഞതായും 28ാമത് ക്രിട്ടിക്സ് ചോയ്സ് അവാര്‍ഡ് പുരസ്കാര ചടങ്ങിനിടയിലെ ജെയിംസ് കാമറൂണിന് ഒപ്പമുള്ള ചിത്രം പങ്കുവെച്ച് കീരവാണി പറയുന്നു. കടലോളം ആഹ്ലാദം എന്നാണ് ഫോട്ടോയ്ക്കൊപ്പം കീരവാണി കുറിച്ചത്.

ഞങ്ങളുടെ സിനിമയെ കുറിച്ച് സംസാരിക്കാന്‍ അദ്ദേഹം ഞങ്ങള്‍ക്കൊപ്പം പത്ത് മിനിറ്റ് ചെലവഴിച്ചെന്ന് എനിക്ക് വിശ്വസിക്കാന്‍ സാധിക്കുന്നില്ല എന്ന പ്രതികരണവുമായി രാജമൗലിയും ട്വിറ്ററിലെത്തി. അദ്ദേഹം ആര്‍ആര്‍ആര്‍ കണ്ടു. തന്‍റെ ഭാര്യയോടൊപ്പം അദ്ദേഹം അത് വീണ്ടും കാണുകയും ചെയ്തു. നിങ്ങള്‍ പറഞ്ഞത് പോലെ, ഞാന്‍ ലോകത്തിന്‍റെ ഏറ്റവും മുകളിലാണ്– രാജമൗലി ട്വീറ്റ് ചെയ്തു.

James cameroon watched rrr twice