fefka

ജീവിതത്തോടും രാഷ്ട്രീയത്തോടും കലയോടും ആശയപരമായി വിയോജിപ്പില്ലാത്ത രണ്ടുപേര്‍ തെരഞ്ഞെടുപ്പിന് ഇറങ്ങിയപ്പോള്‍ വിജയം ചുള്ളിക്കാടിന്. സിനിമ സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്കയുടെ റൈറ്റേഴ്സ് യൂണിയന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ജോയ് മാത്യുവായിരുന്നു ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ എതിരാളി. കൊച്ചിയിലെ സ്വകാര്യഹോട്ടലായിരുന്നു തെരഞ്ഞെടുപ്പ് വേദി.

ചുള്ളിക്കാടിന്റെ പേര് ഇടതടവില്ലാതെ ഉയര്‍ന്നുകേട്ട വോട്ടെണ്ണലില്‍ ജോയ് മാത്യു പരാജയം ഉറപ്പിച്ചിരുന്നു. നേര്‍ക്കുനേര്‍ വെല്ലുവിളിയോ ശബ്ദകോലാഹലങ്ങളോ ഇല്ലാതെ എഴുപത്തിരണ്ടില്‍ അമ്പത് വോട്ട് നേടി ബാലചന്ദ്രന്‍ ചുള്ളിക്കാട് ഫെഫ്ക റൈറ്റേഴ്സ് യൂണിയന്‍റെ പ്രസിഡന്റായി. നാല് പതിറ്റാണ്ടുനീണ്ട ചുള്ളിക്കാടുമായുള്ള സൗഹൃദത്തിന് ഒരിക്കല്‍കൂടി കൈകൊടുത്ത് തോല്‍ക്കുന്നത് വലിയ ആളോടെങ്കില്‍ അത് വലിയ കാര്യമല്ലേയെന്നായിരുന്നു ജോയ് മാത്യുവിന്റെ കമന്റ്.

മല്‍സരിക്കാമെന്ന് പറഞ്ഞത് ജോയ്മാത്യുവാണെന്നും സംഘടനയുടെയും അംഗങ്ങളുടെ താല്‍പര്യത്തിനപ്പുറമുള്ള രാഷ്ട്രീയം തനിക്കില്ലെന്നും ബാലചന്ദ്രന്‍ ചുള്ളിക്കാട് പറഞ്ഞു.നാമനിര്‍ദേശമെന്ന പതിവ് രീതി മാറ്റിയാണ് ഇക്കുറി റൈറ്റേഴ്സ് യൂണിയന്‍ തെര‍ഞ്ഞെടുപ്പിലേക്ക് കടന്നത്.

Chullikad won the FEFCA Writers' Union presidential election