lohithadas-cinema

ഭാവ രാഗ താള സംഗമമാണ് 'ഭരതം'. ഇതേ പേരിൽ സിനിമയെഴുതിയ പ്രതിഭയുടെ തിരക്കഥകളാകട്ടേ നവരസങ്ങളുടെ 'നിവേദ്യ'വും. മനസെന്ന 'ഭൂതക്കണ്ണാടി' സമൂഹത്തിലേക്ക് ഫോക്കസ് ചെയ്ത് അദ്ദേഹം കഥകൾ കണ്ടെടുത്തു.  ‘ഹിസ് ഹൈനസ് ’ എന്ന് വാഴ്ത്താവുന്ന എ കെ ലോഹിതദാസ്... തലമുറകൾക്കായി ലോഹി ബാക്കി വച്ചത്'തനിയാവര്‍ത്തന'മില്ലാത്ത, തനിമയുള്ള ഒരു കൂട്ടം തിരക്കഥകളാണ്. 

എൺപതുകളുടെ രണ്ടാംപാതി. തിരക്കഥയുമായെത്തിയ ലോഹിതദാസ് എന്ന നവാഗതനെ തിരിച്ചറിയാന്‍ സിബി മലയിലിനു വേണ്ടിവന്നത് മൂന്നേ മൂന്ന് സീനുകള്‍. മലയാളിക്കു വേണ്ടിവന്നത് ഒരേ ഒരു ബാലന്‍ മാഷിന്റെ മരണം.  തലമുറകള്‍ മാറിവരുന്ന ഭ്രാന്തെന്ന തോന്നലുകളില്‍, അമ്മയുടെ അതിതീഷ്ണ സ്നേഹത്തില്‍ ബാലന്‍ മാഷിനൊപ്പം മലയാളിയും ശിരസുനമിച്ചു. ആ തിരക്കഥാകൃത്തിന്റെ അസാമാന്യ വൈഭവത്തിനുമുന്നില്‍...

lohi-one

നാടകത്തിന്റേയും ചെറുകഥയുടേയും ലോകത്തുനിന്നും നടന്‍ തിലകന്റെ കൈപിടിച്ചാണ് ലോഹിതദാസ്  സിനിമയിലെത്തിയത്. കുഞ്ഞുനാളിലേ തന്നെ പഴങ്കഞ്ഞിയായാണ് കൂട്ടുകാരടക്കം കണ്ടിരുന്നതെന്ന് 'പാഥേയ 'ത്തിൻ്റെ തിരക്കഥാകാരൻ പറഞ്ഞിട്ടുണ്ട്. ലോഹി ചെറുപ്പത്തിൽ അത്രത്തോളം ഒതുങ്ങിയ വ്യക്തിത്വമായിരുന്നു. എന്നാല്‍ കഥാപാത്രങ്ങള്‍ മാറിമാറിവന്നപ്പോള്‍ മനുഷ്യബന്ധങ്ങളുടെ ഒരു ഗവേഷകനെത്തന്നെ ലോഹിയിൽ പ്രേക്ഷകര്‍ കണ്ടു. മലയാളം കണ്ട മികച്ച തിരക്കഥകളില്‍ പലതും ലോഹിയുടേതെന്ന് ഉറപ്പിച്ചു പറയാം. തനിയാവർത്തനത്തിലെ ബാലന്‍ മാഷ് അന്നനുഭവിച്ച മാനസിക സംഘര്‍ഷം ഇക്കാലത്തിന്റെ മുഖപുസ്തകങ്ങളിലൂടെ  നിലയ്ക്കാതെ തുടരുന്നു. 

lohi-two

കഥാകാരൻ കണ്ട ഗ്രാമവും ഗ്രാമീണതയും ഓരോ പേരുകളില്‍ ഓരോ സീനുകളില്‍ പ്രേക്ഷകനും കണ്ടു. 'മൃഗയ ' വാറുണ്ണിയെപ്പോലുള്ള പരുക്കനും ഹൈദോസിനെപ്പോലെ ഈ ഊതിവീർപ്പിച്ച ചട്ടമ്പിയും ആ പേനയിൽ നിന്നു പിറന്നു. എഴുതാനിരിക്കുന്ന ലോഹിക്കുമുണ്ട് മറ്റാരും കാണാത്ത മറ്റാരും പറയാത്ത ചില വികാരങ്ങള്‍.  ചിരിച്ചും കരഞ്ഞും പ്രണയിച്ചും പ്രകോപിച്ചും ആ ഇരുത്തത്തില്‍  കഥാപാത്രങ്ങള്‍ക്ക് കാഠിന്യം കൂട്ടി.  അതിവൈകാരിക നിമിഷങ്ങളെ കടലാസിലേക്ക് പകര്‍ത്തുമ്പോള്‍ നെറ്റി വരിഞ്ഞുമുറുക്കി കെട്ടി ലോഹി. കഥാപാത്രങ്ങള്‍ തരുന്ന മാനസിക സംഘര്‍ഷങ്ങളെ മറികടക്കാന്‍ സ്രഷ്ടാവ്  കണ്ടെത്തിയ വഴിയായിരുന്നു ആ തലക്കെട്ട്. കഥാപാത്രത്തിനു ജീവന്‍ നല്‍കുന്നതിനിടെ തല പൊട്ടിപ്പൊളിയുന്നെന്ന് പരാതി പറഞ്ഞു പലതവണ. അത്രമേല്‍ ആഴത്തിലായിരുന്നു ആ കഥാപാത്രങ്ങള്‍ക്കൊപ്പം  കഥാകാരനും സഞ്ചരിച്ചത്.  മുന്‍ധാരണകളില്ലാതെ കഥാപാത്രങ്ങളുടെ പിന്നാലെ പോയി മാത്രം ക്ലൈമാക്സ് കണ്ടെത്തുന്ന ശൈലിയായിരുന്നു അദ്ദേഹത്തിന്റേത്. കഥാഗതിയോ കഥാന്ത്യമോ അയാളെ ഭയപ്പെടുത്തിയില്ല. ഒഴുകി ഒഴുകി അങ്ങെത്തുമെന്ന വിശ്വാസമായിരുന്നു എഴുത്തില്‍ നിറയെ.   

കണ്ണുനീർപ്പൂവായി വീണുടയുന്ന സേതുമാധവന്റെ ജീവിതം ലോഹിക്ക് അണിയിച്ചുകൊടുത്തത് പ്രിയപ്പെട്ട കഥാകാരനുള്ള 'കിരീട 'വും 'ചെങ്കോലും' തന്നെ. കുളിക്കാതെ ഭക്ഷണം കഴിക്കാതെ മൂന്ന് ദിവസം ഒരേ ഇരുപ്പില്‍ ലോഹിതദാസ് എഴുതിത്തീര്‍ത്തതാണ് സേതുമാധവന്റെ ജീവിതകഥ. ആ ജീവിതത്തില്‍ ലോഹി രൂപപ്പെടുത്തിയ സേതു അക്കാലത്തെ ഒരു സാധാരണക്കാരനെ നൊമ്പരപ്പെടുത്തുന്ന ജീവിതഘട്ടങ്ങളായിരുന്നു. ഭൂതക്കണ്ണാടി ചിത്രീകരണത്തിനിടെ കണ്ടെത്തിയ വീടിനോട് എന്തെന്നില്ലാത്ത അടുപ്പമായിരുന്ന ലോഹിതദാസിന്. അത് പിന്നീട് സ്വന്തമാക്കി, പ്രിയപ്പെട്ട അമരാവതിയാക്കി. ഉള്ളിൽ കഥയുടെ വിത്തു വീണാൽ പിന്നീടുള്ള ദിവസങ്ങൾ അമരാവതിയിലെ ഒറ്റമുറിയിലായിരിക്കും ജീവിതം. 44 തിരക്കഥകള്‍ സൃഷ്ടിച്ചപ്പോള്‍ 12 സിനിമകള്‍ക്ക് ലോഹിതദാസ്  സംവിധായകനുമായി. 

lohi-three

 സ്വന്തം ജീവിതത്തില്‍ നിന്നും അടര്‍ത്തിയ ഏടുകള്‍ തന്നെയായിരുന്നു മിക്ക സിനിമകളും. സമൂഹം ഒരു വ്യക്തിയെ ദുരന്തത്തിലേക്കു നയിക്കുന്ന ഹൃദയസ്പർശിയായ  കഥയില്‍ തുടക്കം. മനുഷ്യത്വത്തിൻ്റെ കഥകൾ മാത്രമാണു ലോഹിക്ക് എന്നും പറയാനുണ്ടായിരുന്നത്. നാടിന്റെ ഓരോ ചലനവും ആ കണ്ണുകളിൽ ആഴത്തിൽ പതിയും. ഉത്തരവാദിത്ത ബോധമില്ലാത്ത മകനെ ജീവിതം പഠിപ്പിച്ച അച്ഛന്റെയും മകന്റേയും കഥ ഓരോ മലയാളിയും സ്വന്തം വീട്ടുകാര്യമായി കണ്ടു. സന്തതസഹചാരിയായിരുന്ന അരവിന്ദനിൽ നിന്നു ചക്കരമുത്തിലെ കഥാപാത്രത്തെയും ഒരു പെരുമഴയത്ത് ഓടിക്കയറിയ വാച്ച് കടയിൽ നിന്നു ഭൂതക്കണ്ണാടിയിലെ വിദ്യാധരനെയും ലോഹി കണ്ടെടുത്തു. തങ്ങളുടെ സ്വകാര്യതയിൽ പങ്കുവച്ച പലതും അടുത്ത സിനിമയിലെ കഥാപാത്രങ്ങൾ സംസാരിക്കുന്നതു കേട്ട് അത്ഭുതപ്പെട്ടിട്ടുണ്ടെന്നു ഒരിക്കല്‍ അദ്ദേഹത്തിന്റെ ഭാര്യ പറഞ്ഞിരുന്നു. ചുറ്റുമുള്ള മുഖങ്ങളില്‍ നിന്നും കഥാപാത്രങ്ങളെ ആവാഹിക്കാനുള്ള ആ ശക്തി തന്നെയാണ് ലോഹിതദാസ് എന്ന കഥാകാരനെ സൃഷ്ടിച്ചതും. അമരത്തിലും ഭൂതക്കണ്ണാടിയിലും പാഥേയത്തിലുമെല്ലാം ആരും കാണാത്ത കഥകള്‍ ലോഹി പറഞ്ഞു. പാമ്പുകളെ ഭയക്കുന്ന വിദ്യാധരന്റെ ഭ്രമാത്മകമായ ലോകത്തെ സുന്ദരമായി ചിത്രീകരിക്കാൻ ലോഹിക്കല്ലാതെ ആർക്കാണു കഴിയുക. ഒരു ബാർബർ ഷോപ്പില്‍വച്ച്  ഗുണ്ടയുടെ കഴുത്തില്‍ ബാര്‍ബര്‍ കത്തിവച്ചപ്പോള്‍ അയാളുടെ മുഖത്ത് കണ്ട ഭയമായിരുന്നു കിരീടത്തിന്നാധാരം. ഒരു ഗുണ്ട ഉള്ളിന്റെ ഉള്ളിൽ  മരണം ഭയക്കുന്നുവെന്ന തിരിച്ചറിവായിരുന്നു ആ സംഭവം. ഗുണ്ടയെന്ന കിരീടം ഒരിക്കലും മായില്ലെന്നും ലോഹി പറഞ്ഞുവച്ചു. 

 സിനിമയ്ക്കു വേണ്ടി ഉരുകുന്ന മനസ്സാണു ലോഹിയുടേത് . യഥാര്‍ത്ഥ ജീവിതത്തിലും വൈകാരിക കയറ്റിറക്കങ്ങള്‍ അദ്ദേഹത്തെ  വേട്ടയാടി. അടുപ്പമുള്ളവരുടെ മൃതശരീരം പോലും കണ്ണില്‍ പതിയാന്‍ ആഗ്രഹിക്കാത്ത ലോഹിയുടെ വിടപറച്ചിലും അത്രമേല്‍ ആകസ്മികമായിരുന്നു.  ലക്കിടി അകലൂരിലെ അമരാവതിയെന്ന വീട്ടിൽ ലോഹി ഇല്ലാതായിട്ട് 15 വര്‍ഷങ്ങള്‍ തികയുന്നു. അമരാവതിയുടെ വളപ്പില്‍ ആരും പറയാത്ത ഒരുപിടി കഥകളുമായി ഉറങ്ങുകയാണ് പ്രിയ കഥാകാരന്‍. 

അപ്പോഴും മലയാള സിനിമയെന്ന 'മഹായാന'ത്തിൻ്റെ 'അമര'ത്ത് 'കമലദളം ' പോലെ വിരിഞ്ഞുനിൽപ്പുണ്ട് ലോഹിതദാസ് എന്ന നക്ഷത്രം.

 
Lohitha Das Life and Cinema:

Fifteenth year memory of Lohitha Das, A story about his films and Life