പുഷ്പ 2 സിനിമയുടെ റിലീസിനിടെ തിയേറ്ററിലുണ്ടായ തിക്കിലും തിരക്കിലുംപെട്ട് പരുക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന ശ്രീതേജ എന്ന ഒന്‍പതു വയസ്സുകാരനെ കാണാന്‍ അല്ലു അര്‍ജുനെത്തി. ഹൈദരാബാദിലെ ബീഗംപേട്ടിലുള്ള കിംസ് ആശുപത്രിയിലെത്തിയാണ് അല്ലു അർജുൻ കുട്ടിയെ കണ്ടത്. തെലങ്കാന സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ ചെയർമാൻ ദിൽ രാജുവും താരത്തിനൊപ്പമുണ്ടായിരുന്നു. അല്ലു അര്‍ജുന്‍ ആശുപത്രിയിലേക്ക് വരുന്നതിനാല്‍ കനത്ത സുരക്ഷയാണ് ഇവിടെ ഏര്‍പ്പെടുത്തിയിരുന്നത്.
പുഷ്പ 2 റിലീസിനിടെ സന്ധ്യ തിയറ്ററിലുണ്ടായ തിക്കിലും തിരക്കിലുംപെട്ട് രേവതി എന്ന സ്ത്രീ മരിച്ചത് വലിയ കോളിളക്കമാണ് ഉണ്ടാക്കിയത്. കൂടെയുണ്ടായിരുന്ന ഇവരുടെ മകനാണ് ശ്രീതേജ. കുട്ടിക്ക് മസ്തിഷ്ക മരണം സംഭവിച്ചിരുന്നു. നിലവില്‍ കുട്ടി ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്. ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ ദിവസങ്ങളിലെത്തിയിരുന്നു.
കുട്ടിയെ കാണാന്‍ സാധിക്കാത്തതില്‍ ഖേദമുണ്ടെന്ന് അല്ലു അര്‍ജുന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. താരത്തിന്‍റെ അച്ഛന്‍ ആശുപത്രിയിലെത്തി കുട്ടിയെ കണ്ടിരുന്നു. സുരക്ഷാ കാരണങ്ങളാലാണ് അല്ലു അര്‍ജുന്‍ എത്താത്തത് എന്നും അദ്ദേഹം വ്യക്തമാക്കി. ഇപ്പോഴുള്ള ആശുപത്രി സന്ദർശനം രഹസ്യമാക്കിവയ്ക്കണമെന്നു രാംഗോപാൽപേട്ട് പൊലീസ് സ്റ്റേഷൻ എസ്എച്ച്ഒ അല്ലു അർജുനോട് ആവശ്യപ്പെട്ടിരുന്നു. ആവശ്യമായ നടപടിക്രമങ്ങൾ ചെയ്തുതരാമെന്നും എസ്എച്ച്ഒ നൽകിയ നോട്ടിസിൽ പറഞ്ഞിരുന്നു. കനത്ത പൊലീസ് സുരക്ഷയിലാണ് അല്ലു അർജുനെത്തിയത്.
തിയേറ്ററില്‍ തിക്കിലും തിരക്കിലുംപെട്ട് യുവതി മരിച്ച സംഭവത്തില്‍ അല്ലു അര്‍ജുനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഒരു രാത്രി മുഴുവന്‍ അല്ലു ജയിലില്‍ കഴിഞ്ഞു. പിന്നീട് തെലങ്കാന ഹൈക്കോടതി താരത്തിന് നാലാഴ്ച ജാമ്യം നല്‍കി. അല്ലു അര്‍ജുനെതിരെയും സുരക്ഷാ ജീവനക്കാര്‍ക്കെതിരെയും തിയറ്റര്‍ മാനേജ്മെന്റിനെതിരെയും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ശ്രീതേജയുടെ കുടുംബത്തിന് അല്ലു അർജുൻ ഒരു കോടി രൂപ നൽകിയിരുന്നു. നിര്‍മാതാക്കള്‍ 20 ലക്ഷം രൂപയും നല്‍കി.