pushpa-2

ഹൈദരാബാദ്: പിറന്നാള്‍ ദിനത്തില്‍ ആരാധകര്‍ക്ക് ഇരട്ടി മധുരവുമായി അല്ലു അര്‍ജുന്‍. പുഷ്പ 2 വിന്റെ പുതിയ വീഡിയോയ്ക്ക് പുറമെ ചിത്രത്തിന്റെ പുതിയ പോസ്റ്ററും അല്ലു പുറത്തുവിട്ടു. 

അപ്രതീക്ഷിതമായ ഒരു ലുക്കിലാണ് പോസ്റ്ററില്‍ അല്ലു എത്തുന്നത്. സര്‍വാഭരണഭൂഷിതനായി ദേവിയുടെ രൂപത്തിലാണ് പോസ്റ്ററില്‍ പുഷ്പയായി മാറിയ അല്ലുവിനെ കാണാന്‍ സാധിക്കുക. 

 

നേരത്തെ പുറത്തുവിട്ട വീഡിയോയുടെ ഉത്തരമായിട്ടാണ് പുതിയ വീഡിയോ പുറത്തുവിട്ടത്. തിരുപ്പതി ജയിലില്‍ നിന്നും വെടിയേറ്റ മുറിവുകളുമായി രക്ഷപ്പെട്ട പുഷ്പ എവിടെ'യാണെന്നായിരുന്നു ആദ്യ വീഡിയോയില്‍ ചോദിക്കുന്നത്. ഇതിനുള്ള ഉത്തരമാണ് പുതിയ വീഡിയോയില്‍ ഉള്ളത്.  2024 മാര്‍ച്ചില്‍ ചിത്രം റിലീസ് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. അടുത്തിടെ നടന്ന 67-ാമത് ഫിലിംഫെയര്‍ അവാര്‍ഡ് ദാന ചടങ്ങില്‍ ഒരേസമയം 7 അവാര്‍ഡുകളാണ് പുഷ്പ ചിത്രത്തിന് ലഭിച്ചത്. 

 

നേരത്തെ പുഷ്പ രണ്ടാം ഭാഗത്തിന്റെ വിതരണത്തിനായി വാഗ്ദാനം ചെയ്ത 400 കോടിയുടെ ഓഫര്‍ നിര്‍മാതാക്കള്‍ നിരസിച്ചുവെന്ന വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.  ഇന്ത്യയാകെയുള്ള വിതരണത്തിനായാണ് പ്രമുഖ കമ്പനി പുഷ്പയുടെ നിര്‍മാണകമ്പനിയായ മൈത്രി മൂവിസിനെ സമീപിച്ചത്. എന്നാല്‍ ഈ വമ്പന് ഓഫറും സിനിമയുടെ നിര്‍മാതാക്കള്‍ വേണ്ടെന്ന് വെച്ചിരിക്കുകയാണ്. 2021 ഡിസംബര്‍ 29 തിന് റിലീസ് ചെയ്ത ചിത്രം പിന്നീട് ആമസോണിലും റിലീസ് ചെയ്തിരുന്നു. നാല് ആഴ്ച കൊണ്ട് 300 കോടിയാണ് ആഗോളതലത്തില്‍ ചിത്രം നേടിയത്.

 

രക്തചന്ദന കടത്തുകാരനായ പുഷ്പരാജായിട്ടാണ് അല്ലു അര്‍ജുന്‍ ചിത്രത്തില്‍ എത്തുന്നത്. ഇതുവരെ കാണാത്ത ലുക്കിലും മാനറിസത്തിലുമാണ് അല്ലു അര്‍ജുനും ഫഹദ് ഫാസിലും പുഷ്പയില്‍ എത്തിയത്. 

മിറോസ്ലോ കുബ ബറോസ്‌ക്കാണ് ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിയ്ക്കുന്നത്. ദേവി ശ്രീ പ്രസാദാണ് ചിത്രത്തിന്റെ സംഗീതം സംവിധാനവും സൗണ്ട് ട്രാക്കും നിര്‍വഹിയ്ക്കുന്നത്. ഓസ്‌കാര്‍ ജേതാവ് റസൂല്‍ പൂക്കുട്ടി സൗണ്ട് എന്‍ജിനീയറായി എത്തുന്ന ചിത്രത്തിന് വേണ്ടി ചിത്രസംയോജനം നടത്തുന്നത് കാര്‍ത്തിക് ശ്രീനിവാസ് ആണ്. പി.ആര്‍.ഒ ആതിര ദില്‍ജിത്ത്