legacy

ദുൽഖർ സൽമാനും സഹോദരൻ ഗോകുല്‍ സുരേഷിനുമൊപ്പമുള്ള ചിത്രത്തിനുകീഴെ പരിഹാസ കമന്റുമായി എത്തിയ ആൾക്ക് മറുപടി നൽകി മാധവ് സുരേഷ്. പാരമ്പര്യം എന്ന അർഥം വരുന്ന  ലെഗസി എന്ന അടിക്കുറിപ്പോടെ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ദുല്‍ഖറിനും ഗോകുലിനുമൊപ്പമുള്ള ചിത്രത്തിന് താഴെയാണ് വിമർശന കമന്റ് വന്നത്. ഇത് പാരമ്പര്യമല്ലെന്നും സ്വജനപക്ഷപാതം (നെപ്പോട്ടിസം) ആണെന്നുമായിരുന്നു കമന്റ്. ഇതിന് താഴെയാണ് മാധവ് തന്റെ മറുപടി നൽകിയത്.

‘‘സ്വജനപക്ഷപാതം, മറ്റേതു തൊഴിൽ ഇടങ്ങളിൽ പ്രവർത്തിക്കുന്നതുപോലെ തന്നെ അവസരങ്ങൾ ഉണ്ടാക്കും. നമുക്ക് നോക്കാം’’ എന്നായിരുന്നു മാധവിന്റെ മറുപടി. പരിഹസിക്കാനെത്തിയ ആൾക്ക് ഉചിതമായ മറുപടി നൽകിയ മാധവിന് പിന്തുണയുമായി ഒട്ടേറെപ്പേർ കമന്റ് ചെയ്തു.നേരത്തെ ട്രാൻസ്ജെൻഡർ ആക്ടിവിസ്റ്റ് ശീതൾ ശ്യാമിന്റെ പോസ്റ്റിനു ഗോകുൽ സുരേഷ് നൽകിയ മറുപടിയും വൈറലായിരുന്നു. സുരേഷ്‌ഗോപിയുടെ മകളുടെ വിവാഹത്തിനെത്തിയ നരേന്ദ്രമോദിയെ മോഹൻലാൽ വണങ്ങുന്നതിനു സമീപം മമ്മൂട്ടി കൈകെട്ടി നിൽക്കുന്ന ചിത്രം പങ്കുവച്ചായിരുന്നു ശീതൾ ശ്യാമിന്റെ ഫെയ്സ്ബുക് പോസ്റ്റ്. ‘‘വേറെ ആളെ നോക്ക്’’ എന്നാണ് ശീതൾ ചിത്രത്തിനൊപ്പം കുറിച്ചത്.

‘‘ചില ആളുകൾ ഇങ്ങനെയാണ്, പകുതി വിവരങ്ങൾ മാത്രം വിഴുങ്ങുകയും നെഗറ്റീവ് മാത്രം ഛർദിക്കുകയും ചെയ്യുകയാണ് അവരുടെ ജോലി’’ എന്നാണ് ഗോകുൽ ഇതിനു മറുപടി നൽകിയത്.‘ഒരു മംഗളകർമം നടക്കുന്ന ദിവസവും വിദ്വേഷപ്രചാരണവുമായി എത്തിയ ശീതളിനു ചുട്ട മറുപടി നൽകിയ ഗോകുലിനെ അഭിനന്ദി’ച്ചുകൊണ്ടായിരുന്നു പ്രതികരണങ്ങളേറെയും.