Image Credit: acebook.com/AlwaysRamCharan

തെലുങ്ക് സൂപ്പര്‍താരം റാം ചരണിനെ ഓണററി ഡോക്ടറേറ്റ് നല്‍കി ആദരിക്കാന്‍ ചെന്നൈയിലെ വെല്‍സ് സര്‍വകലാശാല. ഇന്ന് നടക്കുന്ന സര്‍വ്വകലാശാലയുടെ ബിരുദദാന ചടങ്ങില്‍ രാം ചരണ്‍ മുഖ്യാതിഥിയായി പങ്കെടുക്കും എന്നാണ് റിപ്പോ‍ര്‍ട്ടുകള്‍‌. ഈ ചടങ്ങില്‍ തന്നെയായിരിക്കും അദ്ദേഹത്തിന് ഡോക്ടറേറ്റും നല്‍കുക.

 

എസ്എസ് രാജമൗലി ചിത്രം ആര്‍ആര്‍ആര്‍ ആഗോള തലത്തില്‍ ഹിറ്റായതിന് പിന്നാലെ ‘ഗ്ലോബല്‍ സ്റ്റാര്‍’ എന്ന തലത്തിലേക്കാണ് രാം ചരണ്‍ ഉയര്‍ന്നത്. ചിത്രം ഓസ്കാറും ഗോള്‍ഡന്‍ ഗ്ലോബും നേടിയിരുന്നു. ഇതിന് പിന്നാലെയാണ് സര്‍വകലാശാല ഡോക്ടറേറ്റ് നല്‍കി അദ്ദേഹത്തെ ആദരിക്കുന്നത്. സിനിമാ മേഖലയ്ക്ക് നല്‍കിയ സംഭാവനകള്‍ പരിഗണിച്ചാണ് ആദരം.

 

രാം ചരണിന് മുന്‍പ് കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍ സംവിധായകന്‍ ശങ്കര്‍ എന്നിവര്‍ക്ക് സര്‍വകലാശാല ഓണററി ഡോക്ടറേറ്റ് നല്‍കിയിരുന്നു. ഇത്തവണ ചന്ദ്രയാന്‍ പ്രൊജക്ട് കോര്‍ഡിനേറ്റര്‍ ഡോ. പി. വീരമുത്തുവേല്‍ അടക്കമുള്ളവര്‍ക്കൊപ്പമായിരിക്കും രാം ചരണ്‍ ഡോക്ടറേറ്റ് സ്വീകരിക്കുക. താരത്തിന്‍റെ പുതിയ നേട്ടം ആരാധകരും ആഘോഷിക്കുകയാണ്.

 

അതേസമയം ശങ്കര്‍ ചിത്രം ഗെയ്ം ചേഞ്ചറാണ് രാം ചരണിന്‍റേതായി വരാനിരിക്കുന്ന അടുത്ത ചിത്രം. ശ്രീ വെങ്കിടേശ്വര ക്രിയേഷൻസിന്‍റെ ബാനറിൽ ദിൽ രാജുവാണ് ചിത്രം നിര്‍മ്മിക്കുന്നത്. കിയാര അദ്വാനി, എസ്‌ജെ സൂര്യ, സമുദ്രഖനി, ജയറാം, സുനിൽ, ബോളിവുഡ് നടൻ ഹാരി ജോഷ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രം ദസറ റിലീസായി തിയറ്ററുകളിലെത്തും.

 

Ram Charan to receive  honorary doctorate from  Vels University in Chennai.