keshav-01-JPG

‘നാടക സ്റ്റേജില്‍ നിന്ന് ക്യാമറയ്ക്ക് മുന്നിലേക്ക് എത്തുന്നത് ആദ്യമായാണ്. അതിന്‍റെ ചില പ്രയാസങ്ങളുണ്ടായി. പതിയെ അവ മാറ്റിയെടുത്തു’. പറയുന്നത് കേശവ് ബിനോയ് കിരണ്‍. ആദ്യ ഓഡീഷനില്‍ അവസരം, ആദ്യ സിനിമയ്ക്ക് അന്താരാഷ്ട്ര വേദിയില്‍ അംഗീകാരം. ഏതൊരു അഭിനേതാവും കൊതിക്കുന്ന നേട്ടമാണ് ഏറണാകുളം ആലുവ സ്വദേശി കേശവിന്‍റേത്. സുച്ചി തലാതി സംവിധാനം ചെയ്ത 'ഗേല്‍സ് വില്‍ ബി ഗേല്‍സി'ലെ നായകനാണ് ഈ മറുനാടന്‍ മലയാളി. കേശവ് നായകനായ ഗേള്‍സ് വില്‍ ബി ഗേള്‍സ് 2024 ലെ സണ്‍ഡാന്‍സ് ഫിലം ഫെസ്റ്റ്‍െവെല്ലില്‍ ഡ്രാമ വിഭാഗത്തില്‍ മികച്ച ചിത്രമായി തിരഞ്ഞെടുത്തിരുന്നു. 

 

സിനിമയിലേക്ക്

 

ആലുവയില്‍ ജനിച്ച കേശവ് രണ്ടാം ക്ലാസില്‍ പഠിക്കുമ്പോഴാണ് കുടുംബത്തിനൊപ്പം മുംബൈയിലേക്ക് മാറുന്നത്. മുംബൈയിലെ സ്കൂള്‍ പഠന കാലത്തും ജയ്പൂരിലെ കോളേജ് പഠന കാലത്തും അഭിനയ മോഹം കൊണ്ട നാടക ക്ലബ്ബുകളില്‍ സജീവം. 2022 ല്‍ സുഹൃത്ത് അയച്ചു നല്‍കിയ ഓഡീഷന്‍ വിവരത്തില്‍ നിന്നാണ് കരിയറില്‍ തന്നെ മാറ്റമുണ്ടാക്കിയ അവസരമെത്തുന്നത്. 

 

‘ഒഡീഷന് പണം നല്‍കേണ്ടി വരും, തട്ടിപ്പായിരിക്കും എന്നൊക്കെ സുഹൃത്ത് പറഞ്ഞിരുന്നു. എങ്കിലും മുന്നോട്ട് പോയി. ലൈഫ് ഓഫ് പൈ അടക്കമുള്ള ചിത്രങ്ങളുടെ കാസ്റ്റിങ് ഡയറക്ടറായ ദീലിപ് ശങ്കറാണ് നേതൃത്വം നല്‍കുന്നത് എന്നറിഞ്ഞപ്പോള്‍ ആത്മവിശ്വാസമായി’– കേശവ് പറയുന്നു. ഡല്‍ഹിയിലായിരുന്നു ആദ്യ ഓഡിഷന്‍. സംവിധായികയ്ക്കും അണിയറ പ്രവര്‍ത്തകര്‍ക്കും ഇഷ്ടമായതോടെ തിരഞ്ഞെടുത്തപ്പെട്ടു. അഭിനയം പരിചയമുണ്ടെങ്കിലും ക്യാമറയ്ക്ക് മുന്നില്‍ ആദ്യമായതിനാല്‍ ചില പേടിയുണ്ടായിരുന്നു. എന്നാല്‍ വര്‍ക്ക്ഷോപ്പുകള്‍ സഹായമായെന്ന് കേശവ്. 

 

മണിപ്പാല്‍ സര്‍വകലാശലയുടെ ജയ്പൂരില്‍ എന്‍ജിനീയറിങിന് പഠിക്കുമ്പോഴാണ് ചിത്രത്തിലേക്ക് വിളിയെത്തുന്നത്. 2022 ല്‍ ഷൂട്ടിങ് ഷെഡ്യൂള്‍ നിശ്ചയിച്ചപ്പോഴേക്കും ഏഴാം സെമസ്റ്റര്‍ പരീക്ഷയായി. പൊ‍ഡക്ഷന്‍ ടീമും കോളേജ് അധികൃതരും സഹായിച്ചതുകൊണ്ട് രണ്ടും തട്ടില്ലാതെ നടന്നെന്നും കേശവ് പറഞ്ഞു. ഡെറാഡൂണിവും മസൂറിയിലുമായാണ് സിനിമയുടെ ചിത്രീകരണം. 16 കാരിയുടെ ജീവിതവും ലൈംഗികതയും സംഘര്‍ഷങ്ങളുമാണ്' ഗേല്‍സ് വില്‍ ബി ഗേല്‍സ്' പറയുന്നത്. 

 

അന്താരാഷ്ട്ര അവാര്‍ഡുകള്‍

 

സണ്‍ഡാന്‍സ് ചലചിത്ര മേളയില്‍ ഇന്ത്യയില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ഏക ഫീച്ചര്‍ ഫിലമാണ് ഗേള്‍സ് വില്‍ ബി ഗേള്‍ഡ്. ചിത്രത്തെ നായിക പ്രീതിക്ക് പ്രത്യേക ജൂറി പരമാര്‍ശവും ലഭിച്ചിരുന്നു. ചിത്രത്തില്‍ കേശവിനൊപ്പം മലയാളി സാന്നിധ്യമായി നടി കനി കുസൃതിയുമുണ്ടായിരുന്നു. കനി കുസൃതിയില്‍ നിന്ന് ഒരുപാട് പഠിക്കാന്‍ പറ്റിയെന്നും കേശവ് പറഞ്ഞു. ഒഡീഷനുകള്‍ തുടരുകയാണ്. മികച്ച അവസരങ്ങള്‍ കണ്ടെത്തി ചെയ്യണം. അതാണ് ആഗ്രഹമെന്ന് കേശവ് പറഞ്ഞവസാനിപ്പിക്കുന്നു.  

 

മുംബൈയില്‍ താമസമാക്കിയ കേശവിന്‍റെ പിതാവ് ബി. ബിനോയ് മൂവാറ്റുപുഴ സ്വദേശിയാണ്. കവിത ബിനോയ് ആണ് അമ്മ. ഏക സഹോദരി രചന ബിനോയ്.

Kesav Binoy Kiron talks about his debut movie 'Girls Will Be Girls'