മമ്മൂട്ടിയെ കേന്ദ്രകഥാപാത്രമാക്കി റോബി വർഗീസ് രാജ് ഒരുക്കിയ കണ്ണൂർ സ്ക്വാഡ് നിറഞ്ഞ കയ്യടികളോടെ പ്രദർശനം തുടരുന്നതിനിടെ സക്സസ് ടീസര്‍ പുറത്ത്. ജോര്‍ജ് മാര്‍ട്ടിന്‍ എന്ന കഥാപാത്രമായി മമ്മൂട്ടി നിറഞ്ഞാടിയ ചിത്രം ബോക്സോഫീസിൽ റെക്കോഡ് കളക്ഷനാണ് സ്വന്തമാക്കിയിരിക്കുന്നത്. ആഗോള കളക്ഷനില്‍ എഴുപത് കോടി പിന്നിടുന്ന ചിത്രം മൂന്നാം വാരത്തിലാണ് ഇപ്പോള്‍.
സിനിമയുടെ പ്രധാന രംഗങ്ങളിലൊന്നായ തിക്രി വില്ലേജിലെ മാസ് സംഘട്ടന രംഗങ്ങൾ കോർത്തിണക്കിയ ടീസറാണ് അണിയറ പ്രവർത്തകർ റിലീസ് ചെയ്തിരിക്കുന്നത്. സിനിമയ്ക്ക് എല്ലാ പിന്തുണയും നൽകി ഒപ്പം നിന്ന പ്രേക്ഷകർക്ക് നന്ദി അറിയിക്കുന്നുമുണ്ട് അണിയറ പ്രവര്‍ത്തകര്‍. കൂടാതെ മലയാള സിനിമകളെ പിന്തുണയ്ക്കണമെന്നും ടീസറിന്റെ അവസാനം പറയുന്നു.
ലിയോ പുറത്തിറങ്ങുന്നതോടെ മലയാളം സിനിമകള്‍ കൂട്ടത്തോടെ തിയറ്ററില്‍ നിന്ന് മാറ്റിയേക്കുമെന്ന വാര്‍ത്തകള്‍ പുറത്തുവരുന്നതിനിടെയാണ് മമ്മൂട്ടിക്കമ്പനിയുടെ ഈ നീക്കം. മലയാള സിനിമകളെ പിന്തുണയ്ക്കുന്നത് തുടരണമെന്ന വാചകം ഈ ചര്‍ച്ചകള്‍ മുന്നില്‍ കണ്ടാണെന്നാണ് പ്രേക്ഷക പക്ഷം. തമിഴ് സിനിമയുടെ വൈഡ് റിലീസ് നീക്കത്തിനെതിരെ സിനിമാ ഗ്രൂപ്പുകളിലും ചര്‍ച്ചകള്‍ സജീവമാണ്. ഇതിനിടെ, ആര് വന്നാലും കണ്ണൂര്‍ സ്ക്വാഡ് പൂജയ്ക്കും ദീപാവലിക്കും പ്രദര്‍ശിപ്പിക്കുമെന്ന് പ്രഖ്യാപിച്ച് തിയറ്ററുകള്‍ തന്നെ രംഗത്തെത്തുന്നുണ്ട്.