mammooty-cinema

2024ലെ ആദ്യ മമ്മൂട്ടി ചിത്രം, പേര് പ്രഖ്യാപിച്ചപ്പോള്‍ മുതല്‍ തുടങ്ങിയ കാത്തിരിപ്പ് , ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ ഒരുങ്ങുന്ന ചിത്രം, ഇന്ത്യന്‍ സിനിമയെത്തന്നെ അമ്പരപ്പിച്ച മമ്മൂട്ടിയുടെ ഗെറ്റപ്പ്, ‘ഭൂതകാല’ത്തിനു ശേഷം രാഹുൽ സദാശിവൻ സംവിധാനം ചെയ്യുന്ന ചിത്രം, അങ്ങനെ കാത്തിരിക്കാന്‍ പല കാരണങ്ങളാണ് ഭ്രമയുഗം ആരാധകര്‍ക്ക് കൊടുത്തത്, ഇപ്പോഴിതാ റിലീസ് തിയറ്ററുകളുടെ എണ്ണത്തിൽ ആഗോളതലത്തില്‍ സർവ്വകാല റെക്കോർഡുമായി ചിത്രം നാളെ എത്തുന്നു. ജിസിസിയിലെ ഏറ്റവും വലിയ മലയാളം റിലീസാണ് ചിത്രം. ട്രൂത്ത് ഗ്ലോബല്‍ ഫിലിംസാണ് മലയാള സിനിമയുടെ ഈ മുന്നേറ്റത്തിന് പിന്നില്‍. ജിസിസി തിയറ്ററുകളുടെ പട്ടിക മമ്മൂട്ടി തന്നെ പുറത്തുവിട്ടുകഴിഞ്ഞു.

 

യുകെ, ജര്‍മനി, അയര്‍ലന്റ്, മാള്‍ട്ട, ഓസ്ട്രിയ, ഫ്രാന്‍സ്, മാല്‍ഡ‍ോവ തുടങ്ങി രാജ്യങ്ങളുടെ പട്ടിക നീണ്ടതാണ്. ഓസ്ട്രേലിയയിൽ മാത്രം 42 തീയറ്ററുകൾ ഇതിനോടകം ചാർട്ട് ചെയ്തു കഴിഞ്ഞു. വമ്പൻ സിനിമകൾ പോലും പരമാവധി ആറോ എഴോ തീയറ്ററുകളിൽ റിലീസ് ചെയ്യുന്ന ന്യൂസീലൻഡിൽ ഇതിനോടകം പതിനേഴു തീയറ്ററുകൾ ചാർട്ട് ചെയ്യപ്പെട്ടു കഴിഞ്ഞത് ന്യൂസീലൻഡിലെ സിനിമ പ്രേക്ഷകരിലും ആവേശം നിറച്ചിട്ടുണ്ട്.

 

കൊച്ചിയും ഒറ്റപ്പാലവുമായിരുന്നു ‘ഭ്രമയുഗ’ത്തിന്റെ പ്രധാന ലൊക്കേഷനുകൾ. അർജുൻ അശോകൻ, സിദ്ധാർഥ് ഭരതൻ, അമൽദ ലിസ് എന്നിവരും ചിത്രത്തിൽ വേഷമിടുന്നു. വൈ നോട്ട് സ്റ്റുഡിയോസും നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസും ആദ്യമായി നിര്‍മിക്കുന്ന മലയാള ചിത്രം കൂടിയാണിത്. ഹൊറർ ത്രില്ലർ സിനിമകൾക്കു മാത്രമായി ആരംഭിച്ചിരിക്കുന്ന പ്രൊ‍ഡക്‌ഷൻ ഹൗസ് ആണ് നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ് . ആന്റോ ജോസഫിന്റെ 'ആൻ മെഗാ മീഡിയ' കേരളത്തിലെ തിയറ്ററുകളിൽ വിതരണത്തിനെത്തിക്കുന്ന ചിത്രത്തിന്റെ ഓവർസീസ് ഡിസ്ട്രിബ്യൂഷൻ ട്രൂത്ത് ഗ്ലോബൽ ഫിലിംസാണ് സ്വന്തമാക്കിയിരിക്കുന്നത്. ഛായാഗ്രഹണം: ഷെഹ്‌നാദ് ജലാൽ, ചിത്രസംയോജനം: ഷഫീഖ് മുഹമ്മദ് അലി, സംഗീതം: ക്രിസ്റ്റോ സേവ്യർ, സംഭാഷണങ്ങൾ: ടി.ഡി. രാമകൃഷ്ണൻ, പ്രൊഡക്‌ഷൻ ഡിസൈനർ: ജോതിഷ് ശങ്കർ, കലാസംവിധാനം: ജ്യോതിഷ് ശങ്കർ