സാമൂഹിക വിഷയങ്ങളില്‍ അഭിപ്രായം പറയുന്നതിന് തന്നെ ആക്രമിക്കുന്നവരുടെ പ്രശ്നം തന്റെ ജാതിയും നിറവും മാത്രമെന്ന് നടന്‍ വിനായകന്‍. മനോരമ ന്യൂസിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് വിനായകന്‍ സൈബര്‍ ലിഞ്ചിങ്ങിനെതിരെ ആഞ്ഞടിച്ചത്. ‘സമൂഹത്തില്‍ എല്ലാവരെയുമല്ല പറയുന്നത്. ഒരു വിഭാഗം ആളുകളെയാണ്. എന്റെ മതമല്ല അവര്‍ക്ക് പ്രശ്നം, ജാതിയാണ്.  ആ വേദന എപ്പോഴും എന്റെ മനസില്‍ ഉണ്ട്’. താന്‍ എന്തുതെറ്റുചെയ്തു എന്ന് അവര്‍ പറയണമെന്നും വിനായകന്‍ തുറന്നടിച്ചു. 

 

സൈബര്‍ അധിക്ഷേപങ്ങളെക്കുറിച്ച് വിനായകന്‍ അഭിമുഖത്തില്‍ പറഞ്ഞതിന്റെ പൂര്‍ണരൂപം

ചോദ്യം : കമ്മട്ടിപ്പാടത്തില്‍ വിനായകന്‍ സംഗീതം നല്‍കിയ പാട്ടുണ്ടല്ലോ. അതില്‍ ഒരു പെയിന്‍ ഉണ്ട്, ജീവിതമുണ്ട്. സ്വയം ഒളിച്ചുവയ്ക്കുന്ന ഒരു വിനായകനുണ്ട്. എങ്ങനെയാണ് ആ പാട്ടില്‍ അത്രയേറെ വേദന ഉള്‍പ്പെട്ടത്?

വിനായകന്‍: പെയിന്‍... ഇന്നും ഇതുവച്ച് എന്നെ ആളുകള്‍ കളിയാക്കിക്കൊണ്ടിരിക്കുകയാണ്. ഇത്രയുംവലിയ വിദ്യാഭ്യാസമുള്ള സമൂഹമാണ്. എന്റെ തൊലിയുടെ നിറത്തെക്കുറിച്ചാണ് പറയുന്നത്. എന്താണ് ഇവര്‍ ചെയ്യുന്നത്? ഞാന്‍ എന്ത്  തെറ്റുചെയ്തു? ഒരു മര്യാദ വേണ്ടേ? ഒരു ശവശരീരം ചുമന്നുകൊണ്ട് ഇങ്ങനെയൊക്കെ നാടകം കാണിക്കണോ? ആ സമൂഹമാണ് എന്നെ ചീത്തപറയുന്നത്. എന്റെ സ്കിന്‍ ആണ്, എന്റെ ജാതിയാണ് അവര്‍ക്ക് പ്രശ്നം. മതമല്ല. ആ പെയിന്‍ എന്റെ മനസില്‍ ഉണ്ട്. ഞാന്‍ ഒരു പച്ചമനുഷ്യനാണ്. നിങ്ങള്‍ ഒന്ന് ആലോചിച്ചുനോക്കൂ. ഞാന്‍ എന്ത് തെറ്റുചെയ്തു? 

ചോദ്യം: മറ്റെല്ലാവരെയും പോലെ അഭിപ്രായങ്ങള്‍ തുറന്നുപറയാന്‍ ഇന്ത്യന്‍ പൗരനെന്ന നിലയില്‍ വിനായകന് അവകാശമുണ്ട്. വിനായകന്‍ ഈ പറഞ്ഞ സ്കിന്‍ കളര്‍, റേസിസം...അതിനപ്പുറത്ത് മറ്റെന്തെങ്കിലും കാരണം കൂടി ഉണ്ടോ?

വിനായകന്‍: ഇല്ല. ഒരിക്കലുമില്ല. അത് മാത്രമേയുള്ളു. അത് മാത്രം.

ചോദ്യം: ഒരുപക്ഷേ വിനായകന്‍ ഉന്നയിച്ച വിമര്‍ശനങ്ങള്‍ തൊലിവെളുപ്പുള്ള ഒരാളാണ് ഉന്നയിക്കുന്നതെങ്കില്‍ ഈ രീതിയിലായിരിക്കില്ല സമൂഹം ഉള്‍ക്കൊള്ളുന്നത് എന്നാണോ പറഞ്ഞുവയ്ക്കുന്നത്?

വിനായകന്‍: സത്യം പൊതുജനങ്ങള്‍ക്കറിയാം. ഞാന്‍ ഒരിക്കലും സമൂഹത്തെ മുഴുവന്‍ ചീത്തപറയാറില്ല. ഒരു കൂട്ടം ആള്‍ക്കാര്‍. എന്നെ കൊന്നിട്ട് എന്താണ് ഇവര്‍ക്ക് നേട്ടം? ഞാന്‍ എന്തുതെറ്റ് ചെയ്തു? നിങ്ങള്‍ ആദ്യം അതുപറ. കേരളത്തിലെ നല്ലൊരുശതമാനം ആളുകള്‍ പൊളിറ്റിക്കലി ടിവി കണ്ടുകൊണ്ടിരിക്കുന്ന മനുഷ്യരാണ്. എത്രനേരം ഇത് നമ്മള്‍ കാണണം? ഞാന്‍ അദ്ദേഹത്തെക്കുറിച്ചൊന്നുമല്ല (ഉമ്മന്‍ചാണ്ടിയുടെ വിലാപയാത്ര) പറഞ്ഞത്, മാധ്യമങ്ങളെക്കുറിച്ചാണ്. അവര്‍ ഒരു മര്യാദ കാണിക്ക്. ഒരു സമൂഹത്തെ വളര്‍ത്തിയെടുക്കേണ്ട വിഭാഗമാണ്. അത് ഞാന്‍ പറഞ്ഞുപോയി. ഇത്രയേ ഉള്ളു. 

ചോദ്യം: അതിനപ്പുറം ഉമ്മന്‍ചാണ്ടി എന്ന ഒരു വ്യക്തിയെക്കുറിച്ച് പറയാന്‍ ഉപയോഗിച്ച ഭാഷ പ്രശ്നമായോ?

വിനായകന്‍: ഒരിക്കലുമില്ല. എന്റെ അച്ഛന്‍ ചത്തു എന്ന് സമൂഹത്തിന് പറയാമെങ്കില്‍ അയാളുടെ അച്ഛന്‍ ചത്തു എന്ന് എനിക്കും പറഞ്ഞുകൂടേ? അപ്പോള്‍ എന്റെ അച്ഛന്‍ ആരാ, ചീത്തയോ? എന്റെ അച്ഛന്‍ ചീത്ത, അല്ലേ. ഇവരുടെ അച്ഛന്‍ ഭയങ്കര...തീപ്പെട്ടു...മരണമടഞ്ഞു... എന്റെ അച്ഛന്‍ മാത്രം ചത്തു. അതെന്താ? എനിക്കും എന്റെ അച്ഛന്‍ ഭയങ്കരമാണ്. എന്റെ അച്ഛനെന്താ...പവറില്ല അത്രമാത്രം. എന്ത് സമൂഹമാണ്. സമൂഹത്തിലെ ഒരു ഗ്രൂപ്പ് ഓഫ് വിഷങ്ങളാണ് ഇത് ചെയ്തുകൊണ്ടിരിക്കുന്നത്. എന്നെ തൊടാന്‍ പറ്റുമെന്ന് ഇവര്‍ക്ക് തോന്നുന്നുണ്ടോ? നടക്കില്ല. 

 

Actor Vinayakan lashes ourt against caste discrimination in Kerala society and social media