ധ്യാന്‍ ശ്രീനിവാസനെ നായകനാക്കി അനില്‍ ലാല്‍ സംവിധാനം ചെയ്യുന്നു ചിത്രമാണ് ചീന ട്രോഫി. ചിത്രത്തിലെ 'ചൂടാറും നേരം' എന്ന പാട്ടും ശബ്ദവും ആദ്യ കേള്‍വിയില്‍ തന്നെ പ്രേക്ഷകരുടെ ശ്രദ്ധയാകര്‍ഷിക്കും. ഈ പുതുമയുള്ള  ശബ്ദത്തിന്‍റെ ഉടമയും ശ്രദ്ധേയനായ ഒരു വ്യക്തിയാണ്. കാഴ്ചാ പരിമിതിയുള്ള കരുനാഗപ്പള്ളി പുതിയകാവ് സ്വദേശി അഷ്ടമൻ പിള്ളയാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. 

മുപ്പത് വര്‍ഷം നീണ്ട സംഗീത ജീവിതത്തില്‍ അഷ്ഠമന്‍ പിള്ളയ്ക്ക് ലഭിച്ച ഏറ്റവും വലിയ സന്തോഷമാണ് ഇന്നീ പാട്ട്. വര്‍ഷങ്ങളോളം പാടിയും പഠിപ്പിച്ചും ജീവിതം മുന്നോട്ട് പോകവെ കാഴ്ച്ചയുടെ പരിമിതികളെല്ലാം മാഷ് എന്നേ മറന്നുപോയിരുന്നു. ശാസ്ത്രീയ സംഗീതവും ഗാനമേളകളും കച്ചേരികളിലുമെല്ലാം സ്ഥിര സാന്നിധ്യം കൂടിയാണ്  പാലക്കാട്‌ ചിറ്റൂര്‍ ഗവണ്‍മെന്‍റ് കേളജിലെ സംഗീത അധ്യാപകനായ അഷ്ഠമന്‍ പിള്ള. 

സംഗീത ജീവിത്തില്‍ സിനിമയിലേക്ക് ലഭിച്ച ആദ്യ ചുവട് വെയ്പ്പ് ശിഷ്യനും സുഹൃത്തുമായ അനില്‍ ലാലിന്‍റെ ചിത്രത്തിലായതില്‍ മാഷിന് അതിലേറെ സന്തോഷം. പല വേദികളിലും കഴിവ് തെളിയിക്കുമ്പോഴും സിനിമയില്‍ പാടുകയെന്ന മോഹം ബാക്കിയായിരുന്നു. ഇപ്പോള്‍ അതും സാധ്യമായി.

'സിനിമ വലിയൊരു മാധ്യമമാണ്, ഒരു വേദികളിലും ലഭിക്കാത്തത്ര കേൾവിക്കാരിലേക്ക് ആണ് നമ്മുടെ പാട്ട് എത്തുക. നഅതിനാൽ തന്നെ സിനിമയിൽ പാടുക എന്നത് പണ്ടുമുതലുള്ള ആഗ്രഹമായിരുന്നു..അത് സാധിച്ചതിൽ വലിയ സന്തോഷം..ഇനിയും നല്ല അവസരങ്ങളെ കാത്തിരിക്കുകയാണ്'– മാഷ് പറയുന്നു.

പുതുമയുള്ളതും വ്യത്യസ്തവുമായ ഒരു ശബ്ദം തേടിയ  സംഗീത സംവിധായകർക്കും മാഷിനെ തിരഞ്ഞെടുക്കാൻ അധികം ആലോചിക്കേണ്ടി വന്നില്ല. മനോരമ മ്യൂസിക് പുറത്തിറക്കിയ ഗാനം ഇതിനോടകം നിരവധി കാഴ്ചക്കാരെ നേടി. ഗാനത്തിന്റെ റെക്കോർഡിംങ് സെഷൻ ഉൾപ്പെടുത്തി ഒരുക്കിയ മേക്കിങ് വിഡിയോയും അണിയറ പ്രവർത്തകർ പുറത്തു വിട്ടിരുന്നു. സൂരജ് സന്തോഷും വർക്കിയും ചേർന്ന് സംഗീതം നൽകിയ പാട്ടിന് വരികൾ എഴുതിയിരിക്കുന്നത് സംവിധായകൻ അനിൽ ലാലാണ്. 

പരിമിതികളെയെല്ലാം സംഗീതം കൊണ്ട് അതിജീവിച്ച മാഷിന് പിന്തുണയുമായി ഭാര്യ കൃഷ്ണപ്രിയയും മകൾ നിവേദിതയും ഒപ്പമുണ്ട്. ഡിസംബർ എട്ടിന് പുറത്തിറങ്ങുന്ന ചീന ട്രോഫി എന്ന ചിത്രവും പാട്ടും പ്രേക്ഷകർ ഏറ്റെടുക്കുമെന്ന പ്രതീക്ഷയിലാണ് അഷ്‌ഠമൻ മാഷ്.