സൂര്യയും വിക്രവും അഭിനയിച്ച ‘പിതാമഗൻ’ ഉൾപ്പടെ തമിഴില്‍ ഹിറ്റായ ഒരു കൂട്ടം ചിത്രങ്ങള്‍ ഒരുക്കിയ നിർമാതാവ് വി.എ. ദുരൈയുടെ ദുരവസ്ഥയെക്കുറിച്ചുള്ള വാർത്തകൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. സാമ്പത്തികമായി തകര്‍ന്ന് ചികിത്സയ്ക്ക് പോലും പണമില്ലാതെ കഷ്ടപ്പെടുന്ന അദ്ദേഹത്തിന്റെ ചികിത്സയ്ക്കായി നടൻ സൂര്യ രണ്ട് ലക്ഷം രൂപ സഹായമായി നൽകിയതും വാർത്തകളിൽ ഇടംപിടിച്ചു. ഇപ്പോഴിതാ പിതാമഗൻ സിനിമയ്ക്കായി സംവിധായകൻ ഉൾപ്പടെയുള്ള താരങ്ങൾക്കു നൽകിയ പ്രതിഫലത്തെക്കുറിച്ച് ദുരൈ ഒരഭിമുഖത്തിൽ വെളിപ്പെടുത്തുകയുണ്ടായി.

 

 

1.25 കോടിയാണ് പിതാമഹനിലെ അഭിനയത്തിന് വിക്രത്തിന് പ്രതിഫലമായി നല്‍കിയത്. സംവിധായകന്‍ ബാലയ്ക്ക് 1.15 കോടിയും നല്‍കി. എന്നാല്‍ ആ സമയത്ത് വിക്രവുമായി താരതമ്യം ചെയ്തു നോക്കുമ്പോള്‍ വലിയ താരമൂല്യം ഇല്ലായിരുന്ന സൂര്യയ്ക്ക്  5 ലക്ഷം രൂപയായിരുന്നു പിതാമഗനിലെ പ്രതിഫലം. വിക്രത്തിന് മികച്ച നടനുള്ള ദേശീയ പുരസ്കാരവും സംസ്ഥാന പുരസ്കാരവുമൊക്കെ നേടിക്കൊടുത്ത ചിത്രം ഒട്ടനവധി മറ്റ് അവാര്‍ഡുകളും നേടി. എന്നാല്‍ 13 കോടി ബജറ്റില്‍ നിർമിച്ച സിനിമ 50 ലക്ഷം രൂപയുടെ നഷ്ടമാണ് നിർമാതാവിന് ഉണ്ടാക്കിയത്. 

 

സ്വന്തം കിടപ്പാടം പോലും നഷ്ടമായ അദ്ദേഹം ഒരു സുഹൃത്തിന്റെ വീട്ടിലാണ് ഇപ്പോൾ കഴിയുന്നത്. കാലിന് സംഭവിച്ച വലിയ മുറിവ് ഉണങ്ങാത്തതാണ് ദുരെയുടെ പ്രധാന ആരോഗ്യ പ്രശ്നം. ദുരൈയുടെ ഇപ്പോഴത്തെ അവസ്ഥ സുഹൃത്താണ് വിഡിയോയിൽ പകർത്തി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. ഇത് ശ്രദ്ധയിൽപ്പെട്ടാണ് സൂര്യ അദ്ദേഹത്തിന് ധനസഹായവുമായെത്തിയത്. രജനികാന്ത് ഫോണില്‍ വിളിച്ച് സഹായ വാഗ്ദാനം നല്‍കിയിട്ടുണ്ട്. ബാബയില്‍ എക്സിക്യൂട്ടീവ് പ്രൊഡ്യൂസറായി പ്രവര്‍ത്തിച്ച സമയത്ത് രജനി 51 ലക്ഷം രൂപ നല്‍കി തന്നെ സഹായിച്ച കാര്യവും ദുരൈ പറഞ്ഞിരുന്നു.

 

സിനിമ രംഗത്ത് തുടക്കകാലത്ത് വന്‍ ബാനറായ ശ്രീ സൂര്യ മൂവീസിന്‍റെ ഉടമസ്ഥന്‍ എഎം രത്നത്തിന്‍റെ സഹായി ആയിരുന്നു ദുരൈ. എന്നമ്മാ കണ്ണ്, ലൂട്ട്, പിതാമ​കൻ, ​ഗജേന്ദ്രാ, നായ്ക്കുട്ടി തുടങ്ങിയ ചിത്രങ്ങളാണ് തന്‍റെ കമ്പനിയുടെ കീഴില്‍ ഒരുക്കിയത്.