കേട്ടതെല്ലാം മോശമായിരുന്നു, പിടിച്ചതെല്ലാം പുലിവാലായിരുന്നു. എന്ത് ചെയ്താലും പറഞ്ഞാലും എഴുതിയാലും തൊട്ടതെല്ലാം വിവാദം. ഗോസിപ്പ് കോളങ്ങളിൽ ഇത്രയേറെ ആറാടിയ മറ്റൊരു പേരുകാരൻ കാണില്ല. സിലമ്പരസൻ തെസിങ്കു രാജേന്ദ്രൻ എന്ന സിമ്പു. തെന്നിന്ത്യയുടെ എസ്ടിആർ.
ഷൂട്ടിങ്ങിന് സമയത്ത് വരില്ല, കണക്കുപറഞ്ഞ് കാശുവാങ്ങും, തിരക്കഥയില്‍ അനാവശ്യമായി ഇടപെടും, തെന്നിന്ത്യൻ സൂപ്പർനായികമാര്ക്കൊപ്പമുള്ള പ്രണയകഥകൾ, എഴുതിയ പാട്ടിലെ സ്ത്രീവിരുദ്ധ പരാമർശങ്ങളുടെ പേരിൽ ഇവനെ പിടിച്ച് അകത്തിടണം എന്നുവരെ ഉയർന്ന രോഷം, വിലക്ക്, തടിച്ച ശരീരം നേരിട്ട ബോഡിഷെയ്മിങ്.. അങ്ങനെ സമകാലിക െതന്നിന്ത്യന്‍ നായകര്ക്കിടിയില് ഇത്രയേറെ പ്രതിസന്ധി നേരിട്ട മറ്റൊരു നടന് കാണില്ല. അപ്പോഴെല്ലാം വാ തലൈവാ.. വാ.. നീ തിരുമ്പി വാ.. എന്ന് പറഞ്ഞ ഉയിര് കൊടുത്തും ഒപ്പം നിന്ന ആരാധകലക്ഷങ്ങൾ. ആ കരുത്തിൽ ആ ബാഡ് ബോയ് തിരിച്ചുവന്നപ്പോൾ ബോക്സോഫീസിൽ കോടികൾ കിലുങ്ങി. ഐ ആം എ ലിറ്റില്‍ സ്റ്റാര്‍ ആവെ ഞാന്‍ സൂപ്പര്‍സ്റ്റാര്‍ എന്ന കൊച്ചുപ്രായത്തില്‍ പാടിയത് വെറുതെയല്ലെന്ന് പലകുറി തെളിയിച്ചു നടന് സിമ്പു..
പിച്ചവച്ച് തുടങ്ങുന്ന കാലം മുതല്‍ കാണാനും നടിക്കാനും തുടങ്ങിയതാണ്, പെറ്റിട്ടത് തന്നെ സിനിമയിലേക്കാണെന്ന് പറയാം. ഒന്നാം വയസ്സില്‍ ബാലതാരമായി പണി തുടങ്ങിയ ആളാണ് സിമ്പു എന്ന് പറയുന്നതാണ് ശരി. അഭിനയം, എഴുത്ത്, സംവിധാനം, ഗാനരചന, ഗായകന്, ഡാന്‍സര്‍.. അങ്ങനെ വഴങ്ങാത്ത മേഖലകളില്ല. മറ്റ് നടന്മാര്ക്ക് വേണ്ടി 25ഓളം പാട്ടുകളും സിമ്പി പാടിയിട്ടുണ്ട്. വിജയ് ചിത്രം വാരിസിനു വേണ്ടി ‘തീ ദളപതി’ എന്ന പാട്ട് സിമ്പു പാടിയത് പ്രതിഫലം വാങ്ങാതെയാണെന്നു വിജയ് തന്നെ വെളിപ്പെടുത്തിയിരുന്നു. ഓണ്‍ സ്ക്രീനില്‍ ഇങ്ങനെെയാക്കെ ആണെങ്കിലും ഓഫ് സ്ക്രീനിലെ ചെയ്തികളില്‍ അയാള്‍ക്കൊരു ചീത്ത പേരുലഭിച്ചു. കെട്ട പയ്യന് സാര്‍ അവന്.. അങ്ങനെ പറഞ്ഞവരെ െകാണ്ട് പിന്നീട് പലതും അയാള്‍ മാറ്റി പറയിച്ചു. സ്നേഹം െകാണ്ട് പലതും പഠിച്ചു, കൈവിടാത്ത ആരാധകര്‍ ആ നടനെ പലതും പഠിപ്പിച്ചു. ഇന്ന് സിമ്പു പുതിയൊരു ആളാണ്. പ്രായത്തിന്റെ എടുത്തുചാട്ടങ്ങള്‍ കടന്ന് ഇന്ന് കഷ്ടപ്പാടിന്റേയും കഠിനാധ്വാനത്തിന്റേയും അന്‍പിന്റേയും വഴിയില്‍ ആത്മീയത കൂടി കൈമുതലാക്കിയ ജീവിതം.
തമിഴ്നാട്ടിൽ നിന്നും ജെസിയെ കാണാനായി ആലപ്പുഴയിലെ അവളുടെ ബന്ധുവീട്ടിലേക്ക് എത്തിയ കാർത്തിക്കിനെ മലയാളി ഒരിക്കലും മറക്കില്ല. വിണ്ണൈതാണ്ടി വരുവായിലെ പാട്ടും സംഗീതവും പ്രണയവും കേരളക്കരയില്‍ ഉണ്ടാക്കിയ ഓളം ഇപ്പോഴും അടങ്ങിയിട്ടില്ല. സിമ്പുവിനെ മലയാളി വല്ലാതെ ഇഷ്ടപ്പെട്ടുപോയ കാലം. എഴുതി പാടി ചുവടുവച്ച ലൂസ് പെണ്ണേ.. എന്ന പാട്ട് ഉണ്ടാക്കിയ ഓളം മറ്റൊന്ന്. കരിയറിലെ ഏറ്റവും വലിയ റിലീസായി പത്തുതലയുമായി സിമ്പു വരുമ്പോള്‍ കേരളത്തിലും വലിയ പ്രതീക്ഷയാണ് താരത്തിനുള്ളത്. വിണ്ണൈതാണ്ടി വരുവായ, വല്ലഭന്, മാനാട്, വെന്തു തനിന്തത് കാട്, അച്ചം യെൻപത് മടമയ്യടാ തുടങ്ങിയ ചിത്രങ്ങള്‍ക്ക് കേരളത്തില്‍ കിട്ടിയ വരവേല്‍പ്പിനെ കുറിച്ച് താരം തന്നെ പലകുറി പറഞ്ഞിട്ടുണ്ട്.
അടുത്തിടെ 107 കിലോയുണ്ടായിരുന്ന ശരീരഭാരം 72 കിലോയിലേയ്ക്ക് കുറച്ച് സിമ്പു ഉയര്‍ത്തെഴുന്നേറ്റ കാഴ്ച കയ്യടിയോടെയാണ് തെന്നിന്ത്യ കണ്ടിരുന്നത്. അതിരാവിലെയും അർദ്ധരാത്രിയിലും നടത്തം. ടെന്നിസ്, ക്രിക്കറ്റ്, കുതിരയോട്ടം, ജിം, കളരി, നടി ശരണ്യയുടെ കീഴിൽ നൃത്തപരിശീലനം അങ്ങനെ ഭൂമിക്കു കീഴിലുള്ള എല്ലാ പരിശീലനങ്ങളിലൂടെയും കടന്നുപോയ മാസങ്ങള്‍. ആ കാലം 13 മിനിറ്റുള്ള ഈ വിഡിയോയിലൂടെ സിമ്പു പങ്കുവച്ചതും ട്രെന്‍ഡിങ്ങായി.
ഒന്നാം വയസ്സുമുതല്‍ സിനിമാ ജീവിതം തുടങ്ങിയ നടന് എന്ന വാഴ്ത്തും റെക്കോര്‍ഡും ഒരുപക്ഷേ സിമ്പുവിനോളം മറ്റാര്‍ക്കും അവകാശപ്പെടാന്‍ കാണില്ല. കമല്ഹാസന് പോലും. സിമ്പുവിനും ആ സിനിമാജീവിതത്തിനും ഇപ്പോള്‍ നാലുപതിറ്റാണ്ടാണ് പ്രായം. 1984ല്‍ അച്ഛന് ടി. രാജേന്ദര്‍ സംവിധാനം ചെയ്ത ഉറവൈ കാത്ത കിളി എന്ന സിനിമയിലൂടെ അരങ്ങേറ്റം. 84 മുതല്‍ 95 വരെ ബാലതാരമായി സിമ്പു പയ്യന് തിളങ്ങിയ കാലം. സ്റ്റാര്‍ട്ട് ആക്ഷന്‍ പറഞ്ഞാല്‍ കട്ട് പറയുന്നത് വരെ അവന് അതിഗംഭീരപ്രകടനം കാഴ്ചവയ്ക്കും. അവന്റെ കുഞ്ഞ് ഡാന്‍സില്‍, പാട്ടില്‍ തമിഴ് ലോകം കണ്ണും നട്ടിരുന്ന കാലം. 2002ല്‍ ടി.രാജേന്ദര്‍ സംവിധാനം ചെയ്ത് അമ്മ ഉഷ നിര്‍മിച്ച കാതല്‍ അഴിവതില്ലെ എന്ന സിനിമയിലൂടെ നായകനായി അരങ്ങേറ്റം. 2003ല്‍ ദം, 2004ല്‍ മൂന്ന് സിനിമകളില്‍ നായകനായി. ഇതില്‍ മന്മദന് സിനിമാജീവിതത്തിലെ വഴിത്തിരിവായി.
2006ല്‍ സിമ്പു തന്നെ എഴുതി സംവിധാനം ചെയ്ത വല്ലവന് തെന്നിന്ത്യ ആകെ ഇളക്കി മറിച്ചു. പാട്ടുകളും വന്‍ ഹിറ്റ്. നയന്‍താര–സിമ്പു പ്രണയം ഗോസിപ്പുകളിലും നിറഞ്ഞ കാലം. 2010ല്‍ എത്തിയ വിണ്ണൈതാണ്ടി വരുവായ കരിയര്‍ ബെസ്റ്റായി. പിന്നാലെ പരാജയങ്ങളുടെ ഘോഷയാത്ര. വിവാദങ്ങളുടെ അരങ്ങുവാഴ്ച, താരസുന്ദരിമാരുമായുള്ള പ്രണയം, ബ്രേക്ക് അപ്പുകള്‍, ബീപ്പ് ഗാനം വിവാദം, പ്രണയകാലത്തെ സ്വകാര്യ ചിത്രങ്ങള്‍ പുറത്തായതിന് പിന്നാലെയുണ്ടായ വിവാദങ്ങള്‍, ധനുഷ്–സിമ്പു ആരാധകര്‍ക്ക് ഇടയിലുണ്ടായ പോര്, ശരീരഭാരം കൂടിയതോടെ നേരിട്ട അവഗണന, ബോഡി ഷെയിമിങ്, വിലക്കുകള്‍. അങ്ങനെ തകര്‍ച്ചയില്‍ നിന്നും തകര്‍ച്ചയിലേക്കുള്ള വീഴ്ച. ബാഡ് ബോയ് ഇമേജ് കൂടി കൂടി വരുമ്പോഴും ഉള്ളത് ഉള്ളതുപോലെ ആരുടെ മുഖത്ത് നോക്കി പറയാനും സിമ്പു മടിച്ചില്ല. അതു പറഞ്ഞതിന്റെ പേരില്‍ പോകുന്നത് പോകട്ടെ എന്നായിരുന്നു നിലപാട്. അപ്പോഴും അയാളിലെ നടനെയും ഗായകനെയും ഡാന്‍സറെയും ഈ തുറന്നു പറച്ചിലുകളെയും ഇഷ്ടപ്പെടുന്ന ആരാധകര്‍ സിമ്പുവിനെ വിട്ടുപോയിരുന്നില്ല. 2018ല്‍ മണിരത്നം ചിത്രമായ ചെക്ക ചിവന്ത വാനം എന്ന സിനിമയിലൂടെയാണ് ഗംഭീര തിരിച്ചുവരവ്. ടൈം ട്രാവൽ വിഷയമായ ഫാന്റസി ത്രില്ലര്‍ മാനാട് കോടികള്‍ വാരിയപ്പോള്‍ പുച്ഛിച്ചവരോടും കഥ കഴിഞ്ഞെന്ന് പറഞ്ഞവരോടും സിമ്പുവും ആരാധകരും രജനി സ്റ്റൈലില്‍ തന്നെ പറഞ്ഞു. വന്തിട്ടേന്ന് െസാല്ല് തിരുമ്പി വന്തിട്ടേന്ന്...
ചെറുപ്രായത്തില്‍ അച്ഛന് പറഞ്ഞുതന്നത് അതുപോലെ അനുകരിച്ച പയ്യന്. ഒരിക്കല്‍ സ്കൂളില്‍ വച്ച് ടീച്ചര്‍ അവനോട് പറഞ്ഞു. ‘ഞാൻ കണ്ടു, കുട്ടിയുടെ അഭിനയം നല്ലതാണെന്ന്. ‘ഞാൻ വേറൊരു സ്ഥലത്തു തുള്ളിച്ചാടുകയും ഡാൻസ് ചെയ്യുകയും ചെയ്തത് ടീച്ചർ എങ്ങനെ കണ്ടു എന്നായിരുന്നു ആ കുട്ടിയുടെ അദ്ഭുതം. പിന്നീട് ലിറ്റിൽ സൂപ്പർ സ്റ്റാർ എന്നു ചിമ്പുവിന്റെ സിനിമകളുടെ ടൈറ്റിൽ കാർഡിൽ മിന്നിയിരുന്നു. വലുതായപ്പോൾ അത് യങ് സൂപ്പർ സ്റ്റാറായി മാറി. ഇനിയും വളർന്നാൽ അവന് സൂപ്പർ സ്റ്റാറായാലോ എന്ന പേടിയാണോ ഈ നടന് നേരേയുണ്ടായ വിവാദങ്ങളെന്ന് സംശിച്ചവര് ഏറെയാണ്. സിനിമയില്‍ ജനിച്ച് വീണവന്, പിച്ചവച്ചത് തന്നെ ക്യാമറയ്ക്ക് മുന്നില്‍, അങ്ങനെയുള്ള സിമ്പുവിനെ എങ്ങനെ ഒതുക്കിക്കളയാന്‍ ആകുമെന്ന് ഇന്ന് കാലം തന്നെ ചോദിക്കുന്നു. കരിയറിലെ കാര്‍മേഘങ്ങളെ തെളിമേഘങ്ങളാക്കി സിലമ്പരസന് എന്ന നായകന് കുതിപ്പ് തുടരുകയാണ്. എംജിആറിനെ പോലെ എന്‍ടിആറിനെ പോലെ. അരങ്ങുവാഴട്ടെ ഈ എസ്ടിആറും.