ഡേയ്, ഇരിക്കെടാ.. ഇല്ല സാര്‍ ഞാന്‍ ഇവിടെ നിന്നോളാം.. വാ നമുക്ക് ഇരുന്ന് സംസാരിക്കാം.. വേണ്ട സാര്‍ ഞാന്‍ ഇവിടെ നിന്നോളാം.. ബഹുമാനം െകാണ്ട് വിനയം െകാണ്ട് ഒരുപക്ഷേ ഭയം െകാണ്ട് ഇതുപോലെ ഒരുതവണയെങ്കിലും പറയാത്ത മനുഷ്യരുണ്ടാകില്ല. നമ്മുടെ കാഴ്ചപ്പാടുകളിലെ ഈ ഇരിപ്പുവശത്തെ, അതിന്റെ ഉള്ളറകളിലെ ജാതിയുടെ കെട്ടുപാടുകളെ തുറന്നുകാട്ടുകയാണ് മാമന്നന്‍. ഉറപ്പായും ഇരുന്നുകാണാം. ഉറപ്പോടെ ഇരുന്നുപറയാം. വാക്കിലും നോക്കിലും നടപ്പിലും തമിഴ്നാടും തമിഴകരാഷ്ട്രീയവും മാരി സെല്‍വരാജ് സൂക്ഷ്മതയോടെ പകര്‍ത്തിവച്ചിരിക്കുന്നു. ഒരുനാടിനപ്പുറം അടിയുറച്ചുപോയ ചില നയങ്ങളെയും നിലപാടുകളെയും അടിച്ചുടച്ച് ചോദ്യം ചെയ്യുന്നുണ്ട് മാരി.

 

നിങ്ങള്‍ എന്തൊരു നടനാണ് ഫഹദേ എന്ന് ചോദിച്ചുപോകും. അത്രമാത്രം ചെയ്ത് കൂട്ടുന്നുണ്ട് ചിരിക്കുന്ന രത്നവേൽ. ഈ സിനിമയിലൂടെ നല്ല നടന്‍ കൂടിയാവുകയാണ് ഉദയനിധി സ്റ്റാലിന്‍. വൈഗൈ പുയൽ വടിവേലുവിന്റെ മാമന്നനും ഫഹദിന്റെ രത്നവേലും അങ്ങ് തമിര്‍ക്കുമ്പോള്‍ ഇതിനട്ക്ക് ഉദയനിധി പിടിച്ചുനിന്നിട്ടുണ്ടെങ്കില്‍ അദ്ദേഹം നല്ല ഒരു നടനായതുകൊണ്ട് മാത്രമെന്ന് പറയാം. ജനാധിപത്യത്തിന്റെ പുഷ്കലകാലത്ത് താണുവീണ് വണങ്ങുന്ന മന്ത്രിമാര്‍, മുന്നില്‍ ഇരിക്കാന്‍ മടിക്കുന്ന നേതാക്കന്‍മാര്‍, ബഹുമാനവും അതിവിനയവും െകാണ്ട് കസേരയുടെ തുഞ്ചാണിത്തുമ്പത്ത് വന്നിരിക്കുന്നവര്‍, കടന്നുപോകുന്ന വഴിയെ പോലും താണുകേണ് െതാഴുത് നമസ്കരിക്കുന്നവര്‍.. തലൈവര്‍ക്കും തലൈവിക്കും മുന്നില്‍ സ്വന്തം തല കുനിച്ച് കുമ്പിട്ട് നില്‍ക്കുന്നവരുടെ കാഴ്ചകള്‍ തെന്നിന്ത്യയില്‍ ഏറെ പ്രകടമായിരുന്നത് തമിഴ്നാട്ടിലായിരുന്നു. ജയലളിത കാലം ഇതിനുദാഹരണം. അത്രത്തോളമില്ലെങ്കിലും കലൈഞ്ജറോടും നേതാക്കള്‍ ഈ മാതൃക പിന്തുടര്‍ന്നിരുന്നു. അതേ, കലൈഞ്ജറുടെ െകാച്ചുമകനെ െകാണ്ട് തന്നെ ദ്രാവിഡരാഷ്ട്രീയ കച്ചികള്‍ക്കുള്ളിലെ ചിട്ടവട്ടങ്ങളെ, ഒപ്പം തമിഴകത്ത് കൊടികുത്തി വാഴുന്ന അധമമായ ഒരു സംസ്കാരത്തെ പ്രതിക്കൂട്ടില്‍ കയറ്റുന്നു മാരി. അധികമാരും ചര്‍ച്ചയാക്കാതെ പോയ ഇരുപ്പിന്റെ, നില്‍പ്പിന്റെ, ജാതിയുടെ രാഷ്ട്രീയത്തെ മാരി തുറന്നുകാട്ടുന്നു. ഈ സിനിമ കണ്ടിറങ്ങുന്ന ഓരോ നേതാവും അണിയും സാധാരണക്കാരനും ഈ സിനിമ മുന്നോട്ടുവയ്ക്കുന്ന രാഷ്ട്രീയം മനസ്സിലേറ്റുക തന്നെ ചെയ്യും. അതിന് കയ്യടിക്കുകയും ചെയ്യും.

കയ്യില്‍ പന്നിയുടെ മുഖം പച്ചകുത്തുന്ന, പന്നികള്‍ക്ക് ചിറകുവിരിയുന്ന കാലം സ്വപ്നം കാണുന്ന ഉദയനിധിയുടെ അധിവീരൻ. താന്‍ വളര്‍ത്തുന്ന രാജപാളയം നായ്ക്കളെ പോലെ മുതലാളിയോട് കൂറുപുലര്‍ത്തി വാലാട്ടി നില്‍ക്കുന്നവരെ മാത്രം കണ്ട് ശീലിച്ച രത്നവേൽ.മുകളിലിരിക്കുന്നവനെ കുമ്പിട്ടാലും കൂടെയിരിക്കുന്നവനെ കുമ്പിട്ടാലും കീഴെ ഇരിക്കുന്നവനെ കുമ്പിടരുത്. കീഴെ ഇരിക്കുന്നവനെ കുമ്പിട്ടാൽ നീ ചത്തതിനു സമം. ഇതാണ് അയാളുടെ വേദവാക്യം. അങ്ങനെ തുടങ്ങുന്ന വേട്ടപ്പോര്. പന്നിയും വേട്ടനായയും അങ്ങനെ പടത്തില്‍ ഉടനീളം പോരടിക്കുന്നു. ബഹുമാനവും വിനയവും സ്നേഹവും കടപ്പാടും പ്രകടിപ്പിക്കാന്‍ തന്റെ പാര്‍ട്ടിയുടെ മുതല്‍ അമച്ഛറുടെ മുഖം കയ്യില്‍ പച്ചകുത്തിയ മാമന്നന്‍, ഒരുകാലത്ത് മണ്ണ് എന്ന് വിളിക്കപ്പെട്ട മാമന്നന്‍ സിനിമ തീരുമ്പോള്‍ ശരിക്കും മാമന്നന്‍ ആക്കുന്നു മാരി സെല്‍വരാജ്. രാജാക്കന്‍മാരുടെ രാജാവ്.

നിശബ്ദമായി ബുദ്ധനും അംബേദ്ക്കറും വന്നുപോകുന്ന ഫ്രെയിമിലൂടെ പറയാതെ പറയുന്ന കാര്യങ്ങളും സിനിമയില്‍ ഏറെയുണ്ട്. വ്യക്തമായ ജാതി രാഷ്ട്രീയത്തിന്റെ, എന്നാല്‍ നിസ്സാരമെന്ന് കരുതിയിരുന്ന ആരും പറയാത്ത ഏടുകള്‍ തമിഴകരാഷ്ട്രീയത്തിനൊപ്പം ചേര്‍ത്തുകെട്ടി തുറന്നുകാട്ടുന്നു സിനിമ. അതൊക്കെയും കലൈഞ്ജര്‍ മുത്തുവേല്‍ കരുണാനിധിയുടെ കൊച്ചുമകനെ െകാണ്ട്, മുഖ്യമന്ത്രി എം.കെ സ്റ്റാലിന്റെ മകനെ െകാണ്ട്, മന്ത്രിയായ ഉദയനിധി സ്റ്റാലിനെ െകാണ്ട് തന്നെ പറയിപ്പിക്കുന്നു എന്നതും ഈ പടത്തിന്റെ രാഷ്ട്രീയമായി മാറുന്ന കാഴ്ച. അരയ്ക്ക് ചുറ്റിയ തോര്‍ത്തെടുത്ത് തോളിലിട്ട് തലയുയര്‍ത്തി നില്‍ക്കെടാ എന്ന് തമിഴ്മക്കളെ പഠിപ്പിച്ച പെരിയോറിന്റെ രാഷ്ട്രീയകാഴ്ചപ്പാടുകളെ പോലും മറന്ന ദ്രാവിഡ രാഷ്ട്രീയത്തിനുള്ള അടി കൂടിയാകുന്നു ഈ സിനിമ. അതുകൊണ്ട് തന്നെ ചരിത്രത്തില്‍ ചില തിരുത്തലുകള്‍ വരുത്താന്‍ മാത്രം ബലമുള്ള സിനിമയായി മാമന്നന്‍ മാറുന്നു. മാമന്നന് കേരളത്തില്‍ കിട്ടുന്ന കയ്യടികള്‍ കാണുമ്പോള്‍ എന്തേ നമുക്ക് ഇങ്ങനെ ധൈര്യമുള്ള സിനിമകള്‍ ഉണ്ടാകാത്തതെന്ന് പരിതപിക്കേണ്ടിവരും.  സല്ല്യൂട്ട് മാരി സെല്‍വരാജ്, സല്ല്യൂട്ട് ഉദയനിധി സ്റ്റാലിന്‍, സല്ല്യൂട്ട് ഫഹദ് ഫാസില്‍, സല്ല്യൂട്ട് വടിവേലു.