priyadarshan-premalu

പ്രേമലു സിനിമക്ക് അഭിനന്ദനങ്ങളുമായി സംവിധായകന്‍ പ്രിയദര്‍ശന്‍. ഇതാണ് യുവാക്കളുടെ സിനിമയെന്നും നല്ല എന്‍റര്‍ടെയ്​നറാണെന്നും പ്രിയദര്‍ശന്‍ പറഞ്ഞു. ചിത്രത്തിലുള്ളത് വ്യത്യസ്​ത തരത്തിലുള്ള ഹ്യൂമര്‍ ആണെന്നും റിയലിസ്റ്റിക്കാണെന്നും അദ്ദേഹം പറഞ്ഞു. 'ഭയങ്കര ഫ്രെഷായി തോന്നി. എനിക്ക് ആ പയ്യനെ വളരെ ഇഷ്​ടമായി. നസ്‌ലന്‍റെ പ്രകടനം ഗംഭീരമായി. ഒന്ന് കാണണം, അഭിനന്ദിക്കണം. ഇനി പുതിയ ആളുകള്‍ ഇതുപോലത്തെ നല്ല സിനിമ എടുക്കട്ടെ. ഇനി ഞങ്ങള്‍ ഇരുന്ന് കാണും. ഇനി എടുക്കലല്ല ജോലി,' ചിത്രം കണ്ടതിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കവേ പ്രിയദര്‍ശന്‍ പറ​ഞ്ഞു. പ്രേമലുവിന്‍റെ സംവിധായകന്‍ ഗിരീഷ് എഡി പ്രിയദര്‍ശന്‍റെ വിഡിയോ പങ്കുവച്ചിരുന്നു. 

നസ്​ലിന്‍, മമിത എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായ പ്രേമലു നിറഞ്ഞ സദസുകളില്‍ പ്രദര്‍ശനം തുടരുകയാണ്. ഫെബ്രുവരി ഒമ്പതിന് റിലീസ് ചെയ്​ത ചിത്രത്തിന് ആദ്യദിനം മുതല്‍ മികച്ച പ്രതികരണമാണ് ലഭിച്ചത്. തണ്ണീര്‍മത്തന്‍ ദിനങ്ങള്‍, സൂപ്പര്‍ ശരണ്യ എന്നീ ഹിറ്റുകള്‍ക്ക് ശേഷം ഗിരീഷിന്‍റെ സംവിധാനത്തിലൊരുങ്ങിയ ചിത്രം കൂടിയാണ് പ്രേമലു. ഭാവന സ്​റ്റുഡിയോസിന്‍റെ ബാനറില്‌ ഫഹദ് ഫാസില്‍, ദിലീഷ് പോത്തന്‍, ശ്യാം പുഷ്‌കരന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചത്. 

Director Priyadarshan congratulates Premalu movie