trisha-av-raju

തനിക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയ അണ്ണാ ഡി.എം.കെ മുൻനേതാവ് എ.വി. രാജുവിനെതിരെ നിയമ നടപടിയുമായി നടി തൃഷ. നോട്ടീസ് ലഭിച്ച് 24 മണിക്കൂറിനകം പരസ്യമായി ക്ഷമാപണം നടത്തണമെന്നും ഇംഗ്ലീഷ്, തമിഴ് പത്രങ്ങളിലും ചാനലുകളിലും സമൂഹമാധ്യമങ്ങളിലും ക്ഷമാപണം പോസ്റ്റ് ചെയ്യണമെന്നും എ.വി രാജുവിനയച്ച നോട്ടീസില്‍ ആവശ്യപ്പെടുന്നു. മേല്‍പ്പറഞ്ഞ പ്രകാരം ക്ഷമാപണം നടത്താന്‍ തയ്യാറായില്ലെങ്കില്‍ ക്രിമിനല്‍ നടപടി സ്വീകരിക്കുമെന്നുളള മുന്നറിയിപ്പും നോട്ടീസില്‍ നല്‍കിയിട്ടുണ്ട്.

 

ഒരു വാര്‍ത്താ സമ്മേളനത്തില്‍ എ.വി രാജു നടത്തിയ പരാമര്‍ശമാണ് വിവാദമായത്. അണ്ണാ ഡി.എം.കെ എം.എല്‍.എമാരും പാര്‍ട്ടിയുമായി ബന്ധപ്പെട്ട വിഷയത്തില്‍ തൃഷയുടെ പേര് വലിച്ചിഴച്ച് എ.വി രാജു സംസാരിച്ചത് വലിയ ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കുമാണ് വഴിവെച്ചത്. 2017ല്‍ പാര്‍ട്ടിയിലുണ്ടായ ചേരിതിരിവിനെ തുടര്‍ന്ന് കൂവത്തൂരിലെ റിസോര്‍ട്ടിലേക്ക് മാറ്റിയ 100 എംഎല്‍എമാരുടെ വിരുന്നുമായി ബന്ധപ്പെടുത്തിയാണ് തൃഷയുടെ പേര് പരാമര്‍ശിച്ചത്. എംഎൽഎമാരുടെ വിരുന്നിലേക്ക് ഒട്ടേറെ നടിമാരെ എത്തിച്ചിരുന്നെന്ന് പറ‍ഞ്ഞ രാജു  തൃഷയുടെ പേര് പ്രത്യേകം എടുത്ത് പറയുകയായിരുന്നു. കൂടാതെ വിരുന്നുമായി ബന്ധപ്പെടുത്തി തൃഷ 25 ലക്ഷം രൂപ പ്രതിഫലം വാങ്ങിയിരുന്നെന്നും രാജു ആരോപിച്ചു. 

 

രാജുവിന്‍റെ പരാമര്‍ശത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി തൃഷ രംഗത്തെത്തിയിരുന്നു. സമൂഹത്തില്‍ ശ്രദ്ധ പിടിച്ചുപറ്റാന്‍ ഏത് തലത്തിലേക്കും തരംതാഴുന്ന മനുഷ്യരെ കാണുമ്പോള്‍ അറപ്പുളവാകുന്നുവെന്നും എ.വി രാജുവിനെതിരേ നിയമപരമായ നടപടികള്‍ സ്വീകരിക്കുമെന്നുമായിരുന്നു തൃഷയുടെ പ്രതികരണം. വിഷയത്തില്‍ തൃഷയ്ക്ക് പിന്തുണയറിയിച്ച് കൊണ്ട് നടന്‍ വിശാല്‍ മന്‍സൂര്‍ അലി ഖാന്‍ അടക്കമുളളവരും രംഗത്തെത്തി.

 

സംഭവം വിവാദമായതോടെ താന്‍ അങ്ങനെയല്ല പറഞ്ഞതെന്നും , തന്‍റെ വാക്കുകള്‍ വളച്ചൊടിച്ചതാണെന്നുമായിരുന്നു എ.വി രാജുവിന്‍റെ പ്രതികരണം. താന്‍ മനഃപ്പൂര്‍വ്വം  തൃഷയെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചിട്ടില്ലെന്നും ക്ഷമ ചോദിക്കുവെന്നുമായിരുന്നു എ.വി രാജു പറഞ്ഞത്. ഒരു തമിഴ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. എന്നാല്‍ അത്തരം മാപ്പ് പറച്ചിലിന് സമ്മതമല്ലെന്നും ക്ഷമാപണം പ്രസിദ്ധീകരിക്കണമെന്നും, ചാനലിലും സമൂഹമാധ്യമങ്ങളിലും ക്ഷമാപണ വിഡിയോ പോസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ടുകൊണ്ട് നിയമനടപടികള്‍ ആരംഭിച്ചിരിക്കുകയാണ് തൃഷ.

Trisha sends defamation notice to A.V Raju