2018new

വെള്ളപ്പൊക്കവും, കടൽക്ഷോഭവും, എയർ ലിഫ്റ്റും ഉൾപ്പടെയുള്ള സങ്കീർണമായ രംഗങ്ങളിലൂടെ യഥാർഥ സംഭവകഥ പറഞ്ഞ മലയാള ചലച്ചിത്രമാണ് '2018 എവരിവൺ ഈസ് ഹീറോ'. മികച്ച വിദേശഭാഷാ ചലച്ചിത്രത്തിനുള്ള ഓസ്കർ പുരസ്കാരത്തിനു വേണ്ടി ഇന്ത്യയിൽ നിന്നും പരിഗണിച്ച ചിത്രത്തിൽ കടൽക്ഷോഭവും തിരമാലകളും വരുത്താൻ ഉപയോഗിച്ച ടെക്നിക്ക് വെളിപ്പെടുത്തി സംവിധായകൻ ജൂഡ് ആന്തണി. ഓസ്കറിന്റെ ഔദ്യോഗിക യൂട്യൂബ് ചാനലിലാണ് 2018ന്റെ മേക്കിങ് രഹസ്യങ്ങൾ സംവിധായകൻ വിശദീകരിച്ചത്.

വൈക്കത്തെ 12 ഏക്കർ വരുന്ന പുരയിടം വാടകയ്ക്കെടുത്തായിരുന്നു ചിത്രത്തിനായി സെറ്റിട്ടത്. രണ്ടേക്കർ സ്ഥലത്ത് പണിത വലിയ ടാങ്കിലായിരുന്നു വെള്ളപ്പൊക്കം ചിത്രീകരിച്ചത്. വെള്ളം കയറി വരുന്നത് ചിത്രീകരിക്കാൻ ടാങ്കിലേക്ക് കൂടുതൽ വെള്ളം കയറ്റി വിടാതെ വീടുകളുടെ ഉയരം കുറച്ചുകൊണ്ടാണ് എഫക്ട് സാധ്യമാക്കിയതെന്ന് ജൂഡ് പറയുന്നു.

കടൽക്ഷോഭവും തിരമാലകളും വലിയ പണച്ചെലവില്ലാതെ സൃഷ്ടിച്ചെടുത്തതും 'മലയാളിയുടെ ബുദ്ധി'യാണെന്നും ജൂഡ് പറയുന്നു. പത്തുപതിനഞ്ചുപേർ മുഴുവൻ സമയം വെള്ളത്തിൽ കിടന്ന് ബോട്ടിൽ പ്രത്യേകം ബന്ധിപ്പിച്ചു ചേർത്ത കമ്പികൾ കുലുക്കിയാണ് അത് ചിത്രീകരിച്ചത്.   "ഒരു ബോട്ടിനു ചുറ്റും പത്തു പതിനഞ്ചു പേരെങ്കിലും കുലുക്കാൻ കാണും. ആർട് ഡയറക്ടറും സംവിധാന സഹായികളുമെല്ലാം അതിനായി വെള്ളത്തിലിറങ്ങി," ജൂഡ് വെളിപ്പെടുത്തി. കൂറ്റൻ തിരകളുണ്ടാക്കാൻ ജെ.സി.ബി ഉപയോഗപ്പെടുത്തുകയായിരുന്നു. ആ സീക്വൻസിന്റെ സ്റ്റോറി ബോർഡ് പ്രിന്റൗട്ട് എടുത്ത് സെറ്റിൽ പ്രദർശിപ്പിച്ചു. ഓരോ ഷോട്ടും എടുത്തു തീരുന്നതിന് അനുസരിച്ച് ബോർഡിൽ നിന്ന് ഓരോ ഫോട്ടോയും എടുത്തു നീക്കി. കയ്യടികളോടെയാണ് ഓരോ ഷോട്ടും പൂർത്തിയാക്കിയിരുന്നതെന്നും ജൂഡ് പങ്കുവയ്ക്കുന്നു.

‘‘ഒരു ഫിലിംമേക്കർ എന്ന നിലയിൽ അഭിമാനം തോന്നുന്ന സിനിമയാണ് 2018. അസാധ്യമെന്നു പറയുന്ന പല കാര്യങ്ങളും നേടിയെടുക്കാൻ നമ്മുടെ ഒന്നോ രണ്ടോ സ്റ്റെപ്പു മതിയാകും. അതൊരു പക്ഷേ, ചെറിയൊരു സ്റ്റെപ്പാകും. എന്നാൽ, അതു ചെയ്താൽ, അത് വലിയൊരു സ്റ്റെപ്പായി മാറും. അങ്ങനെ നമ്മൾ പോലും അറിയാതെ വലിയൊരു ലക്ഷ്യം നേടിയെടുക്കാൻ കഴിയും. ഞാനൊരു സാധാരണ ഫിലിംമേക്കറാണ്. സാധാരണഗതിയിൽ സിനിമകൾ കാണുന്ന, സിനിമയിൽ നിന്നു പഠിക്കാൻ ഇഷ്ടമുള്ള ഒരാൾ. ഷോട്ട് ഡിവിഷനൊക്കെ ഞാൻ ഇപ്പോഴും പഠിച്ചു കൊണ്ടിരിക്കുകയാണ്. എന്നെ സംബന്ധിച്ച് 2018 ഒരു കഠിനാധ്വാനത്തിന്റെ ഫലമാണ്. ഞാനിപ്പോഴും സിനിമ പഠിച്ചു കൊണ്ടിരിക്കുകയാണ്. സിനിമ കാണുന്ന, സിനിമ പഠിക്കുന്ന ഏതൊരു സിനിമാപ്രേമിക്കും എത്ര വലിയ സിനിമ വേണമെങ്കിലും ഏതു വലിയ സ്കെയിലിലും ചെയ്യാൻ പറ്റുമെന്നതിന് തെളിവാണ് 2018 എന്ന സിനിമയും ഞാനെന്ന ഫിലിംമേക്കറും.’’– ജൂഡ് പറഞ്ഞു.

നിർമാതാവ് വേണു കുന്നമ്പിള്ളി, പ്രൊഡക്‌ഷൻ ഡിസൈനർ മോഹൻദാസ്, ഛായാഗ്രാഹകൻ അഖിൽ ജോർജ്, എഡിറ്റർ ചമൻ ചാക്കോ എന്നിവരും 2018ന്റെ അനുഭവങ്ങൾ വിഡിയോയിൽ പങ്കുവയ്ക്കുന്നുണ്ട്. ഓസ്കർ പുരസ്കാരത്തിനുള്ള ചുരുക്കപ്പട്ടികയിൽ ചിത്രം ഇടം നേടിയില്ലെങ്കിലും ഇന്ത്യൻ എൻട്രിയായി 2018നെ അക്കാദമി പരിഗണിച്ചിരുന്നു.