അയോധ്യയിലെ പ്രാണപ്രതിഷ്ഠാ ചടങ്ങിന്‍റെ പശ്ചാത്തലത്തിൽ ഭരണഘടനാ ശിൽപി ഡോ. ബി.ആർ അംബേദ്കറുടെ പ്രസംഗം പങ്കുവച്ച് സിനിമാതാരം ഷെയ്ൻ നിഗം. 'നമ്മുടെ പഴയ ശത്രുക്കൾ പുതിയ രൂപങ്ങളിൽ വരാം എന്ന തലക്കെട്ടോടെയുള്ള പത്രവാര്‍ത്തയാണ് ഷെയ്ന്‍ ഫെയ്സ്ബുക്കില്‍ പങ്കുവെച്ചത്. കരട് ഭരണഘടനയുടെ മൂന്നാം വായനയ്ക്കുശേഷം നടന്ന ചർച്ചകൾ ക്രോഡീകരിച്ചുകൊണ്ട് ബി.ആർ അംബേദ്കർ നടത്തിയ പ്രസംഗത്തിന്റെ ഒരു ഭാഗമാണ് ഷെയ്ൻ പങ്കുവെച്ചത്.
അയോധ്യയിലെ പ്രാണപ്രതിഷ്ഠാ ചടങ്ങുമായി ബന്ധപ്പെട്ട് നിരവധി സിനിമാതാരങ്ങള്‍ അവരുടെ നിലപാട് വ്യക്തമാക്കിയിരുന്നു. സംവിധായകന്‍ ആഷിഖ് അബു, ജിയോ ബേബി, നടിമാരായ പാര്‍വതി തിരുവോത്ത്, റിമ കല്ലിങ്കല്‍ എന്നിവര്‍ ഭരണഘടനയുടെ ആമുഖം സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ പങ്കുവെച്ചിരുന്നു. ഇതിനു പിന്നാലെയാണ് അംബേദ്കറുടെ പ്രസംഗം പങ്കുവച്ച് ഷെയ്ന്‍ നിഗവും രംഗത്തെത്തിയത്.
നമ്മുടെ പഴയ ശത്രുക്കൾ പുതിയ രൂപങ്ങളിൽ വരാം എന്നാണ് പത്രവാര്‍ത്തയുടെ തലക്കെട്ട്. 'ചരിത്രം ആവർത്തിക്കുമോ? അതെന്നെ ഉൽക്കണ്ഠാകുലനാക്കുന്നു. നമ്മുടെ പഴയ ശത്രുക്കൾ പുതിയ രൂപങ്ങളിൽ വരാം. ജാതിയുടെയും വിശ്വാസത്തിന്റേയും അടിസ്ഥാനത്തിൽ വിവിധ രാഷ്ട്രീയ പാർട്ടികൾ രൂപീകരിച്ചിരിക്കുന്നു. അവർ രാഷ്ട്രീയ വിശ്വാസങ്ങളിൽ ഏറ്റുമുട്ടാൻ പോവുന്നു. അവരുടെ വിശ്വാസത്തിനു മുകളിൽ രാഷ്ട്രത്തെ സ്ഥാപിക്കുമോ അതോ രാഷ്ട്രത്തിനു മുകളിൽ അവരുടെ വിശ്വാത്തെ സ്ഥാപിക്കുമോ? എന്നാൽ ഒരു കാര്യം ഞാൻ വ്യക്തമായി പറയാം. നമ്മുടെ രാഷ്ട്രീയപാർട്ടികൾ രാജ്യത്തിന് മുകളിൽ വിശ്വാസത്തെ സ്ഥാപിച്ചാൽ നമ്മുടെ സ്വാതന്ത്ര്യം എന്നെന്നേക്കുമായി നഷ്ടപ്പെടും. ഇത് നമ്മൾ എപ്പോഴും ഓർക്കണം. അവസാന രക്തത്തുള്ളിയും നൽകി സ്വാതന്ത്ര്യത്തെ നാം കാത്തൂസൂക്ഷിക്കണം'- എന്ന അംബേദ്കറുടെ പ്രസംഗംമാണ് ഷെയ്ന്‍ പങ്കുവെച്ചത്.
Actor Shane Nigam Shared Quotes Of BR Ambedkar