Vivek

അല്ല ആരിത് സിഐഡി ഉണ്ണിക്കൃഷ്ണനിലെ ഉമ്മൻ കോശിയോ? അതോ മിന്നാരത്തിലെ കുതിരവട്ടം പപ്പുവോ? വിനയ് ഫോർട്ടിനെ കണ്ട് മൂക്കത്ത് വിരൽ വച്ച് ചോദിക്കുകയാണ് കണ്ടവരൊക്കെ. പുതിയ ചിത്രമായ ‘രാമചന്ദ്ര ബോസ് ആൻഡ് കോ’ പ്രസ്മീറ്റിന് നിവിൻ പോളിക്കൊപ്പമാണ് തികച്ചും ‘വ്യത്യസ്തനായി’ വിനയ് ഫോർട്ട് എത്തിയത്.

ചാർളി ചാപ്ലിൻ ലുക്കിൽ മീശയും ചുരുണ്ട മുടിയും കൂളിം​ഗ് ​ഗ്ലാസും വച്ച് ചുള്ളൻ ലുക്കിലാണ് വിനയ് ചടങ്ങിൽ എത്തിയത്. ദൃശ്യം പുറത്തുവന്നതോടെ സിനിമാതാരങ്ങൾ ഉൾപ്പെടെ കമന്റുകളുമായി രംഗത്തെത്തി. ട്രോളുകൾകകും കുറവില്ല.  ജഗതിയുടെ ഉമ്മൻകോശി എന്ന കഥാപാത്രത്തോടാണ് ഭൂരിഭാഗം പേരും വിനയ് ഫോർട്ടിന്റെ ലുക്കിനെ ഉപമിച്ചിരിക്കുന്നത്. ‘ലവ്ഡ് ഇറ്റ്. ഉമ്മൻകോശി’ എന്നാണ് അജു വർഗീസ് സോഷ്യൽ മീഡിയയിൽ കമന്റ് ചെയ്തത്. 

'ഇപ്പോഴത്തെ പുള്ളാരുടെ ഓരോരോ പാഷനെ, ബോസ് ആൻഡ് കോ സിനിമക്ക് ഇതിലും വലിയ പ്രൊമോഷൻ കിട്ടാൻ ഇല്ല, ഇതിനപ്പുറത്തുള്ള പ്രൊമോഷൻ സ്വപ്‌നങ്ങളിൽ മാത്രം', എന്നിങ്ങനെ നീളുന്നു കമന്റുകൾ. അടുത്ത ട്രോളിനുള്ള വകയായി, മീം ചെയ്യാനുള്ളതായി എന്നിങ്ങനെയുള്ള കമന്റുകളും വരുന്നുണ്ട്. ദിലീപ് നായകനായി എത്തിയ ഈ പറക്കും തളിക എന്ന സിനിമയിലെ ഒരു രം​ഗവുമായും വിനയ് ഫോർട്ടിന്റെ ലുക്കിനെ താരതമ്യം ചെയ്യുന്നവരുണ്ട്. 

അതേസമയം, തന്റെ പുതിയ ലുക്കിന്റെ കാരണവും വിനയ് ഫോർട്ട് വെളിപ്പെടുത്തി. 'ഇതെന്റെ അടുത്ത പടത്തിന്റെ ഒരു ലുക്കാണ്. അപ്പൻ സിനിമയുടെ സംവിധായകൻ മജുവിന്റേതാണ് ചിത്രം. ആ സിനിമയിൽ ഞാൻ അഭിനയിച്ച് കൊണ്ടിരിക്കയാണ്. വളരെ ഇൻട്രസ്റ്റിം​ഗ് ആയിട്ടുള്ള സിനിമയും കഥാപാത്രവും ആണത്. അതുകൊണ്ട് ഈ കോലം ഞാൻ അങ്ങ് സഹിക്കുക ആണ്. സെപ്റ്റംബർ പകുതിവരെ ഈ കോലത്തിൽ തന്നെ ഞാൻ നടക്കേണ്ടി വരും', എന്നാണ് വിനയ് പറയുന്നത്.