ടര്‍ക്കിഷ് തര്‍ക്കം തിയറ്ററുകളില്‍ നിന്ന് പിന്‍വലിച്ചതിന് പിന്നാലെയുണ്ടായ വിവാദങ്ങളില്‍ പ്രതികണവുമായി നടന്‍ സണ്ണി വെയ്ന്‍. സിനിമയുമായി ബന്ധപ്പെട്ട് യാതൊരു ഭീഷണിയും തനിക്ക് നേരിടേണ്ടി വന്നിട്ടില്ലെന്നും സിനിമ പിൻവലിക്കുവാനുണ്ടായ സാഹചര്യത്തെ കുറിച്ച് നിർമ്മാതാവിനോട് തിരക്കിയപ്പോൾ കൃത്യമായ ഉത്തരം ലഭിച്ചില്ലെന്നും സണ്ണി വെയന്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു. സിനിമയുമായി ബന്ധപ്പെട്ട് തന്നെയാരും ഭീഷണിപ്പെടുത്തിയിട്ടില്ലെന്ന് നടന്‍ ലുക്മാനും പ്രതികരിച്ചിട്ടുണ്ട്.
സണ്ണി വെയ്ന്‍ ഫെയ്സ്ബുക്കില്‍ പങ്കുവച്ച കുറിപ്പ്:
‘ചെറിയ വേഷത്തിലാണങ്കിലും, ഞാനും കൂടെ ഭാഗമായ ടർക്കിഷ് തർക്കം എന്ന സിനിമയുമായി ബന്ധപ്പെട്ട് യാതൊരു ഭീഷണിയും എനിക്ക് നേരിട്ടിട്ടില്ല എന്ന് ഞാൻ അറിയിക്കുന്നു. സിനിമ പിൻവലിക്കുവാനുണ്ടായ സാഹചര്യത്തെ കുറിച്ച് ഞാൻ നിർമ്മാതാവിനോട് തിരക്കിയപ്പോൾ കൃത്യമായ ഒരുത്തരം എനിക്ക് ലഭിച്ചിരുന്നില്ല. മാത്രവുമല്ല പിൻവലിച്ച വിവരം ഞാൻ അറിയുന്നത് സോഷ്യൽ മീഡിയയിലൂടെയുമാണ്.
എന്തുകൊണ്ടായാലും ഇത്തരത്തിലുള്ള ദൗർഭാഗ്യകരമായ അവസ്ഥകൾ ഒഴിവാക്കപ്പെടേണ്ടതായിരുന്നു. ഇത് മലയാള സിനിമയ്ക്ക് ഒരുതരത്തിലും ഗുണം ചെയ്യില്ലെന്നും മറിച്ച് ദോഷമേ ഉണ്ടാക്കുകയുള്ളൂ എന്നുമാണ് എന്‍റെ എളിയ അഭിപ്രായം. ഇതിന്‍റെ മേലുള്ള അനാവശ്യ ചർച്ചകൾ ഒഴിവാക്കണമെന്നും മലയാളസിനിമ ഒറ്റക്കെട്ടായി മുന്നോട്ടു പോകണമെന്നും ഞാൻ അഭ്യർത്ഥിക്കുന്നു.’
സിനിമ പിന്‍വലിക്കാനുള്ള കാരണത്തെക്കുറിച്ച് ചോദിച്ചപ്പോള്‍, ഉത്തരവാദിത്തപ്പെട്ടവരിൽ നിന്ന് വ്യക്തമായ ഉത്തരം ലഭിച്ചില്ലെന്നു തന്നെയാണ് ലുക്മാനും ഫെയ്സ്ബുക്കില്‍ കുറിച്ചത്. വിവാദത്തിന് പിന്നില്‍ ദുരുദ്ദേശ്യം ഉണ്ടെങ്കില്‍ അന്വേഷിക്കണമെന്നാണ് തന്‍റെ നിലപാടെന്നും ലുക്മാന്‍ വ്യക്തമാക്കിയിരുന്നു.
അതേസമയം, മതനിന്ദ ആരോപിച്ച് 'ടര്‍ക്കിഷ് തര്‍ക്കം' തിയറ്ററില്‍ നിന്ന് പിന്‍വലിച്ചത് പ്രമോഷനുവേണ്ടിയാണെന്ന ആരോപണം ശക്തമാകുകയാണ്. സമൂഹത്തില്‍ ഭിന്നിപ്പ് ഉണ്ടാക്കുന്ന നീക്കം പൊലീസ് അന്വേഷിക്കണമെന്ന് വി.ടി.ബല്‍റാം പ്രതികരിച്ചു. കപടമായ ഇത്തരം നീക്കങ്ങള്‍ തടയണമെന്ന് പി.കെ.ഫിറോസ് ആവശ്യപ്പെട്ടു. സിനിമയ്ക്ക് ശ്രദ്ധകിട്ടാന്‍ മതങ്ങളെ വലിച്ചിഴക്കുന്നതിനെതിരെ സിനിമയുടെ ആദ്യ പിആര്‍ഒയും രംഗത്തെത്തിയിരുന്നു.
സണ്ണി വെയിൻ, ലുക്ക്മാൻ, ഹരിശ്രീ അശോകന്‍ തുടങ്ങിയവർ അഭിനയിച്ച് നവംബര്‍ 22 തിയറ്ററിലെത്തിയ ചിത്രത്തിന്‍റെ പ്രദര്‍ശനം താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുന്നുവെന്ന് ബുധനാഴ്ച എറണാകുളം പ്രസ് ക്ളബില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചത്. മുസ്്ലിം കുടുംബത്തിെല കബറടക്കവും അടിപിടിയും വിവാദവും പൊലീസ് ഇടപെടലും പ്രമേയമായ സിനിമയ്ക്കെതിരെ ചിലര്‍ മതനിന്ദ ആരോപിച്ചുവെന്നാണ് അണിയറപ്രവര്‍ത്തകരുടെ വാദം. സിനിമ വിജയിക്കാത്തതിന് മതങ്ങളെ വലിച്ചിഴച്ച് വ്യക്തിഹത്യനടത്തരുതെന്നാണ് ടര്‍ക്കിഷ് തര്‍ക്കത്തിന്റെ ആദ്യ പിആര്‍ഒ പ്രതീഷ് ശേഖര്‍ പ്രതികരിച്ചത്. വിവാദം പ്രതിഷേധത്തിന് വഴിവച്ചിട്ടും സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ കൂടുതല്‍ പ്രതികരണത്തിന് തയാറായിട്ടില്ല.